'ആ നാസി സല്യൂട്ടുകാരന് എന്തിന് പണം കൊടുക്കണം, നിങ്ങളും അയാൾക്കൊപ്പമാണോ': ലണ്ടനിലുടനീളം മസ്‌കിനെതിരെ പോസ്റ്ററുകൾ
''യുഎസിലെ തീവ്ര വലതുപക്ഷത്തിന് ഇന്ധനം പകരുന്ന എലോൺ മസ്ക്, ഇപ്പോൾ യൂറോപ്പിലും ഇത് തന്നെയാണ് ചെയ്യുന്നത്''
ലണ്ടൻ: ടെസ്‌ല സിഇഒയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) തലവനുമായ എലോൺ മസ്‌കിനെതിരെ ലണ്ടനിലുടനീളം പോസ്റ്ററുകൾ. അദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ളതാണ് പോസ്റ്ററിലെ വാചകങ്ങള്‍.
മസ്‌കിന്റെ തീവ്രവലതുപക്ഷ നിലപാടുകളും ട്രംപിന്റെ സത്യപ്രതിജ്ഞാ ആഘോഷത്തിനിടെ നടന്ന നാസി സല്യൂട്ടുമൊക്കെയാണ് പോസ്റ്ററിൽ വാചകങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത ബ്രിട്ടീഷ് നർമ്മത്തിന്റെ മോഡലുകള്‍ ഉപയോഗിച്ച് ട്യൂബ് സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും ഉൾപ്പെടെ ലണ്ടനിലെ നിരവധി പൊതുഗതാഗത സ്ഥലങ്ങളിൽ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ ടെസ്‌ല, എക്സ് (മുമ്പ് ട്വിറ്റർ) എന്നിവയെയും ഈ പോസ്റ്ററുകൾ ലക്ഷ്യമിടുന്നു. നിങ്ങളുടെ എക്‌സ് അക്കൗണ്ട് അടച്ചുപൂട്ടു എന്നുമൊക്കെ ചില പോസ്റ്ററുകളിലുണ്ട്. ടെസ്‌ലയുടെ ഓഹരികളിലുണ്ടായ ഇടിവും പോസ്റ്ററുകളില്‍ പരിഹസിക്കപ്പെടുന്നു.
'വിദ്വേഷം വില്‍ക്കപ്പെടില്ല, ടെസ്‌ലയോട് ചോദിക്കൂ', എന്നാണ് ഒരു പരിഹാസം. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തെ ഓര്‍മിപ്പിച്ചും മസ്‌കിനെ പരിഹസിക്കുന്നുണ്ട്. ഫാസ്റ്റ് ആന്‍ഡ് 'ഫുറര്‍' (ജർമൻ ഭാഷയിൽ തലവന്‍ എന്നർഥം) എന്നാണ് ഒരു പോസ്റ്ററിലെ വാക്കുകള്‍. ഹിറ്റ്ലറെ അനുയായികൾ അഭിസംബോധന ചെയ്തിരുന്നത് ഫുറർ എന്നായിരുന്നു.
'യുഎസിലെ തീവ്ര വലതുപക്ഷത്തിന് ഇന്ധനം പകരുന്ന എലോൺ മസ്ക്, ഇപ്പോൾ യൂറോപ്പിലും ഇത് തന്നെയാണ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെ നമ്മുടെ രാഷ്ട്രീയത്തിൽ വിഷം കലർത്താൻ അനുവദിക്കാനാവില്ല'- മറ്റൊരു വാചകം ഇങ്ങനെയായിരുന്നു.
മസ്‌കിന്റെ നയങ്ങളിലും കാര്യക്ഷമതാ വകുപ്പിന്റെ പ്രവർത്തനങ്ങളിലും അമേരിക്കയിൽ തന്നെ വിയോജിപ്പുള്ളവർ ഏറെയുണ്ട്. അദ്ദേഹത്തിനെതിരെ യുഎസിൽ പ്രതിഷേധവും അരങ്ങേറിയിരുന്നു. എന്നാൽ ട്രംപിന് ഏറെ പ്രിയപ്പെട്ടവനായതിനാൽ മസ്ക് ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്.