രത്തൻ ടാറ്റയ്ക്ക് പരമോന്നത ബഹുമതി നൽകി ആസ്‌ട്രേലിയയുടെ ആദരം
ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ആസ്‌ട്രേലിയയാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാന് ലഭിച്ചത്
സിഡ്‌നി: ആസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി സ്വന്തമാക്കി ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റ. സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ആസ്‌ട്രേലിയ(എ.ഒ) നൽകിയാണ് ഓസീസ് ആദരം. ഇന്ത്യയ്ക്കും ആസ്‌ട്രേലിയയ്ക്കും ഇടയിലുള്ള വ്യാപാര, നിക്ഷേപ, ജീവകാരുണ്യ മേഖലകളിൽ അർപ്പിച്ച സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
ആസ്‌ട്രേലിയയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണർ ബാരി ഒ ഫാറൽ ആണ് പുരസ്‌കാരം കൈമാറിയത്. 'ഇന്ത്യയിൽ മാത്രം ഒതുങ്ങിയ ബിസിനസ്, വ്യവസായ, ജീവകാരുണ്യ അതികായനല്ല രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ സംഭാവനകൾ ആസ്‌ട്രേലിയയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.'-ബഹുമതി കൈമാറുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ഓസീസ് സ്ഥാനപതി കുറിച്ചു. ഇന്ത്യ-ആസ്‌ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം അർപ്പിച്ച സംഭാവനകൾക്കുള്ള അംഗീകാരമായി എ.ഒ നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1998 മുതൽ ടാറ്റ കൺസൾട്ടൻസി സർവിസസ്(ടി.സി.എസ്) ആസ്‌ട്രേലിയയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ആസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൽ ജോലി ചെയ്യുന്ന ഇന്ത്യൻ കമ്പനിയാണ് ടി.സി.എസ്. 17,000ത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ആരോഗ്യ, തദ്ദേശീയ നേതൃപാടവ വികസനരംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആസ്‌ട്രേലിയൻ എൻ.ജി.ഒകൾക്ക് സൗജന്യ ഐ.ടി സേവനങ്ങളും ടാറ്റ നൽകിവരുന്നുണ്ട്. ഇതിനുപുറമെ 2022ൽ ധാരണയായ ഇന്ത്യ-ആസ്‌ട്രേലിയ സാമ്പത്തിക, വ്യാപാര സഹകരണ കരാറിന്റെ ശക്തനായ വക്താവാണ് രത്തൻ ടാറ്റ.
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ് രത്തൻ ടാറ്റ. ഇന്ത്യയുടെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ 2008ൽ ആദരിച്ചിരുന്നു.
Summary: Ratan Tata has been awarded the Order of Australia (AO) honour, the highest civil honour in the country, for his longstanding commitment to Indo-Australian ties, especially in the areas of trade, investment, and philanthropy