ഒൻപത് മാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങാൻ ഒരുങ്ങി സുനിത വില്യംസ്; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ ?
സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയാൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് നാസയുടെ മുൻ ബഹിരാകാശയാത്രികൻ ലെറോയ് ചിയാവോ ചൂണ്ടിക്കാട്ടുന്നു


ഫ്ലോറിഡ: ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബാരി ബുച്ച് വിൽമോറും ബുധനാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങും. പത്ത് ദിവസത്തിനായി നടത്തിയ ബഹിരാകാശ യാത്രയാണ് വിവിധ സാങ്കേതിക കാരണങ്ങൾ കൊണ്ട് ഒൻപത് മാസം നീണ്ടത്. സ്പേസ് എക്സ് ക്രൂ 10 ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയതായി നാസ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഒൻപത് മാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന സുനിത വില്യംസും ബുച്ച് വിൽമോറും നിരവധി ആരോഗ്യപ്രശ്ങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഗുരുത്വാകർഷണ ബലമില്ലാതിരുന്ന ബഹിരാകാശത്ത് എട്ടുമാസം ചെലവഴിച്ചതുകൊണ്ടുതന്നെ ഭൂമിയിലേക്ക് എത്തുമ്പോൾ ശരീരത്തിന് പൊരുത്തപ്പെടാൻ സമയമെടുത്തേക്കും. ചെറിയ ഭാരം പോലും ഉയർത്താൻ ഇവർ അത്യധികം പ്രയാസപ്പെടേണ്ടി വരും.
സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയാൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് നാസയുടെ മുൻ ബഹിരാകാശയാത്രികൻ ലെറോയ് ചിയാവോ ചൂണ്ടിക്കാട്ടുന്നു.
ബഹിരാകാശത്ത് ശരീരത്തിന് ഭാരം അനുഭവപ്പെടാത്ത അവസ്ഥയായിരുന്നതിനാൽ ഭൂമിയിലെത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ പോലും ആദ്യം മുതൽ പഠിപ്പിച്ചെടുക്കേണ്ടി വരുമെന്നും നിഗമനങ്ങളുണ്ട്. സന്ധികളെയും എല്ലുകളെയും സംരക്ഷിക്കുന്ന കാർട്ടിലേജുകൾക്ക് ദ്രവീകരണം സംഭവിക്കാനും സാധ്യതയുണ്ട്. ബഹിരാകാശത്ത് നീണ്ടകാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ ശരീരത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു.
ബഹിരാകാശ നിലയത്തിൽ ശരീരത്തിന് ഭാരം അനുഭപ്പെട്ടതുകൊണ്ടുതന്നെ ഹൃദയത്തിന്റെ രക്തചംക്രമണവും കുറവായിരിക്കും. എന്നാൽ ഭൂമിയിലെത്തുമ്പോൾ ശരീരചലനങ്ങൾ കൂടുന്നതിനാൽ ഇതിനോട് പൊരുത്തപ്പെടാൻ ഹൃദയത്തിന് സമയമെടുത്തേക്കും. നിലവിൽ പേശികളുടെ ഉപയോഗവും വളരെ പരിമിതമായതിനാൽ ഭൂമിയിൽ എത്തുമ്പോൾ അവ ദുര്ബലമാകുന്ന മസിൽ അട്രോഫി എന്ന അവസ്ഥയും ഉണ്ടാകും.
അതിനുപുറമെ കാഴ്ച ശക്തിയെയും ഇമ്മ്യൂൺ സംവിധാനങ്ങളെയും നീണ്ടകാലത്തെ ബഹിരാകാശ ജീവിതം ബാധിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. കൂടുതൽ വികിരണങ്ങൾ ഏൽക്കുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ക്യാൻസറും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. തലച്ചോറിലെ ദ്രാവകത്തിന്റെ വർദ്ധനവ് കേൾവിക്കുറവ്, സെറിബ്രൽ എഡിമ എന്നിവയിലേക്ക് നയിച്ചേക്കാം.
ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്.