ജപ്പാനിൽ ഒരു മന്ത്രി കൂടി രാജിവച്ചു; ഒരു മാസത്തിനിടെ വീഴുന്ന മൂന്നാം വിക്കറ്റ്
നിരവധി ഫണ്ടിങ് അഴിമതികളുടെ പേരിൽ വിമർശന വിധേയനായ മന്ത്രിയാണ് ടെറാഡ.
ടോക്കിയോ: ജപ്പാനിൽ ഒരു മന്ത്രി കൂടി രാജിവച്ചു. ആഭ്യന്തരകാര്യ മന്ത്രി മിനോരു ടെറാഡയാണ് രാജിവച്ചത്. പ്രധാനമന്ത്രി ഫുമിയോ കിഷിദ ആരോപണവിധേയനായ ഫണ്ടിങ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് രാജി. ഇതോടെ രാജ്യത്ത് ഒരു മാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മിനോരു.
പ്രധാനമന്ത്രി തന്നെ പുറത്താക്കാൻ ഒരുങ്ങുന്നതായുള്ള മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ആഭ്യന്തര മന്ത്രി തെരാഡ, കിഷിദയ്ക്ക് രാജി സമർപ്പിക്കുകയായിരുന്നു. അതേസമയം, റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിക്കാൻ കിഷിദയുടെ ഓഫീസ് തയാറായില്ല. മൂന്നാമത്തെ മന്ത്രിയുടേയും രാജിയെ തുടർന്ന് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കിഷിദ സർക്കാർ.
നിരവധി ഫണ്ടിങ് അഴിമതികളുടെ പേരിൽ വിമർശന വിധേയനായ മന്ത്രിയാണ് ടെറാഡ. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ അധിക ബജറ്റിനെ കുറിച്ചുൾപ്പെടെയുള്ള പാർലമെന്ററി ചർച്ചകൾക്ക് മുൻഗണന നൽകുന്നതിനാണ് ടെറാഡയുടെ രാജി താൻ സ്വീകരിച്ചതെന്ന് കിഷിദ പറഞ്ഞു.
ഒക്‌ടോബർ 24 മുതൽ മൂന്ന് മന്ത്രിമാർ രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ താൻ മാപ്പ് പറയാൻ തയാറാണെന്ന് കിഷിദ പ്രതികരിച്ചു. എനിക്കിതിൽ വലിയ ഉത്തരവാദിത്തമുണ്ട്- കിഷിദ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കു പിന്നാലെ ടെറാഡയുടെ പിൻഗാമിയായി മുൻ വിദേശകാര്യ മന്ത്രിയായ ടകിയാക്കി മത്സുമോട്ടോയെ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, ടെറാഡയുടെ രാജി പ്രധാനമന്ത്രിയെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. കിഷിദയുടെ പിന്തുണ അടുത്തിടെ നടന്ന നിരവധി അഭിപ്രായ വോട്ടെടുപ്പുകളിൽ 30ശതമാനത്തിൽ താഴെയായി തുടരുകയാണ്.
ഇത് കിഷിദയ്ക്ക് തന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. മതഗ്രൂപ്പുമായുള്ള ബന്ധത്തെത്തുടർന്ന് സാമ്പത്തിക പുനരുജ്ജീവന മന്ത്രി ഡെയ്‌ഷിറോ യമഗിവ ഒക്ടോബർ 24നും നീതിന്യായ മന്ത്രി യസുഹിരോ ഹനാഷി നവംബർ മധ്യത്തിലും രാജിവച്ചിരുന്നു.