യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുന്നു; ചര്‍ച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്കി
റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ ആദ്യം വിസമ്മതിച്ചെങ്കിലും കിയവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചർച്ചയ്ക്ക് അയക്കാമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി
യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസിൽ വെച്ച് റഷ്യയുമായി ചർച്ചചെയ്യാമെന്ന് യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു.
റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ ആദ്യം വിസമ്മതിച്ചെങ്കിലും കിയവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചർച്ചയ്ക്ക് അയക്കാമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസവും യുക്രൈന്‍റെ എല്ലാ ദിശകളിലും റഷ്യയുടെ ഷെല്ലാക്രമണം തുടർന്നു. കിയവിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വാസിൽകിവ് സൈനികതാവളത്തിന് നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്.നഗരം മുഴുവൻ റഷ്യൻ സൈന്യം ഇപ്പോഴും വളഞ്ഞിരിക്കുകയാണ്. ഖാർകിവിൽ പൂർണ നിയന്ത്രണം യുക്രേനിയൻ സൈന്യത്തിനാണെന്ന് ഗവർണർ ഒലെഹ് സിനെഹുബോവ് പറഞ്ഞു. 4300 ഓളം സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നു.
റഷ്യയുടെ ആക്രമണത്തിൽ 14 കുട്ടികളുൾപ്പടെ 350ഓളം സാധാരണക്കാരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. 360,000-ത്തിലധികം ആളുകൾ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തതായി യുഎൻ പറയുന്നു.യുദ്ധം തുടർന്നാൽ 7 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുമെന്നാണ് വിലയിരുത്തൽ.ആണവകേന്ദ്രങ്ങളിൽ ആക്രമണമുണ്ടാകാതിരിക്കാൻ സേനയ്ക്ക് റഷ്യ കനത്ത ജാഗ്രതാ നിർദേശമാണ് കൊടുത്തിരിക്കുന്നത്. യൂറോപ്യൻ യൂണിയന്‍റെ വിലക്കിൽ തീരുമാനമാകുന്നത് വരെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് റഷ്യൻ എയർലൈൻ എയ്‌റോഫ്ലോട്ട് അറിയിച്ചു.അമേരിക്കയും ഫ്രാൻസും റഷ്യയിലുള്ള പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി.
ഇന്ന് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും.വംശഹത്യ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് റഷ്യയ്‌ക്കെതിരെ യുഎൻ പരമോന്നത കോടതിയിൽ യുക്രെയ്ൻ കേസ് ആരംഭിച്ചുകഴിഞ്ഞു. റഷ്യയുടെ അധിനിവേശം നിർത്തി നഷ്ടപരിഹാരം നൽകാനും യുക്രൈൻ കോടതിയിൽ ആവശ്യം ഉന്നയിച്ചു.എന്നാൽ, യുക്രൈനിലെ സാധാരണക്കാരെ ഉപദ്രവിക്കുന്നില്ലെന്നും മനുഷ്യകവചമായി അവരെ ഉപയോഗിക്കുന്നത് യുക്രൈനാണെന്നും യുഎൻഎസ്സിയിലെ റഷ്യൻ പ്രതിനിധി പറഞ്ഞു. അതേസമയം,യുഎസ് എയർഫോഴ്സിന്‍റെ കൂടുതൽ വിമാനങ്ങൾ റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ റഷ്യക്കെതിരെ സജ്ജമായി കഴിഞ്ഞു.