'ഇറങ്ങിപ്പോ...'; കമ്പനി മീറ്റിങ്ങിൽ പങ്കെടുത്തില്ല, ഒറ്റ മെസേജിൽ 99 ജീവനക്കാരെ പിരിച്ചുവിട്ട് സിഇഒ
ഒരു മണിക്കൂർ മുമ്പ് കമ്പനിയിൽ ചേർന്ന ഇന്റേണിനെ അടക്കമാണ് പിരിച്ചുവിട്ടത്
വാഷിങ്ടണ്‍: മീറ്റിങ്ങിൽ പങ്കെടുക്കാത്തതിന് 99 ജീവനക്കാരെ പിരിച്ചുവിട്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി സിഇഒ. ടീം കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ സ്ലാക്കില്‍ അയച്ച മെസേജിലാണ് കമ്പനിയിലെ 110 ജീവനക്കാരില്‍ 99 പേരെയും പിരിച്ചുവിട്ടതായി സിഇഒ അറിയിച്ചത്. ഒരു മണിക്കൂർ മുമ്പ് കമ്പനിയിൽ ചേർന്ന ഇന്റേണിന് അടക്കമാണ് ജോലി നഷ്ടമായത്.
സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണിത്. പിരിച്ചുവിടപ്പെട്ട ഇന്റേണ്‍, സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ സിഇഒയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടടക്കം പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്. 'രാവിലത്തെ മീറ്റിങ്ങില്‍ പങ്കെടുക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ഇത് ഔദ്യോഗിക സന്ദേശമായി പരിഗണിക്കുക, നിങ്ങളെല്ലാവരും പിരിച്ചുവിടപ്പെട്ടിരിക്കുന്നു' എന്നാണ് സന്ദേശത്തിലുള്ളത്.
നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. കരാർ പ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു. നിങ്ങള്‍ പങ്കെടുക്കേണ്ട യോഗത്തില്‍നിന്ന് വിട്ടുനിന്നുവെന്നും പിരിച്ചുവിടല്‍ സന്ദേശത്തില്‍ ആരോപിക്കുന്നുണ്ട്. നിങ്ങളുമായുള്ള എല്ലാ കരാറും റദ്ദാക്കും. കമ്പനിയുടേതായി നിങ്ങളുടെ കൈവശമുള്ളതെല്ലാം തിരികെ നൽകണം. എല്ലാ അക്കൗണ്ടുകളും സൈന്‍ ഔട്ട് ചെയ്യണം. സ്ലാക്കില്‍നിന്ന് ഉടന്‍ തന്നെ സ്വയം ഒഴിഞ്ഞുപോകണമെന്നും സിഇഒ പറയുന്നു.
നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കഠിനമായി ജോലി ചെയ്യാനും വളരാനും ഒരു അവസരം തന്നു. അത് നിങ്ങള്‍ ഗൗരവമായി എടുത്തില്ലെന്ന് മനസിലാക്കിത്തന്നുവെന്നും സിഇഒ വ്യക്തമാക്കുന്നുണ്ട്. 110 പേരില്‍ 11 പേര്‍ മാത്രമാണ് മീറ്റിങ്ങിൽ പങ്കെടുത്തത്. അവരൊഴികെ മറ്റെല്ലാവരും പിരിച്ചുവിടപ്പെട്ടിരിക്കുന്നുവെന്നും സിഇഒ പറയുന്നു. 'എന്റെ ബിസിനസില്‍നിന്ന് ഇപ്പോള്‍ ഇറങ്ങി പോകണം' എന്ന് കുറിച്ചാണ് സന്ദേശം അവസാനിപ്പിക്കുന്നത്.