ദരിദ്രരാജ്യങ്ങൾക്കുള്ള ഭക്ഷ്യസഹായം നിര്‍ത്തിവച്ച് അമേരിക്ക; വധശിക്ഷക്ക് തുല്യമെന്ന് ഡബ്ള്യൂഎഫ്‍പി
മുൻകാല സംഭാവനകൾക്ക് അമേരിക്കയ്ക്കും മറ്റ് ദാതാക്കൾക്കും ഏജൻസി നന്ദി പറഞ്ഞു


വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ തുടങ്ങി 14 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന യുഎന്നിന്‍റെ ലോക ഭക്ഷ്യ സഹായ പദ്ധതിക്കുള്ള (വേൾഡ് ഫുഡ് പ്രോഗ്രാം) അടിയന്തര പദ്ധതികൾക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. ഈ വർഷത്തെ ഫണ്ടിൽ 40 ശതമാനം കുറവുണ്ടാകുമെന്ന് ഇതിനകം തന്നെ ആശങ്കയിലായിരുന്ന വേൾഡ് ഫുഡ് പ്രോഗ്രാം അമേരിക്കൻ സഹായം നിർത്തലാക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചതായി വ്യക്തമാക്കി. ഭക്ഷ്യസഹായത്തിന്‍റെ ഏറ്റവും വലിയ ദാതാവായ ഡബ്ള്യൂഎഫ്‍പി തിങ്കളാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുതിയ വെട്ടിക്കുറയ്ക്കലുകൾ പിൻവലിക്കാൻ യുഎസിനോട് അഭ്യർഥിച്ചു.
"കടുത്ത വിശപ്പും പട്ടിണിയും അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് വധശിക്ഷയ്ക്ക് തുല്യമായേക്കാം," ഡബ്ള്യൂഎഫ്‍പി എക്സിൽ കുറിച്ചു. ജീവൻ രക്ഷാ പദ്ധതികൾക്ക് തുടർച്ചയായ പിന്തുണ ആവശ്യപ്പെടുന്നതിനായി ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഏജൻസി ഫോര്‍ ഇന്‍റര്‍നാഷണൽ ഡെവലപ്മെന്‍റ് വ്യക്തമാക്കി. മുൻകാല സംഭാവനകൾക്ക് അമേരിക്കയ്ക്കും മറ്റ് ദാതാക്കൾക്കും ഏജൻസി നന്ദി പറഞ്ഞു. യുഎസ് വിദേശ സഹായത്തിൽ വലിയ വെട്ടിക്കുറവുകൾ വരുത്തുന്നതിൽ നിന്ന് അടിയന്തര ഭക്ഷ്യ പദ്ധതികളെയും മറ്റ് ജീവൻ രക്ഷാ സഹായങ്ങളെയും ഒഴിവാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മറ്റ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും പ്രതിജ്ഞയെടുത്തു. എന്നാൽ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
സിറിയൻ അഭയാർഥികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ലെബനനിലും ജോർദാനിലും യുഎസ് ധനസഹായത്തോടെ നടത്തുന്ന പദ്ധതികൾ നിര്‍ത്തിവയ്ക്കാനുള്ള അറിയിപ്പികളും ഡബ്ള്യൂഎഫ്‍പിക്ക് ലഭിച്ചിട്ടുണ്ട്. സൊമാലിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കൻ രാജ്യമായ സിംബാബ്‌വെ എന്നിവിടങ്ങളിലെ പ്രധാന പദ്ധതികളെയും ബാധിച്ചു. അഫ്ഗാനിസ്ഥാന് നൽകുന്ന മാനുഷിക സഹായത്തിൽ ഏകദേശം 560 മില്യൺ ഡോളർ വെട്ടിക്കുറച്ചതായി നിലവിലുള്ളതും മുൻ യുഎസ്എഐഡി വിദഗ്ധരും പങ്കാളികളും പറഞ്ഞു. ഇതിൽ അടിയന്തര ഭക്ഷ്യസഹായം, ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ചികിത്സ, ജീവൻ രക്ഷാ സഹായം, സുരക്ഷിതമായ കുടിവെള്ളം, ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങളിൽ നിന്ന് അതിജീവിച്ചവർക്കുള്ള അടിയന്തര മാനസികാരോഗ്യ ചികിത്സ എന്നിവ ഉൾപ്പെടുന്നു.