നമസ്‌കാരത്തിനിടയിൽ ഇമാമിന്റെ ചുമലിൽ കയറി പൂച്ച; അൾജീരിയയിൽനിന്നൊരു കൗതുകക്കാഴ്ച
ഇമാമായി നിൽക്കുന്ന ഷെയ്ഖ് വലീദ് മഹ്‌സാസിന്റെ ചുമലിൽ കയറി കുസൃതി കാണിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്
കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാണ്. മുസ്‌ലിം പള്ളിയിൽ നമസ്‌കാരത്തിന് നേതൃത്വം നൽകുന്ന ഇമാമിന്റെ ചുമലിൽ കയറി ഒരു പൂച്ച കളിക്കുന്ന കുസൃതികളാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ വൈറലായിരിക്കുന്നത്. അൾജീരിയയിൽ നിന്നാണ് ഈ വീഡിയോ പുറത്തുവന്നത്. അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിൽ റമദാനിലെ സവിശേഷ നമസ്‌കാരമായ തറാവീഹിന് ഇമാമായി നിൽക്കുന്ന ഷെയ്ഖ് വലീദ് മഹ്‌സാസിന്റെ ചുമലിൽ കയറി കുസൃതി കാണിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
നമസ്‌കാരം നടക്കുന്നതിനിടയിൽ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടിക്കയറുകയായിരുന്നു. ഇമാം അപ്പോൾ പൂച്ചയെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. നമസ്‌കാരം തുടർന്നു. ശേഷം അദ്ദേഹത്തിന്റെ ചുമലിലേക്ക് കയറിയ പൂച്ച പിന്നീട് താഴോട്ടിറങ്ങി. തുടർന്ന് നമസ്‌കരിക്കുന്നവർക്കിടയിലൂടെ നടന്നുപോയി. ഇമാം സാധാരണ പോലെ നമസ്‌കാരം തുടരുകയായിരുന്നു അപ്പോഴും.
അസ്സുഫ്ഹത്തു റസ്മിയ്യ ലിൽഖാരിഅ് വലീദ് മഹ്‌സാസ് എന്ന ഫേസ്ബുക്ക് പേജിൽ ഏപ്രിൽ നാലിനാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചത്. തുടർന്ന് പലരും ഈ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. നമസ്‌കാരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടക്കുന്നുണ്ടായിരുന്നതിനാലാണ് ഈ വീഡിയോ ലഭ്യമായത്. പൂച്ചയോടുള്ള ഇമാമിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് പലരും കമൻറ് ചെയ്തു.
A video of a mischievous cat climbing on the shoulders of Imam Sheikh Waleed Mahsas during the Taraweeh prayer is going viral.