'പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്ഘടനയെ ബാധിക്കും'; ലോകബാങ്ക് പ്രസിഡന്റ് അജയ് ബാംഗ
റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


റിയാദ്: പശ്ചിമേഷ്യൻ സംഘർഷം നീളുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബാംഗ. കോവിഡിനും യുക്രൈൻ യുദ്ധത്തിനും പിന്നാലെ ഇസ്രായേൽ, ഫലസ്തീൻ സംഘർഷവും സമ്പദ്ഘടനയ്ക്ക് വലിയ ആഘാതമായി മാറുമെന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. തർക്കങ്ങളിൽ സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം വെണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ജി 20 ഉച്ചകോടി തീരുമാനങ്ങൾ പശ്ചിമേഷ്യ ഉൾപ്പെടെ ലോകപുരോഗതിക്ക് ഏറെ ഉപകരിക്കുമെന്നും മന്ത്രി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിൽ പറഞ്ഞു.
മുവായിരത്തിലേറെ സി.ഇ.ഒമാർ ഉൾപ്പെടെ ആറായിരത്തിലധികം പേരാണ് റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കുന്നത്. മൂന്ന് ദിനങ്ങളിലായി അഞ്ഞൂറിലേറെ പേർ സൗദിയുടെ സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്ന സുപ്രധാന സമ്മേളനത്തിന്റെ ഭാഗമാകും.
അതേസമയം, ഗസ്സയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. യുദ്ധത്തിന്റെ ആദ്യരണ്ട് ആഴ്ചയിലുണ്ടായതിനേക്കാൾ വലിയ ആക്രമണമാണ് ഇപ്പോൾ ഇസ്രായേൽ ഗസ്സക്കുനേരെ നടത്തുന്നത്. പരമാവധി ആളുകളെ കൊന്നൊടുക്കി യുദ്ധം ജയിക്കാനാണ് ഇസ്രായേൽ ശ്രമം . രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ട 5,087 പേരിൽ രണ്ടായിരത്തിലേറെ പേർ കുട്ടികളാണ്. ഗസ്സയിൽ ഇസ്രായേലിന് ലക്ഷ്യംകൈവരിക്കാനാകുന്ന യുദ്ധപദ്ധതി ഇല്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ജനസാന്ദ്രതയേറിയ ഗസ്സയിൽ ഹമാസ് സങ്കീർണ്ണമായ തുരങ്ക ശൃംഖലകൾ സൃഷ്ടിച്ചിട്ടുണ്ട്. കരയുദ്ധത്തിൽ ഇതിനെ മറികടക്കുക ഇസ്രായേലിന് എളുപ്പമാവില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചു. പുതിയ യുദ്ധതന്ത്രങ്ങൾ മെനയാൻ പെന്റഗൺ മൂന്ന് സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്കയച്ചു.