മൂന്നാംലോകയുദ്ധ മുന്നറിയിപ്പുമായി റഷ്യ; യുക്രൈന് നാറ്റോ അംഗത്വം നൽകരുതെന്ന് ആവശ്യം

നാറ്റോയിൽ പൂർണ അംഗത്വത്തിനായി യുക്രൈൻ നീക്കം നടത്തുന്ന വിവരം ദിവസങ്ങൾക്കുമുൻപ് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെളിപ്പെടുത്തിയിരുന്നു

Update: 2022-10-13 15:06 GMT
Editor : Shaheer | By : Web Desk
Advertising

മോസ്‌കോ: യുക്രൈനെ നാറ്റോ സഖ്യത്തിലെടുത്താൽ അതു മൂന്നാം ലോകമഹായുദ്ധത്തിൽ ആയിരിക്കും കലാശിക്കുകയെന്ന മുന്നറിയിപ്പുമായി റഷ്യ. റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലെക്‌സാണ്ടർ വെനദിക്ടോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാറ്റോയിൽ പൂർണ അംഗത്വമെടുക്കാനുള്ള യുക്രൈൻ നീക്കത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അത്തരമൊരു നീക്കം മൂന്നാം ലോകയുദ്ധത്തിലാണ് കലാശിക്കുക എന്നതിനെക്കുറിച്ച് യുക്രൈന് നല്ല ബോധ്യമുണ്ടെന്ന് വെനദിക്ടോവ് പറഞ്ഞു. നാറ്റോ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ ഒരു പ്രൊപഗണ്ടയുടെ ഭാഗമാണ്. അവർക്ക് അംഗത്വം നൽകിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് അറിയാം. അത്തരമൊരു നടപടി ആത്മഹത്യാപരമാണെന്ന ബോധ്യം നാറ്റോ അംഗരാജ്യങ്ങൾക്കു തന്നെയുണ്ട്. ആണവയുദ്ധമുണ്ടായാൽ അതു റഷ്യയെയും പടിഞ്ഞാറൻ രാജ്യങ്ങളെയും മാത്രമല്ല ബാധിക്കുകയെന്നും പ്രപഞ്ചത്തിലെ മുഴുവൻ രാഷ്ട്രത്തിനും അപകടകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നാറ്റോയിൽ പൂർണ അംഗത്വത്തിനായി യുക്രൈൻ നീക്കം നടത്തുന്ന വിവരം ദിവസങ്ങൾക്കുമുൻപ് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെളിപ്പെടുത്തിയിരുന്നു. മൂന്ന് യുക്രൈൻ പ്രദേശങ്ങൾ റഷ്യയിലേക്ക് ചേർത്ത് വ്‌ളാദിമിർ പുടിൻ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്. പുടിന്റെ ഏറ്റവും അടുത്ത സഹായിയായ റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പാട്രുഷേവിന്റെ ഡെപ്യൂട്ടിയാണ് വെനദിക്ടോവ്.

കിഴക്കൻ മേഖലകളിലേക്ക് നാറ്റോ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ നീക്കത്തിന് പുടിൻ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. മാസങ്ങൾക്കുമുൻപ് യുക്രൈൻ യുദ്ധത്തിലേക്കു നയിച്ചതും ഇതു തന്നെയായിരുന്നു. റഷ്യയുടെ പ്രതിരോധത്തിനായി ആവശ്യമെങ്കിൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary: Russia warns of World War III if Ukraine joins NATO

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News