വിടവാങ്ങി ലോകമുത്തച്ഛൻ ; മരണം 115ാം പിറന്നാളിന് ദിവസങ്ങൾക്ക് മുമ്പ്

മോറയ്ക്ക് മക്കളും കൊച്ചുമക്കളുമായി ഉള്ളത് 82 പേർ

Update: 2024-04-04 14:10 GMT
Editor : ശരത് പി | By : Web Desk
Advertising

വെനസ്വേല: ലോകത്തിലേറ്റവും പ്രായം കൂടിയ പുരുഷൻ 115ാം പിറന്നാളിന്റെ രണ്ട് മാസം മുമ്പ് മരണത്തിന് കീഴടങ്ങി. വെനസ്വേലൻ സ്വദേശിയായ ജുവാൻ വിൻസെന്റേ പെരെസ് മോറയാണ് ആണ് തന്റെ 114ാം വയസിൽ മരണത്തിന് കീഴടങ്ങിയത്. 2022 ഫെബ്രുവരി നാലിനാണ് 112 വയസും  253 ദിവസവും പ്രായമുള്ള മോറയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന ബഹുമതി  നൽകിയത്.

1909 മെയ് 27നായിരുന്നു മോറയുടെ ജനനം.60 വർഷത്തെ വിവാഹജീവിതത്തിനൊടുവിൽ 1997ലാണ് മോറയുടെ ഭാര്യ മരിച്ചത്. മോറയ്ക്ക് 11 മക്കളുണ്ട്, ഈ മക്കൾക്ക് 41 മക്കളും അവരുടെ മക്കൾക്ക് 18 മക്കളും അവരുടെ മക്കൾക്ക് 12 മക്കളുമുണ്ട്.

തന്റെ ആയുർദൈർഘ്യത്തിന് കാരണം കഠിനാധ്വാനവും അവധിദിവസങ്ങളിലെ വിശ്രമവും നേരത്തെയുള്ള ഉറക്കവും ദൈവഭക്തിയുമാണെന്ന് മോറ പറഞ്ഞിരുന്നു. 2020ൽ കൊവിഡ് ബാധിതനായ മോറ ഇതിനെയും അനായാസം അതിജീവിച്ചിരുന്നു.

അഞ്ചാം വയസിലാണ് മോറ തന്റെ പിതാവിനും സഹോദങ്ങൾക്കുമൊപ്പം കാർഷികവൃത്തിയിലേക്കിറങ്ങുന്നത്. കരിമ്പും കാപ്പിയുമായിരുന്നു മോറയുടെ പ്രധാന വിളകൾ.

തുടർന്ന് ഗ്രാമത്തിലെ പൊലീസ് സേനയുടെ തലവനായി ജോലി ലഭിച്ച മോറ കാർഷികവൃത്തിക്കൊപ്പം ഗ്രാമീണരുടെ പ്രശ്‌നങ്ങളും പരിഹരിക്കാൻ തുടങ്ങി. മോറയുടെ മരണത്തിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോ ദുഖം രേഖപ്പെടുത്തിയിരുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ 111 വയസുള്ള യുകെ സ്വദേശി ജോൺ ടിന്നിസ് വുഡ് ആണ്. ലോകത്തിലേറ്റവും പ്രായമുള്ള സ്ത്രീ 117 വയസുള്ള സ്‌പെയിൻ സ്വദേശിയായ ബ്രാൻയാസ് മൊറേറയാണ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News