Quantcast

ഒന്നാകാൻ ഹോണ്ടയും നിസാനും, അതിശയിപ്പിച്ച് ബിഇ 6ഉം സിറോസും; 2024ലെ വാഹന വിശേഷങ്ങൾ

മെച്ചപ്പെട്ട സുരക്ഷയും സൗകര്യങ്ങളുമെല്ലാം ചെറുവാഹനങ്ങളിൽ പോലും ലഭ്യമാകാൻ തുടങ്ങി

MediaOne Logo
ഒന്നാകാൻ ഹോണ്ടയും നിസാനും, അതിശയിപ്പിച്ച് ബിഇ 6ഉം സിറോസും; 2024ലെ വാഹന വിശേഷങ്ങൾ
X

ഇന്ത്യൻ വാഹന വിപണിയിൽ ഒരുപാട് വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. നിരവധി പുതിയ വാഹനങ്ങൾ വിപണിയിലിറങ്ങി. മെച്ചപ്പെട്ട സുരക്ഷയും സൗകര്യങ്ങളുമെല്ലാം ചെറുവാഹനങ്ങളിൽ പോലും ലഭ്യമാകുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രളയത്തിന് കൂടിയാണ് 2024 സാക്ഷ്യം വഹിച്ചത്. നിരവധി മോഡലുകളാണ് വിപണിയെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് വിവിധ കമ്പനികൾ പറുത്തിറക്കിയത്. സാധാരണക്കാർക്കും പ്രാപ്യമാകും വിധം മികച്ച ഗുണനിലവാരമുള്ള ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തി എന്നതും ഏറെ പ്രത്യേകതയാണ്.

ചെറുവാഹനങ്ങളേക്കാൾ വലിയ വാഹനങ്ങൾ വിൽപ്പനയിൽ മുന്നിട്ടുനിന്ന വർഷം കൂടിയാണിത്. ഇന്ത്യക്ക് അത്ര പരിചിതമല്ലാത്ത കൂപ്പെ ഡിസൈനിലുള്ള എസ്‍യുവികളും പുതുമ കൊണ്ടുവന്നു. ആഡംബര വാഹനങ്ങളുടെ വിൽപ്പനയിലും വലിയ കുതിച്ചുചാട്ടമുണ്ടായി. 2025ലും ഈ കുത്തിപ്പ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിരവധി വാഹനങ്ങളാണ് നിരത്തിലേക്ക് ഇറങ്ങാനായി തയാറെടുത്ത് നിൽക്കുന്നത്.

ഇന്ത്യയിൽ 2024ൽ പുറത്തിറങ്ങിയ പ്രധാന വാഹനങ്ങൾ

മഹീന്ദ്ര ഥാർ റോക്സ്

മഹീന്ദ്ര ഥാറിന്റെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് പുറത്തിറക്കിയ വാഹനമാണ് ഥാർ റോക്സ്. മൂന്ന് ഡോറിന് പകരം അഞ്ച് ഡോർ നൽകി എന്നതാണ് പ്രധാന പ്രത്യേകത. ഇതോടെ പിന്നിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് മാറിക്കിട്ടി. 12.99 ലക്ഷം മുതൽ 20.49 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. ഥാറിനെപ്പോലെ ഥാർ റോക്സിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണിക്കൂറിനകം 1.76 ലക്ഷത്തോളം ബുക്കിങ്ങാണ് ലഭിച്ചത്. ഥാർ റോക്സ് വന്നതോടെ ഥാറിന്റെ വില കമ്പനി കുറച്ചിരുന്നു.

ഹോണ്ട ​​അമേസ്

ജാപ്പനീസ് കമ്പനിയായ ഹോണ്ടയുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട മോഡലാണ് അമേസ്. മൂന്നാം തലമുറ വാഹനം ഡിസംബർ നാലിനാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എട്ട് മുതൽ 10.90 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. അഡാസ് അടക്കമുള്ള സുരക്ഷാ സൗകര്യങ്ങളോടെയാണ് വാഹനം അണിയിച്ചൊരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ അഡാസ് ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ വാഹനം കൂടിയാണിത്.

മാരുതി ഡിസയർ

മിക്ക കമ്പനികളും ഇന്ന് എസ്‍യുവിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന് അപവാദമാണ് കോംപാക്ട് സെഡാനുകളായ ഡിസയറും അമേസുമെല്ലാം. ഏറെ മാറ്റങ്ങളോടെയാണ് പുതുതലമുറ ജനറേഷൻ ഡിസയർ വിപണിയിലെത്തിയത്. ​ഗ്ലോബൽ എൻകാപ് ​ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന മാരുതിയുടെ ആദ്യ വാഹനം കൂടിയാണ് ഡിസയർ. 6.79 ലക്ഷം മുതൽ 10.14 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.

മാരുതി സ്വിഫ്റ്റ്

ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറങ്ങിയ വർഷം കൂടിയാണ് 2024. പുതിയ എൻജിനോടെയായിരുന്നു വരവ്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.

കിയ കാർണിവൽ

നാലാം തലമുറ കാർണിവലിനെയാണ് ഈ വർഷം കൊറിയൻ കമ്പനിയായ കിയ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ തന്നെ നേരത്തെയുള്ള മോഡലിനേക്കാൾ ഇരട്ടിയോളം വില വർധിച്ചിട്ടുണ്ട്. 63.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

കിയ സിറോസ്

കിയ ഈ വർഷം ​ഇന്ത്യയിൽ അവതരിപ്പിച്ച പ്രധാന മോഡലാണ് സിറോസ്. നാല് മീറ്ററിന് താഴെയുള്ള ഈ കോംപാക്ട് എസ്‍യുവിയിൽ ആഡംബര കാറുകളെ വെല്ലുന്ന ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്. വാഹനത്തി​െൻറ ബുക്കിങ്​ ജനുവരി മൂന്നിന്​​ ആരംഭിക്കും. ഫെബ്രുവരി ആദ്യം വിൽപ്പന തുടങ്ങും.

സ്കോഡ കൈലാഖ്

ചെക് റിപബ്ലിക്കൻ കമ്പനിയായ സ്കോഡയുടെ നാല് മീറ്ററിന് താഴെ വരുന്ന ഏറ്റവും പുതിയ വാഹനമാണ് കൈലാഖ്. 7.89 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കാസർകോട്ടുകാരനായ മുഹമ്മദ് സിയാദ് നിർദേശിച്ച പേരാണ് കമ്പനി തെരഞ്ഞെടുത്തതെന്നും 2024ലെ വലിയ വാർത്തയായിരുന്നു.

സിട്രോൺ ബസാൾട്ട്

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യയിൽ അവതരിപ്പിച്ച എസ്‍യുവി കൂപ്പെയാണ് ബസാൾട്ട്. എട്ട് ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്​ ഷോറൂം വില ആരംഭിക്കുന്നത്.

ഹ്യുണ്ടായ് ക്രെറ്റ

മിഡ് സൈസ് എസ്‍യുവികളിൽ എന്നും മുൻപന്തിയിലുള്ള വാഹനമാണ് ഹ്യുണ്ടായ് ക്രെറ്റ. പുതിയ എക്സ്റ്റീരിയർ-ഇന്റീരിയർ ഡിസൈനോട് കൂടിയാണ് മൂന്നാം തലമുറ വാഹനം 2024ന്റെ തുടക്കത്തിൽ വിപണിയിലെത്തുന്നത്. 11 ലക്ഷം മുതൽ 20.30 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

ടൊയോട്ട കാമ്രി

ജാപ്പനീസ് കമ്പനിയായ ടൊയോട്ടയുടെ ഈ വർഷത്തെ പ്രധാന ലോഞ്ചായിരുന്നു കാമ്രി. 48 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 2023ൽ ആഗോള വിപണിയിലെത്തിയ വാഹനമാണ് വൈകി ഇന്ത്യയിൽ അവതരിപ്പിച്ചത്.

ടൊയോട്ട ടൈസർ

മാരുതി ​ഫ്രോങ്ക്സിന്റെ റീബാഡ്ജ്സ് പതിപ്പാണ് ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ. 2024 മെയ് മുതലാണ് ഇതിന്റെ വിൽപ്പന തുടങ്ങിയത്. 7.7 ലക്ഷം മുതൽ 11.48 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.

ടാറ്റ കർവ്

ടാറ്റയുടെ കൂപ്പെ ഡിസൈനിലുള്ള എസ്‍യുവിയാണ് കർവ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് പുറമെ ഇലക്ട്രിക് വാഹനവും ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. 9.99 ലക്ഷം മുതൽ 19 ലക്ഷം വരെയാണ് പെട്രോൾ-ഡീസൽ വാഹനങ്ങളുടെ എക്സ്ഷോറൂം വില. 17.49 മുതൽ 21.99 ലക്ഷം വരെയാണ് ഇലക്ട്രിക്കിന്റെ വില. 502 മുതൽ 585 കിലോമീറ്റർ വരെയാണ് പരമാവധി റേഞ്ച്.

2024ലെ പ്രധാന ഇലക്ട്രിക് കാറുകൾ

മഹീന്ദ്ര ബിഇ 6 & എക്സ്ഇവി 9ഇ

ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ഈ വർഷം ​ഏവരെയും ഞെട്ടിച്ചുകൊണ്ട് അവതരിപ്പിച്ച ഇലക്ട്രിക് വാഹനങ്ങളാണ് ബി 6ഉം എക്സ്ഇവി 9ഇയും. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലട്രിക് പ്ലാറ്റ്ഫോമായ ഇൻ​ഗ്ലോയിലാണ് ഈ രണ്ട് വാഹനങ്ങളും നിർമിച്ചിട്ടുള്ളത്. രണ്ട് വണ്ടികളിലും 59 kwh, 79 kwh ബാറ്ററികളാണുള്ളത്. 535 മുതൽ 682 കിലോമീറ്റർ വരെ വിവിധ മേഡലുകളിൽ പരമാവധി റേഞ്ച് ലഭിക്കും. ബിഇ 6ന് 18.90 ലക്ഷം മുതലും എക്സ്ഇവി 9ഇയുടേത് 21.90 ലക്ഷം രൂപ മുതലുമാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഇന്റീരിയറിലെയും എക്സ്റ്റീരിയറിലെയും ഡിസൈനും ഫീച്ചറുകളുമെല്ലാം മറ്റു വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കുന്നതാണ്.

ടാറ്റ നെക്സോൺ ഇവി

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ​ടാറ്റയുടെ നെക്സോൺ ഇവി. ഇതിന്റെ പരിഷ്കരിച്ച മോഡൽ ഈ വർഷം സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. 13.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. 489 കിലോമീറ്റർ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്.

ടാറ്റ പഞ്ച് ഇവി

2024ന്റെ തുടക്കത്തിലാണ് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങുന്നത്. 25 kwh, 35 kwh എന്നീ ബാറ്ററികളിൽനിന്നായി 315 മുതൽ 421 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 10.99 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

ബിവൈഡി ഇമാക്സ് 7

ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച പ്രധാന മോഡലാണ് ‘ഇമാക്സ് 7’. 26.90 ലക്ഷം മുതൽ 29.90 ലക്ഷം വരെയാണ് ഇതിന്റെ എക്സ് ഷോറൂം വില വരുന്നത്. 420, 530 കിലോമീറ്റർ എന്നിങ്ങനെയാണ് രണ്ട് ബാറ്ററി പാക്കുകളിൽനിന്നായി ലഭിക്കുന്ന ​പരമാവധി റേഞ്ച്.

ബിവൈഡി സീൽ

ഈ വർഷം ബിവൈഡി പുറത്തിറക്കിയ ആഡംബര ഇലക്​ട്രിക് സെഡാനാണ് സീൽ. 41 ലക്ഷം മുതൽ 53 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. 650 കിലോമീറ്ററാണ് പരമവാധി റേഞ്ച്. 15 മിനിറ്റ് ചാർജ് ചെയ്താൽ 200 കിലോമീറ്റർ സഞ്ചരിക്കാനാകും.

എംജി വിൻഡ്സർ

ഈ വർഷം ഏറെ ആഘോഷമാക്കിയ ഇലക്ട്രിക് വാഹന ലോഞ്ചായിരുന്നു എംജി വിൻഡ്സറി​ന്റേത്. വ്യത്യസ്ത രൂപവും അതിമനോഹരമായ ഇന്റീരിയറുമെല്ലാം വാഹനത്തെ വേറിട്ടുനിർത്തുന്നു. 13.50 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ഒറ്റച്ചാർജിൽ 331 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.

ഹോണ്ടയും നിസാനും ഒരുമിക്കുമ്പോൾ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും ഒരുമിക്കാൻ പോകുന്നുവെന്നതായിരുന്നു വാഹന ലോകത്തെ പ്രധാന വിശേഷങ്ങളിലൊന്ന്. ഇതുസംബന്ധിച്ച് ഡിസംബർ 23ന് ഇരുകമ്പനികളും ധാരാണാപത്രത്തിൽ ഒപ്പുവെച്ചു. ഇതുകൂടാതെ മിറ്റ്സുബിഷിയും ഇവരോടൊപ്പം ചേരും. ഇലക്ട്രിക് വാഹന മേഖലയിൽ എതിരാളികളിൽനിന്ന് കനത്ത മത്സരം നേരിടുന്നതിനാലാണ് ഈ കമ്പനികൾ ഒരുമിക്കാൻ തീരുമാനിച്ചത്. ലയനം പൂർത്തിയായാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി മാറും ഇവർ.

25 വർഷം പിന്നിട്ട് വാഗൺ ആർ

ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നായ മാരുതി സുസുക്കി വാഗൺ ആറിന് 25 വയസ്സായ വർഷം കൂടിയാണ് 2024. 1999 ഡിസംബർ 18നാണ് ആദ്യമായി വാഹനം വിപണി​യിലെത്തുന്നത്. ഇത്രയും കാലത്തിനിടെ 32 ലക്ഷം കാറുകളാണ് വിറ്റത്. കൂടാതെ വിവിധ രാജ്യങ്ങളി​ലേക്ക് കയറ്റുമതി ചെയ്യുകയുമുണ്ടായി. മൂന്നാം തലമുറ വാഹനമാണ് നിലവിൽ വിപണിയിലുള്ളത്.

പ്രിയം കൂടി ആഡംബര കാറുകൾ

ആഡംബര കാറുകളുടെ വിൽപ്പനയിൽ കാര്യമായി വളർച്ചയുണ്ടായ വർഷം കൂടിയാണ് 2024. 50 ലക്ഷത്തിന് മുകളിൽ വിലയുള്ള കാർ ഓരോ പത്തു മിനിറ്റിലും വിൽക്കുന്നതായാണ് കണക്ക്. കൂടാതെ ഇവയുടെ എണ്ണം ഒരു വർഷത്തിനിടെ ആദ്യമായി 50,000 പിന്നിട്ടിരിക്കുന്നു. നിരവധി പുതിയ മോഡലുകൾ വിവിധ കമ്പനികൾ 2024ൽ ഇറക്കുകയുണ്ടായി.

ആഡംബര കാറുകൾക്ക് നിലവിൽ ഇന്ത്യയിൽ ഒരു ശതമാനം വിപണി വിഹിതമുണ്ട്. മുൻനിര സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതൽ അല്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളിലൊന്നായതിനാൽ വളർച്ച സാധ്യത കൂടുതലാണെന്നാണ് വ്യവസായ വിദഗ്‌ധർ പറയുന്നത്.

കുതിച്ചുയർന്ന് ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന

ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന അനുദിനം കുതിച്ചുയരുന്ന കാഴ്ചയാണ്. നവംബർ 11 എത്തിയപ്പോഴേക്കും 10 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്. ആദ്യമായാണ് ഒരു വർഷത്തിനിടെ ഇത്രയുമധികം വിൽപ്പനയുണ്ടാകുന്നത്. 37 ശതമാനവുമായി ഒല ഇലക്ട്രിക്കാണ് ഒന്നാം സ്ഥാനത്ത്. ടിവിഎസ് (19 ശതമാനം), ബജാജ് (16 ശതമാനം), ഏഥർ (10.72 ശതമാനം) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളത്. വിവിധ കമ്പനികൾ നിരവധി മോഡലുകൾ ഈ വർഷം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, വിൽപ്പനയിൽ മുന്നിലാണെങ്കിലും ഒലയുടെ സർവീസിനെതിരെ വലിയ പരാതികൾ ഉയർന്ന വർഷം കൂടിയാണിത്.

TAGS :

Next Story