Quantcast

ആഥർ എനർജി ഗ്രിഡുകളിൽ സൗജന്യ ചാർജിങ് 2022 ജൂൺ 30 വരെ നീട്ടി

നേരത്തെ 2021 ഡിസംബർ 31 വരെയായിരുന്നു സൗജന്യ ചാർജിങിന് അവസരം നൽകിയിരുന്നത്

MediaOne Logo

Web Desk

  • Published:

    21 Dec 2021 12:09 PM GMT

ആഥർ എനർജി ഗ്രിഡുകളിൽ സൗജന്യ ചാർജിങ് 2022 ജൂൺ 30 വരെ നീട്ടി
X

ആഥർ എനർജി ഗ്രിഡുകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് സൗജന്യ ചാർജിങ് സൗകര്യം നൽകുന്നത് 2022 ജൂൺ 30 വരെ നീട്ടി. നേരത്തെ 2021 ഡിസംബർ 31 വരെയായിരുന്നു സൗജന്യ ചാർജിങിന് അവസരം നൽകിയിരുന്നത്. രാജ്യത്തെ പ്രധാന ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ആഥറിന്റെ 215 എനർജി ഗ്രിഡുകൾ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മുംബൈ, കൊൽക്കത്ത, ഡൽഹി, ബംഗളൂരു, ചെന്നൈ എന്നീ 21 നഗരങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്. 2021 ഡിസംബർ 31 ന് ശേഷം ചാർജ് ചെയ്യാൻ ആഥർ ആപ്പ് വഴി നാമമാത്ര ഫീ നൽകണമെന്ന് കമ്പനി പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം മാറ്റിയതായി ട്വിറ്റർ വഴിയാണ് കമ്പനി അറിയിപ്പ് നൽകിയത്.

ദീപാവലിയോടനുബന്ധിച്ച് ആഥർ ഇ-സ്‌കൂട്ടറിൽ ആറു മാസത്തേക്ക് സൗജന്യ കണക്ടിവിറ്റി നൽകുമെന്ന് കോ ഫൗണ്ടറും സി.ഇ.ഒയുമായ തരുൺ മേത്ത നേരത്തെ അറിയിച്ചിരുന്നു. 2021 നവംബർ 15 മുതൽ 2022 മേയ് 15 വരെ ആഥർ കണക്ട് പ്രോ സബ്സ്‌ക്രിപ്ഷൻ പാക്ക് പ്രകാരമുള്ള എല്ലാ ഫീച്ചറുകളും നിലവിലുള്ളവരും പുതിയവരുമായ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ആഥർ 450 എക്സ്, 450 പ്ലസ്, 450 എന്നീ മോഡലുകൾ ഉപയോഗിക്കുന്നവർക്കാണ് ആനുകൂല്യമെന്നും പറഞ്ഞു. കണക്ട് ലൈറ്റ്, പ്രോ കണക്ടിവിറ്റി ഉണ്ടെങ്കിൽ പ്രോ റാറ്റ അടിസ്ഥാനത്തിൽ പണം തിരികെ നൽകുമെന്നും അറിയിച്ചിരുന്നു. ആഥർ ഇ സ്‌കൂട്ടറിൽ ഉപയോഗിക്കുന്ന യൂസർ ഇൻറഫേസായ ആഥർ കണക്ട് റീഡിസൈൻ ചെയ്യുമെന്ന പ്രഖ്യാപനവും തരുൺ മേത്ത നടത്തിയിരുന്നു.

റൂട്ട് പ്ലാനിങ്, നാവിഗേഷൻ, ചാർജിങ്, സർവീസിങ്, കസ്റ്റമൈസേഷൻ തുടങ്ങീ ആഥർ കണക്ടിലെ എല്ലാ സേവനങ്ങളും തടസ്സരഹിതമാക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും തരുൺ മേത്ത അന്ന് അറിയിച്ചു. യൂസർ ഇൻറഫേസ് നവീകരിക്കുമ്പോൾ ഗുണമേന്മ മെച്ചപ്പെടുത്തുകയും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഥർ രാജ്യത്തെ ഒന്നാംകിട ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളാണ്. ആഥർ 450 എക്സ്, 450 പ്ലസ് എന്നീ മോഡലുകളാണ് ഇവർ ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. 450 മോഡലിൽ വരുംവർഷങ്ങളിൽ കൂടുതൽ മാറ്റം വരുത്തി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവിൽ ഹൊസൂരിൽ രണ്ടാമത് നിർമാണ കേന്ദ്രം കമ്പനി ആരംഭിച്ചിട്ടുണ്ട്. നാലു ലക്ഷം യൂണിറ്റ് നിർമാണം നടത്താൻ ഇതുവഴി കഴിയുമെന്നാണ് ആഥർ കരുതുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിർമാണ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാൻ കമ്പനി 650 കോടി നിക്ഷേപിക്കുന്നുണ്ട്.

TAGS :

Next Story