ആസ്റ്റർ എന്ന് അവതരിപ്പിക്കും?, ഉത്തരവുമായി എം.ജി
ഇവി മോഡലായ ഇസഡ്.എസിന്റെ പെട്രോൾ പവർ പതിപ്പാണ് ആസ്റ്റർ
മിനി എസ്.യു.വിയായ എം.ജി ആസ്റ്റർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15നാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുക. ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നിർമാണം പൂർത്തിയായ വാഹനം അവതരിപ്പിക്കുന്നത്. ഇവി മോഡലായ ഇസഡ്.എസിന്റെ പെട്രോൾ പവർ പതിപ്പാണ് ആസ്റ്റർ.
ഹെക്ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസ്റ്റർ സ്ഥാനം പിടിക്കുക. 4.3 മീറ്റർ നീളമുള്ള ആസ്റ്റർ, ഹെക്ടറിനേക്കാൾ (4.6 മീറ്റർ ദൈർഘ്യം) വലുപ്പത്തിൽ ചെറുതായിരിക്കും. നിലവിലെ സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്റ്ററിന്റെ പ്രധാന എതിരാളി. ഇവി മോഡലിനെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളും വാഹനത്തിന് ഉണ്ടാകും.
രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. ആസ്റ്ററിൽ വ്യക്തിഗത എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റ് ഉണ്ടായിരിക്കുമെന്ന് എം.ജി നേരത്തേ അറിയിച്ചിരുന്നു. ഇതോടൊപ്പം ലെവൽ ടു അഡാസ് സംവിധാനവും ഉൾപ്പെടുത്തും. ഇവ രണ്ടും സെഗ്മെൻറ്-ഫസ്റ്റ് ഫീച്ചറുകളായിരിക്കും. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്ത വ്യക്തിഗത എ.ഐ അസിസ്റ്റന്റുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്റ്റർ.
മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറായിരിക്കും ആസ്റ്റർ.
വാഹനത്തിന് 10-16 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ആസ്റ്റർ എസ്‌യുവി 120 എച്ച്പി, 150 എൻഎം, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വിപണിയിൽ എത്തുക. കൂടാതെ, 163 എച്ച്പി, 230 എൻഎം, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഉണ്ടാകും.
Adjust Story Font
16