അഭ്യാസം കാണിക്കാനും തങ്ങളുടെ സ്‌കൂട്ടർ റെഡിയാണ്; വീഡിയോ പങ്കുവച്ച് ഒല സിഇഒ
അടുത്ത ആഴ്ച മുതൽ ടെസ്റ്റ് ഡ്രൈവ് ആരംഭിക്കുമെന്നും ഉടൻ ഡെലിവറി തുടങ്ങുമെന്നും അഗർവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സെക്കന്റുകൾക്കകം വേഗം മൂന്നക്കം കടക്കുമെന്ന് മാത്രമല്ല. അഭ്യാസം കാണിക്കാനും തങ്ങളുടെ സ്‌കൂട്ടർ റെഡിയാണെന്ന് ഒല. ബൈക്കുകളിൽ മാത്രം ചെയ്യാവുന്ന അഭ്യാങ്ങൾ ഒലയുടെ സ്‌കൂട്ടറിൽ ചെയ്യുന്ന വീഡിയോ ആണ് ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.
വേഗം കുറഞ്ഞ കയറ്റം പോലും കയറാൻ കഷ്ടപ്പെടുന്ന വാഹനങ്ങളെന്നായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഇതുവരെയുണ്ടായിരുന്ന ചീത്തപ്പേര്. എന്നാൽ ഇതിനെ തിരുത്തിക്കുറിക്കുകയാണ് ഒല. അടുത്ത ആഴ്ച മുതൽ ടെസ്റ്റ് ഡ്രൈവ് ആരംഭിക്കുമെന്നും ഉടൻ ഡെലിവറി തുടങ്ങുമെന്നും അഗർവാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Having some fun with the scooter!
— Bhavish Aggarwal (@bhash) November 7, 2021
Test rides begin in the coming week and first deliveries begin soon after 👍🏼 pic.twitter.com/9YVFHpLwZw
എസ് വൺ, എസ് വൺ പ്രോ എന്നീ വേരിയന്റുകളിലായി ഓഗസ്റ്റ് 15 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വണ്ണിന്റെ അടിസ്ഥാന വില 99,999 രൂപയും എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ച് 48 മണിക്കൂറിൽ ഒരു ലക്ഷം ബുക്കിങ്ങുകൾ ലഭിച്ച് ഒല ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട് വിൽപ്പനയിലും സമാനമായ റെക്കോർഡ് സൃഷ്ടിക്കാൻ ഒലയ്ക്കായി. രണ്ട് ദിവസത്തെ വിൽപ്പനയിലൂടെ 1100 കോടി രൂപയാണ് ഒല നേടിയത്.
8.5 കിലോവാട്ട് പവറും 58 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റുകളുടെയുെ എൻജിൻ. എസ് വണ്ണിൽ 2.98 kwh ബാറ്ററി പാക്കും എസ് വൺ പ്രോയിൽ 3.97 kwh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ് വൺ പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ് വൺ 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കും. ഫാസ്റ്റ് ചാർജർ വഴി 18 മിനിറ്റിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയും. ഫുൾ ചാർജ് ആവാൻ എസ് വൺ 4.48 മണിക്കൂറും എസ് വൺ പ്രോ 6.30 മണിക്കൂറുമെടുക്കും.
Adjust Story Font
16