രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വി കാർ; എട്ട് വർഷത്തെ ബാറ്ററി വാറന്റി, പ്രത്യേകതകൾ ഇങ്ങനെ..
ഓഗസ്റ്റ് 31 ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കും
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായി തിഗോർ ഇ.വി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. നെക്‌സൺ ഇ.വിയിൽ പ്രവർത്തിക്കുന്ന സിപ്‌ട്രോൺ പവർട്രെയിനാണ് തിഗോറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഇ.വി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇ.വി നിരത്തിലിറക്കുന്നത്.
ഇൻറീരിയർ രൂപകൽപ്പനയിൽ ചില ബ്ലൂ ആക്സൻറുകൾ ഒഴിച്ചുനിർത്തിയാൽ പരമ്പരാഗത തിഗോറിന് തുല്യമാണ് ഇ.വി പതിപ്പും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിങ് ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ് എന്നിവയും സുരക്ഷക്കായി ടിഗോറിൽ ഒരുക്കിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്.
സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ തിഗോറിന്റെ കൃത്യമായ റേഞ്ച് കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. തിഗോർ ഇ.വി 60 മിനിറ്റിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ് ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്റെ പ്രത്യേകതയാണ്. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇ.വിയുടെ വില 13.99-16.85 ലക്ഷം രൂപയാണ്. സാധാരണ തിഗോർ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന് രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറിന്റെ വിലയെന്നാണ് സൂചന. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വിയാകും തിഗോർ എന്നാണ് സൂചന.
നെക്‌സൺ vs തിഗോർ
നെക്സണിൽ, സിപ്‌ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഉപയോഗിക്കുന്നത്. 127 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ് റേഞ്ച്. എന്നാൽ ഈ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോട്ടോർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 5.7 സെക്കൻഡിൽ 0 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും IP67 റേറ്റിങും ഉണ്ട്. എട്ട് വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.
Adjust Story Font
16