ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് യമഹയും; ഇ01, നിയോ മോഡലുകൾ ഉടൻ
ഇ01 കൺസപ്റ്റിൽ നിർമിക്കപ്പെട്ട യമഹ ഇ01ന് 125 സി.സിക്ക് തുല്യമായ പെർഫോമൻസുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. ഒറ്റ ചാർജിൽ 70 കിലോമീറ്റർ ഓടിക്കാനുമാകും
ദിനംപ്രതി വളരുന്ന ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് പ്രശസ്ത ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും. കമ്പനിയുടെ ഇ01, നിയോ മോഡലുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഇരു മോഡലുകളും ഡീലേഴ്‌സ് മീറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്.
യമഹ ഇ01ന് വിശേഷങ്ങളേറെ
സിം കാർഡ്, സ്മാർട്ട് ഫോൺ കണക്ടിവിറ്റിയോടെ പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻറ് കൺസോളോടെയാണ് യമഹ ഇ01 എത്തുക. എൽഇഡി ലൈറ്റിങ്, റിവേഴ്‌സ് ഡ്രൈവ് സൗകര്യം, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ടാകും.
ഇ01 കൺസപ്റ്റിൽ നിർമിക്കപ്പെട്ട വാഹനത്തിന് 125 സി.സിക്ക് തുല്യമായ പെർഫോമൻസുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. ഒറ്റ ചാർജിൽ 70 കിലോമീറ്റർ ഓടിക്കാനുമാകും. എകോ, നോർമൽ, പവർ എന്നീ മൂന്നു റൈഡിങ് മോഡുകളാണുണ്ടാകുക. 11 കിലോ വാട്ട് (15എച്ച്പി) പവറാണ് ഇ01 വാഹനത്തിന് യൂറോപ്യൻ യൂണിയൻ നിയന്ത്രണ പ്രകാരമുണ്ടാകുക.
യമഹ നിയോയിലും ഏറെ സവിശേഷതകൾ
സിം കാർഡ്, സ്മാർട്ട് ഫോൺ കണക്ടിവിറ്റിയോടെ പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെൻറ് കൺസോൾ, എൽഇഡി ലൈറ്റിങ്, മോണോ ഷോക് റിയർ സസ്‌പെൻഷൻ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്‌സ് തുടങ്ങിയവയാണ് ഇ02 കൺസപ്റ്റിലുള്ള നിയോയിലുണ്ടാകുക. സീറ്റിനടിയിൽ 27 ലിറ്റർ സ്‌റ്റോറേജ് സ്‌പേസുണ്ടാകും.
50 സി.സിക്ക് തുല്യമായ സ്‌കൂട്ടറിൽ രണ്ട് കിലോ വാട്ടാണ് പവറുണ്ടാകുക. 68 കി.മി മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇ വണിന് സമാനമായി രണ്ട് സ്വാപബിൾ ബാറ്ററിയാണ് സ്‌കൂട്ടറിനുണ്ടാകുക. 19.2 എ എച്ച്, 50.4 വി ലിഥിയം അയേൺ ബാറ്ററികളാണിവ.
യമഹക്ക് പുറമേ ഹോണ്ട, സുസുകി എന്നിവയും ഇന്ത്യൻ മാർക്കറ്റിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഹോണ്ട ആക്ടിവ അടിസ്ഥാനമാക്കിയുള്ള ഇ-സ്‌കൂട്ടർ ഇറക്കുമെന്നാണ് വാർത്തകൾ. എന്നാൽ ഇലക്ട്രിക് ബർഗ്മാനുമായെത്താനാണ് സുസുകിയുടെ നീക്കം.
Yamaha enters electric scooter market, E01 and Neo models coming soon
Adjust Story Font
16