മലീനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലെങ്കിൽ ഈ നഗരത്തിൽ 10,000 രൂപ പിഴ
ബിഎസ് 4 ന് താഴെയുള്ള വാഹനങ്ങൾ മൂന്ന് മാസം കൂടുമ്പോൾ ഇവിടെ പിയുസി സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്.
ഇന്ത്യയിൽ പെട്രോൾ-ഡീസൽ എഞ്ചിനുകളുള്ള വാഹനങ്ങൾ പൊതുനിരത്തിലൂടെ ഓടിക്കണമെങ്കിൽ വാഹനത്തിലുണ്ടാകേണ്ട രേഖകളിലൊന്നാണ് പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (PUC). അഥവാ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്. വാഹനത്തിന്റെ പുക പരിശോധിച്ച് ഓരോ വാഹനത്തിനും ഇത് യഥാക്രമം പുതുക്കേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ ഈടാക്കുന്ന പിഴ.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ മലിനീകരണ തോത് വളരെയധികം കൂടുതലായതു കൊണ്ട് വാഹന മലിനീകരണ നിയന്ത്രണങ്ങൾ വളരെ കർശനമാണ്. നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് ഡൽഹി സർക്കാർ. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ പിയുസി സർട്ടിഫിക്കറ്റില്ലെന്ന് വെബ്‌സൈറ്റ് വഴി മനസിലാക്കി ഗതാഗത വകുപ്പ് വാഹന ഉടമകളെ എസ്എംഎസായും ഇ മെയിൽ വഴിയും നോട്ടീസ് നൽകും. ഒരാഴ്ചക്കുള്ളിൽ മലിനീകരണ ടെസ്റ്റ് നടത്തി പുതിയ സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ 10,000 രൂപയാണ് പിഴയായി ഈടാക്കുക.
ബിഎസ് 4 ന് താഴെയുള്ള വാഹനങ്ങൾ മൂന്ന് മാസം കൂടുമ്പോൾ ഡൽഹിയിൽ പിയുസി സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ബിഎസ് 4, ബിഎസ് 6 വാഹനങ്ങൾ ഒരു മാസം കൂടുമ്പോഴും പിയുസി സർട്ടിഫിക്കറ്റ് പുതുക്കണം. ഇത്തരത്തിൽ പ്രതിദിനം 10,000 മുതൽ 15,000 പരിശോധനകൾ ഡൽഹിയിൽ നടക്കുന്നുണ്ടെന്നാണ് കണക്ക്. എന്നിരുന്നാലും ഡൽഹിയിലെ 15 ലക്ഷത്തിലധികം വാഹനങ്ങൾക്ക് പിയുസി സർട്ടിഫിക്കറ്റില്ലെന്നാണ് കണക്ക് ചൂണ്ടിക്കാട്ടിയാണ് ഡൽഹി സർക്കാർ പിഴ ഇത്രയും ഉയർത്തിയത്. പിഴ ഉയർത്തിയതിന് ശേഷം ഇതുവരെ 2,000 നോട്ടീസുകൾ അയച്ചെന്നാണ് ഡൽഹി മോട്ടോർ വാഹന വകുപ്പ് വ്യക്തമാകുന്നത്.
Adjust Story Font
16