രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് ഇവന് പറയാൻ; സ്‌കോർപിയോ ക്ലാസിക്ക് പുറത്തിറങ്ങി
നിലവിലെ സ്‌കോർപിയോയിൽ നിന്ന് ലുക്കിൽ വലിയ വ്യത്യാസമില്ലാതെയാണ് പുതിയ സ്‌കോർപിയോ ക്ലാസിക്ക് പുറത്തിറക്കിയിരിക്കുന്നത്.
കാത്തിരിപ്പിനൊടുവിൽ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്ക് എസ്.യു.വി പുറത്തിറങ്ങി. രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ നിരത്തുകളിൽ വിലസുന്ന സ്‌കോർപിയോയുടെ ഏറ്റവും പുതിയ മോഡലാണിത്.
നിലവിലെ സ്‌കോർപിയോയിൽ നിന്ന് ലുക്കിൽ വലിയ വ്യത്യാസമില്ലാതെയാണ് പുതിയ സ്‌കോർപിയോ ക്ലാസിക്ക് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം തന്നെ പുതുമ തോന്നിക്കാൻ ചില മാറ്റങ്ങളും നൽകിയിട്ടുണ്ട്. ആദ്യമാറ്റം പഴയ മഹീന്ദ്ര ലോഗോയ്ക്ക് പകരം പുതിയ ട്വീൻ പീക്ക്സ് ലോഗോയാണ് മുന്നിലുള്ളത്. ഗ്രില്ലിലും മുൻ ബംബറിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഫോഗ് ലാമ്പ് ഡിസൈനും മാറിയിട്ടുണ്ട്.
വശങ്ങളിലേക്ക് വന്നാൽ നിലവിലെ സ്‌കോർപിയോയിൽ ഉപയോഗിച്ചിരിക്കുന്ന 17 ഇഞ്ച് വീൽ തന്നെയാണ് സ്‌കോർപിയോ ക്ലാസിക്കിലുമുള്ളത്. എന്നാൽ പുതിയ ഡയമണ്ട് കട്ട് അലോയ്കൾ നൽകിയിട്ടുണ്ട്. ഡോറുകളിൽ ഡ്യൂവൽ ടോൺ ക്ലാഡിങും നൽകിയിട്ടുണ്ട്.
പിറകിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. അകത്തും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പുതിയ സ്‌ക്രീൻ മിററിങുള്ള 9.0 ഇഞ്ച് ആൻഡ്രോയിഡ് ടച്ച് സ്‌ക്രീൻ വന്നിട്ടുണ്ട്. ഡാഷ് ബോർഡിലും സെൻട്രൽ കൺസോളിലും പുതിയ നിറങ്ങളിലെ മാറ്റങ്ങളൊഴിച്ചാൽ ഇന്റിരീയറിൽ വലിയ മാറ്റങ്ങളൊന്നുമില്ല.
ക്ലാസിക് എസ്, ക്ലാസിക്ക് എസ് 11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിന് രണ്ട് സീറ്റിങ് ഓപ്ഷനുകളുമുണ്ട്. 7 സീറ്റ്, 9 സീറ്റ് എന്നിവയാണ് അവ. 7 സീറ്റ് മോഡലിൽ മിഡിൽ റോയിൽ ക്യാപ്റ്റൻ സീറ്റാണ്.
ഫീച്ചറുകളിലേക്ക് വന്നാൽ ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിങ് സെൻസർ രണ്ടാം നിരയിലെ എസി വെന്റുകൾ, സ്റ്റീറങ് മൗണ്ടണ്ട് കൺട്രോളുകൾ എന്നിവയെല്ലാം ഉണ്ട്. നിലവിൽ രണ്ട് എയർബാഗുകൾ മാത്രമാണ് ലഭ്യമാകുക. ഭാവിയിൽ കൂടുതൽ എയർബാഗുകൾ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ബോഡി ഓൺ ഫ്രെയിം ഡിസൈനിലുള്ള മോഡലിൽ രണ്ടാം തലമുറയിൽപ്പെട്ട 2.2 ലിറ്റർ ടർബോ ഡീസൽ എംഹൗക്ക് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക. 132 എച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. 6 സ്പീഡ് മാനുവൽ വേരിയന്റിൽ മാത്രമാണ് നിലവിൽ വാഹനം ലഭ്യമാകുക.
വാഹനത്തിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ സ്‌കോർപിയോ എൻ ന് താഴെയാണ് ക്ലാസിക്ക് പ്ലേസ് ചെയ്യുന്നത്.
Adjust Story Font
16