ബലേനോ 2022യുടെ വേരിയന്റ് ലിസ്റ്റ് പുറത്തുവന്നു
വാഹനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു.
പുതിയ മാരുതി സുസുക്കി ബലേനോയാണ് ഇന്ത്യൻ കാർ നിർമാണ മേഖലയിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന്. വാഹനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. ഇപ്പോൾ വാഹനത്തിന്റെ വേരിയന്റിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. സിഗ്മ, ഡെൽറ്റ. സീറ്റ, ആൽഫ എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.
ഇതുവരെ പുറത്തു വന്ന ചിത്രങ്ങളും വിവരങ്ങളും അനുസരിച്ച് നിലവിലെ ബലേനോയേക്കാളും വലിപ്പം കൂടിയ ബലേനോയ്ക്ക് മുന്നിൽ എൽ ഷേപ്പിലുള്ള എൽഇഡി ഹെഡ് ലൈറ്റും ഡിആർഎല്ലുമാണ്. വശങ്ങളിലേക്ക് വരുമ്പോൾ നിലവിലെ മോഡലിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും മുന്നിലെയും പിന്നിലെയും ഫെൻഡറുകളിൽ ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. പിന്നിലേക്ക് വന്നാൽ അവിടെയും 'എൽ' ഷേപ്പിലുള്ള ടെയിൽ ലൈറ്റാണ് നൽകിയിരിക്കുന്നത്. ബമ്പറിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഇന്റീരിയർ
പുതിയ ബലേനോയുടെ അകത്തേക്ക് വന്നാൽ എല്ലാ രീതിയിലും മാറ്റം വന്നിട്ടുണ്ട്. പുതിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എസി, റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ, അങ്ങനെ നിരവധി മാറ്റങ്ങളാണ് പുതിയ ബലേനോയിലുള്ളത്.
കാർ മേഖലയിൽ അത്ര പുതിയതല്ലെങ്കിലും മാരുതി ആദ്യമായി ഹെഡ് അപ്പ് ഡിസ്പ്ലെ (Head Up Disply) അവതരിപ്പിക്കുന്നത് ബലേനോയിലൂടെയാണ്.
സേഫ്റ്റിയുടെ കാര്യത്തിൽ വലിയ പഴികേട്ട മോഡലായ ബലേനോ ഇത്തവണ ഈ ചീത്തപ്പേര് തിരുത്താൻ തന്നെയാണ് ഉദ്ദേശം. ആറ് എയർ ബാഗുകളാണ് വാഹനത്തിലുണ്ടാകുക. ഉയർന്ന മോഡലുകളിൽ എക്കണോമിക്ക് സ്റ്റബിലിറ്റി കൺട്രോൾ (ഇഎസ്പി) സാങ്കേതികവിദ്യയടക്കം ലഭ്യമാകും.
എഞ്ചിൻ, ട്രാൻസ്മിഷൻ
നിലവിൽ ബലേനോയുടെ ഹൃദയമായ 1.2 ലിറ്ററിന്റെ രണ്ടു എഞ്ചിനുകളും പുതിയ അപ്ഡേറ്റിലും തുടരാനാണ് സാധ്യത. 83 ബിച്ച്പി കരുത്തുള്ളതാണ് ഒരു എഞ്ചിൻ ഓപ്ഷൻ, മറ്റൊന്ന് 12വി മിൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോട് കൂടിയ 90 ബിഎച്ച്പി കരുത്തുള്ള എഞ്ചിനാണ്.
ഗിയർ ട്രാൻസ്മിഷനിലേക്ക് വന്നാൽ നിലവിലെ മാനുവൽ ഗിയർ ബോക്സിൽ മാറ്റങ്ങളൊന്നും വരില്ല. പക്ഷേ ഓട്ടോമാറ്റിക്കിൽ നിലവിലെ സിവിടിക്ക് പകരം എഎംടിയിലേക്ക് മാറാൻ സാധ്യതയുണ്ട്.
വാഹനത്തിന്റെ കൃത്യമായ വില പുറത്തുവിട്ടിട്ടില്ല. ഈ മാസം 23 ന് വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
11,000 രൂപ മുടക്കി ഓൺലൈൻ വഴിയോ നെക്സ ഷോറൂം വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. പുത്തൻ ബലേനോയുടെ നിർമാണം ഗുജറാത്ത് പ്ലാന്റിൽ ആരംഭിച്ച് കഴിഞ്ഞു.
Adjust Story Font
16