രാജ്യത്ത് 1000 ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കാനൊരുങ്ങി ഭാരത് പെട്രോളിയം
നിലവിൽ വൈദ്യുത വാഹന ബാറ്ററി ചാർജിങ്ങിനുള്ള 44 കേന്ദ്രങ്ങളാണ് ബിപിസിഎല്ലിനുള്ളത്
പുതിയ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് 1,000 വൈദ്യുത വാഹന(ഇവി) ചാർജിങ് സ്റ്റേഷനുകൾ തുറക്കാൻ പൊതുമേഖല എണ്ണ വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്. ഇന്ധന വിൽപ്പനയിൽ സംഭവിച്ചേക്കാവുന്ന ഇടിവ് നേരിടാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ പദ്ധതിയെന്നും കമ്പനി ചെയർമാൻ അരുൺ കുമാർ സിങ് വ്യക്തമാക്കുന്നു.
നിലവിൽ വൈദ്യുത വാഹന ബാറ്ററി ചാർജിങ്ങിനുള്ള 44 കേന്ദ്രങ്ങളാണ് ബിപിസിഎല്ലിനുള്ളത്. രാജ്യത്ത് 19,000 പെട്രോൾ പമ്പുകളുടെ ശൃംഖലയാണു ബിപിസിഎല്ലിനുള്ളത്. ഇതിൽ മൂന്നിലൊന്ന്(അഥവാ ഏഴായിരത്തോളം) കേന്ദ്രങ്ങളിൽ വാതകം, വൈദ്യുതി, ഹൈഡ്രജൻ തുടങ്ങി വ്യത്യസ്ത ഇന്ധന സാധ്യതകൾ ഉറപ്പാക്കാനാണു കമ്പനിയുടെ നീക്കം.
ഇന്ധന വിപണന രംഗത്തെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും(എച്ച്പിസിഎൽ) വൈദ്യുത വാഹന ചാർജിങ് രംഗത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള പമ്പുകളിൽ അയ്യായിരത്തോളം ഇവി ചാർജിങ് സ്റ്റേഷൻ തുറക്കാനാണു കമ്പനിയുടെ പദ്ധതി. വരുന്ന അഞ്ചു വർഷത്തിനിടെ എണ്ണ പര്യവേഷണം, ശുദ്ധീകരണം, വിപണനം, പ്രകൃതി വാതകം, പുനരുപയോഗിക്കാവുന്ന ഊർജം തുടങ്ങി വിവിധ മേഖലകളിലെ മൂലധന ചെലവുകൾക്കായി ആകെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണു ബിപിസിഎൽ തയാറെടുക്കുന്നത്.
Adjust Story Font
16