Quantcast

ബ്രെസ്സ ഇനി സി.ബി.ജിയിലും ഓടും; പുതിയ പതിപ്പ് അവതരിപ്പിച്ച് മാരുതി

ഭാരത് മൊബിലിറ്റി എക്സ്​പോയിൽ നിരവധി മോഡലുകളാണ് കമ്പനികൾ പ്രദർശിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    2 Feb 2024 12:54 PM GMT

brezz cbg
X

മാരുതി സുസുക്കിയുടെ ജനപ്രിയ എസ്.യു.വിയായ ബ്രെസ്സയുടെ സി.ബി.ജി (കംപ്രസ്ഡ് ബയോമീഥേൻ ഗ്യാസ്) പതിപ്പ് അവതരിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്​പോ 2024 ലാണ് വാഹനം പുറത്തിറക്കിയത്.

1.5 ലിറ്റർ 4 സിലിണ്ടർ ​കെ15സി പെട്രോൾ എൻജിൻ തന്നെയാണ് ഇതിലും നൽകിയിട്ടുള്ളത്. 102 ബി.എച്ച്.പിയും 137 എൻ.എം ടോർക്കുമാണ് ഈ എൻജിന്റെ കരുത്ത്. അതേസമയം, സി.ബി.ജിയിൽ പവർ 87 ബി.എച്ച്.പിയായും ടോർക്കും 121ഉം ആയും കുറയും. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. എൽ.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ എന്നീ വേരിയന്റുകളിൽ സി.ബി.ജി പതിപ്പ് ലഭ്യമാണ്.

48 ലിറ്റർ ഉൾക്കൊള്ളുന്ന പെട്രോൾ ടാങ്കിന് പുറമെ 55 ലിറ്ററിന്റെ സി.ബി.ജി ടാങ്കും വാഹനത്തിലുണ്ടാകും. വാഹനത്തിന്റെ വിലയും എന്ന് വിപണിയിലെത്തുമെന്ന കാര്യവും കമ്പനി അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷം ബ്രെസ്സയുടെ സി.എൻ.ജി പതിപ്പ് കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.

സി.എൻ.ജിയിൽനിന്ന് വ്യത്യസ്തമായി മാലിന്യത്തിൽനിന്നും മറ്റു ജൈവ വസ്തുക്കളിൽനിന്നുമാണ് സി.ബി.ജി ഉൽപ്പാദിപ്പിക്കുന്നത്. കാർബൺ ഡൈഓക്സൈഡ് ന്യൂട്രൽ ഇന്ധനമാണെന്നതാണ് സവിശേഷത. പെട്രോളിയത്തിന് സമാനമായി ഭൂമിക്കടിയിൽനിന്നാണ് സി.എൻ.ജി ലഭിക്കുന്നത്.

വ്യത്യസ്തമായ മോഡലുകളാണ് മാരുതി സുസുക്കി ഭാരത് മൊബിലിറ്റി എക്സ്​പോയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇലക്ട്രിക് വാഹനമായ ഇ.വി.എക്സാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ വാഹനം 2024 അവസാനം പുറത്തിറങ്ങുമെന്നാണ് വിവരം. 4300 എം.എം നീളവും 1800 എം.എം വീതിയും 1600 എം.എം ഉയരവുമാണ് വാഹനത്തിനുള്ളത്. ഒരൊറ്റ ചാർജിൽ 550 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് വിവരം. ഫ്ലെക്സ് ഫ്യുവലിൽ ഓടുന്ന വാഗൺ ആർ ആണ് മാരുതി പ്രദർശിപ്പിച്ച മറ്റൊരു മോഡൽ.

മറ്റു നിരവധി കമ്പനികളും തങ്ങളുടെ വ്യത്യസ്ത മോഡലുകളുമായാണ് എക്സ്​പോയിലെത്തിയത്. സഫാരി റെഡ് ഡാർക്ക് എഡിഷൻ, ഹാരിയർ ഇ.വി, നെക്സൺ ഇ.വി ഡാർക്ക് ബ്രേക്ക്സ് കവർ, ആൾട്രോസ് റേസർ, നെക്സോൺ ഐ.സി.എൻ.ജി, കർവ് എന്നിവയെല്ലാം ഇന്ത്യൻ കമ്പനിയായ ടാറ്റ പ്രദർശിപ്പിക്കുന്നുണ്ട്.

സ്കോഡയുടെ എനിയാക്, കിയ കാരൻസ് എക്സ് ലൈൻ, ഹൈഡ്രജൻ ഫ്യുവലിൽ ഓടുന്ന ഹ്യുണ്ടായിയുടെ നെക്സോ, മഹീന്ദ്ര എക്സ്.യു.വി 300ന്റെയും ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെയും ഫ്ലെക്സ് ഫ്യുവൽ പതിപ്പുകൾ എന്നിവയെല്ലാം എക്സ്​പോയിലെ പ്രധാന ആകർഷണങ്ങളാണ്.

TAGS :

Next Story