ജീവൻ രക്ഷിക്കും ചൈൽഡ് സീറ്റ്; കുഞ്ഞുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം
ഡിസംബർ മുതൽ കേരളത്തിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് എംവിഡി
- Updated:
2024-10-09 05:32:59.0
ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ടുള്ള ആ വാർത്ത വരുന്നത്. മലപ്പുറം കോട്ടക്കലിന് സമീപമുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചുവെന്നായിരുന്നു വാർത്ത. കാറിന്റെ മുൻസീറ്റിൽ ഉമ്മയുടെ മടിയിലായിരുന്നു രണ്ട് വയസ്സുകാരി ഇരുന്നിരുന്നത്. ലോറിയുമായി കാർ കൂട്ടിയിടിക്കുകയും മുന്നിലെ എയർബാഗ് തുറക്കുകയും ചെയ്തു. എയർബാഗ് കുഞ്ഞിന്റെ മുഖത്ത് വന്നാണ് അമർന്നത്. കൂടാതെ സീറ്റ് ബെൽറ്റ് കഴുത്തിൽ മുറുകകയും ചെയ്തു. ഇതിന്റെ ആഘാതത്തിൽ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
ഈ നടുക്കുന്ന ദുരന്തം അധികാരികളുടെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. കാറിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കിയിരിക്കുന്നു മോട്ടോർ വാഹന വകുപ്പ്. നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് റീസ്ട്രെയിൻഡ് സീറ്റ് ബെൽറ്റ് സംവിധാനം വേണമെന്നാണ് നിർദേശം. നാല് വയസ്സ് മുതൽ 14 വയസ്സ് വരെയുള്ളവരും 135 സെന്റി മീറ്ററിൽ താഴെയുള്ളതുമായ കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണം. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കി. കൂടാതെ വാഹനം ഓടിക്കുന്നയാളെയും കുട്ടിയെയും ചേർത്തുനിർത്തുന്ന സുരക്ഷാ ബെൽറ്റും ധരിക്കേണ്ടതുണ്ട്. ഒക്ടോബറിൽ ബോധവത്കരണവും നവംബറിൽ ശാസനയുമുണ്ടാകും. ഡിസംബർ മുതൽ നിയമം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുകയും ചെയ്യും.
നിയമങ്ങൾ പറയുന്നത്
കേന്ദ്ര നിയമപ്രകാരം നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് നിർബന്ധമാണ്. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ബൂസ്റ്റർ സീറ്റുകളാണ് അനുശാസിക്കുന്നത്. കാറിന്റെ സീറ്റിൽ നിന്ന് തെറിച്ചുപോകാത്ത വിധത്തിലുള്ളവയാണ് ബൂസ്റ്റർ സീറ്റുകൾ. ഓരോ പ്രായത്തിന് അനുസരിച്ചുള്ള ചൈൽഡ് സീറ്റുകൾ ലഭിക്കും. പുതിയ വാഹനങ്ങളിൽ ചൈൽഡ് സീറ്റ് ഘടിപ്പിക്കാനുള്ള ഹുക്കുകൾ വരുന്നുണ്ട്. കൂടാതെ സീറ്റ് ബെൽറ്റിന്റെ ക്ലിപ്പിലും ഇവ ഘടിപ്പിക്കാനാകും.
ലോകത്താകമാനം 1990 മുതൽ 2022 വരെയുള്ള കാലയളവിൽ 186 കുട്ടികൾ എയർ ബാഗ് വന്നടിച്ചുണ്ടായ ആഘാതത്തിൽ മരിച്ചുവെന്നാണ് കണക്ക്. മുതിർന്നവർക്ക് വേണ്ടി തയാറാക്കിയ സുരക്ഷാ സംവിധാനമാണ് എയർബാഗ്. അപകടം ഉണ്ടായാൽ സെക്കൻഡുകൾക്കുള്ളിലാണ് ഇത് തുറക്കുന്നതും അടയുന്നതും. ചെറിയ കുട്ടികളാണെങ്കിൽ മുഖത്താകും ഇത് വന്നടിക്കുക. ഈ ആഘാതം കുട്ടികൾക്ക് താങ്ങാനാകില്ല.
145 സെന്റിമീറ്ററിന് മുകളിൽ ഉയരമുള്ളവർക്ക് വേണ്ടിയാണ് സാധാരണ കാറുകളിൽ കാണുന്ന സീറ്റ് ബെൽറ്റ് കമ്പനികൾ ഡിസൈൻ ചെയ്തിട്ടുള്ളത്. അതിന് താഴെയുള്ളവർ ചൈൽഡ് സീറ്റ് ഉപയോഗിക്കുകയാണ് വേണ്ടത്. അപകടം ഉണ്ടാകുമ്പോൾ സീറ്റ് ബെൽറ്റ് സ്വാഭാവികമായും മുറുകും. ഇത് ചെറിയ കുട്ടികളുടെ കഴുത്തിൽ മുറുകി ശ്വാസം ലഭിക്കാതിരിക്കാൻ കാരണമാകും. ഇതിനാൽ തന്നെ കുട്ടികളെ ഒരുകാരണവശവും മുന്നിൽ ഇരുത്താൻ പാടില്ല. അതുപോലെ കുട്ടികളുടെ പ്രവൃത്തികൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റാനും കാരണമാകാറുണ്ട്. ആദ്യം മുതൽ കുട്ടികളെ പിൻഭാഗത്ത് ചൈൽഡ് സീറ്റിൽ മാത്രം ഇരുത്തി ശീലിപ്പിക്കുകയാണ് വേണ്ടത്.
സുരക്ഷിതമാല്ലാത്ത ഇന്ത്യൻ റോഡുകൾ
അപകടങ്ങൾക്ക് എന്നും കുപ്രസിദ്ധിയാർജിച്ചതാണ് ഇന്ത്യയിലെ റോഡുകൾ. ലോകത്തെ വാഹനാപകടങ്ങളുടെ 22 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2022ൽ മാത്രം 1.68 ലക്ഷം പേർക്കാണ് ഇന്ത്യൻ നിരത്തുകളിൽ ജീവൻ നഷ്ടമായത്. 4.44 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കുട്ടികളാണ് ഈ അപകടങ്ങളിൽ പ്രധാനമായും ഇരകളാകുന്നത്. അതുകൊണ്ട് തന്നെയാണ് ചൈൽഡ് സീറ്റടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ കർക്കശമാക്കുന്നത്.
വാഹനത്തിൽ രക്ഷിതാക്കളുടെ കൈകളിലാണ് കുഞ്ഞ് ഏറ്റവും സുരക്ഷിതമെന്നാണ് പലരും വിചാരിച്ചിട്ടുണ്ടാവുക. എന്നാൽ, ഇതാണ് ഏറ്റവും അപകടകരമെന്ന് പഠനങ്ങൾ പറയുന്നു. വാഹനം ചെറിയ വേഗത്തിലാണ് പോകുന്നതെങ്കിലും അപകടം കുട്ടികളിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുക. 15 കിലോഗ്രാം ഭാരമുള്ള കുട്ടി മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിട്ടാൽ കുട്ടിയുടെ ഭാരം ഏകദേശം 416 കിലോഗ്രാമായി ഉയരുമെന്നാണ് റിസർച്ചുകൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തന്നെ അപകടമുണ്ടാകുമ്പോൾ ഒരാൾക്കും കുട്ടികളെ കൈപിടിയിലൊതുക്കാനാകില്ല.
ഇതിനാലാണ് ചൈൽഡ് സീറ്റുകളിൽ കുട്ടികളെ ഇരുത്തണമെന്ന് ചൂണ്ടിക്കാട്ടുന്നത്. രണ്ട് രീതിയിൽ ചൈൽഡ് സീറ്റ് ഘടിപ്പിക്കാം. മുൻ ഭാഗത്തെ സീറ്റിന് പിറകിലായി പിന്നിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് പിന്നിലെ സീറ്റിൽ മുന്നിലേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ ഘടിപ്പിക്കുന്ന സീറ്റാണ്.
കുട്ടിയുടെ വലിപ്പത്തിന് അനുസരിച്ചായിരിക്കണം സീറ്റുകൾ തെരഞ്ഞെടുക്കേണ്ടത്. 105 സെന്റി മീറ്റർ വരെയുള്ള കുഞ്ഞുങ്ങളെ പിന്നിലേക്ക് തിരിഞ്ഞുനിൽക്കുന്ന ചൈൽഡ് സീറ്റിലാണ് ഇരുത്തേണ്ടത്. ഇങ്ങനെ ഇരിക്കുന്നത് കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിൽനിന്ന് കുട്ടികളെ രക്ഷിക്കും. അതുപോലെ ചൈൽഡ് സീറ്റിൽ കൃത്യമായി ഇരുത്തിയശേഷം ഹെഡ് റെസ്റ്റ് ശരിയായ രീതിയിൽ ക്രമീകരിക്കുകയും വേണം.
വിവിധതരം ചൈൽഡ് സീറ്റുകൾ
റിയർ ഫേസിങ്: ജനനം മുതൽ കുഞ്ഞിന് 18 കിലോഗ്രാം ആകുന്നത് വരെ ഇതിൽ ഇരുത്താം.
ഫോർവേഡ് ഫേസിങ്: 18 മുതൽ 30 കിലോ ഗ്രാം വരെയുള്ള കുട്ടികളെയാണ് ഇതിൽ ഇരുത്തേണ്ടത്.
ബൂസ്റ്റർ സീറ്റ്: 30 കാലോഗ്രാമിന് മുകളിലുള്ള കുട്ടികളെയാണ് ബൂസ്റ്റർ സീറ്റിൽ ഇരുത്തുക.
145 സെന്റീമീറ്ററിനും 36 കിലോഗ്രാമിനും മുകളിലുമുള്ളവർക്ക് കാറിലുള്ള സാധാരണ സീറ്റ് ബെൽറ്റ് ഉപയോഗിക്കാം.
Adjust Story Font
16