Quantcast

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ തീ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡി.ആർ.ഡി.ഒ

ഒല, ഒക്കിനാവ, ബൂം അടക്കമുള്ള നിർമാതാക്കൾക്ക് മന്ത്രാലയം നോട്ടീസയച്ചു

MediaOne Logo

André

  • Published:

    24 May 2022 12:31 PM GMT

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ തീ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡി.ആർ.ഡി.ഒ
X

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ച സംഭവത്തിനു പിന്നിലെ വീഴ്ചകൾ കണ്ടെത്തി ഡിഫൻസ് റിസർച്ച് ആന്റ് ഡെലവപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒല ഇലക്ട്രിക്കും ഒകിനാവയും അടക്കമുള്ള കമ്പനികളെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്. ബാറ്ററി പാക്കുകളുടെയും മൊഡ്യൂളുകളുടെയും ഡിസൈനിലെ പിഴവ് മുതൽ ഗുണനിലവാരമില്ലാത്ത വസ്തുക്കൾ നിർമാണത്തിന് ഉപയോഗിച്ചതടക്കമുള്ള വീഴ്ചകൾ കമ്പനികൾ വരുത്തിയതായി ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു.

സ്‌കൂട്ടറുകളിലെ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഒല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്ക്, പ്യുവർ ഇ.വി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിൾസ്, ബൂം മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ ചെലവ് ചുരുക്കുന്നതിനായി നിലവാരമില്ലാത്ത ഘടകങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള സെന്റർ ഫോർ ഫയർ, എക്‌സ്‌പ്ലോസീവ് ആന്റ് എൻവയൺമെന്റ് സേഫ്റ്റി തയാറാക്കിയ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് റോഡ് ഗതാഗത മന്ത്രാലയം ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കൾക്ക് സമൻസ് അയക്കുകയും റിപ്പോർട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഏതാണ്ടെല്ലാ സംഭവങ്ങളിലും ബാറ്ററി സെല്ലുകളുടെ കുഴപ്പമോ ഡിസൈനിലെ പിഴവോ ആണ് വില്ലനെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടതിനു പുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കർശന മാർഗനിർദേശങ്ങൾ നിർമാതാക്കൾക്ക് നൽകാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില വർധിച്ച ഏപ്രിൽ മാസത്തിൽ പന്ത്രണ്ടോളം സ്‌കൂട്ടറുകളാണ് സ്‌ഫോടനത്തിനും അഗ്നിബാധക്കും ഇരയായത്. ബൂം കോർബറ്റ് 14 സ്‌കൂട്ടർ ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച് വിജയവാഡ സ്വദേശി കോട്ടക്കൊണ്ട ശിവകുമാർ (40) എന്നയാൾ മരിച്ചിരുന്നു. മറ്റൊരു സംഭവത്തിൽ ചാർജിങ്ങിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് നിസാമാബാദിലെ ബി. പ്രകാശ് (81) എന്നയാളും മരിച്ചു. ഈ സംഭവങ്ങളിൽ പ്യുവർ ഇ.വി, ബൂം മോട്ടോഴ്‌സ് എന്നീ കമ്പനികൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ) നോട്ടീസയച്ചിരുന്നു.

അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ട കൂടുതൽ സംഭവങ്ങൾ പരിശോധിച്ച ശേഷം സി.സി.പി.എ കൂടുതൽ കമ്പനികൾക്ക് നോട്ടീസയക്കുമെന്നാണറിയുന്നത്. ഉപഭോക്താക്കൾ പരാതി ഉയർത്തിയതിനെ തുടർന്ന് പ്യുവർ, ബൂം, ഒല, ജിതേന്ദ്ര, ഒകിനാവ കമ്പനികൾ ചില ബാച്ച് സ്‌കൂട്ടറുകൾ തിരികെ വിളിച്ചിട്ടുണ്ട്.

TAGS :

Next Story