Quantcast

63 ലക്ഷം രൂപയുടെ ഇലക്ട്രിക് എസ്‍യുവി കത്തിനശിച്ച സംഭവം: പ്രതികരണവുമായി വോൾവോ

പ്രീമിയം ഇലക്ട്രിക് എസ്‍യുവിയായ ‘സി40 റീചാർജ്’ ഓടുന്നതിനിടെ കത്തിനശിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Jan 2024 2:09 PM GMT

volvo c40 fire
X

ലോകത്തിൽ തന്നെ സുരക്ഷക്ക് ഏറ്റവുമധികം പ്രാധാന്യം നൽകുന്ന വാഹന കമ്പനിയാണ് വോൾവോ. അത്യാധുനിക സുരക്ഷ സംവിധാനങ്ങളാണ് തങ്ങളുടെ ഓരോ വാഹനത്തിലും സ്വീഡിഷ് വാഹന നിർമാതാക്കൾ സജ്ജീകരിക്കാറ്.

എന്നാൽ, വോൾവോയുടെ കീർത്തിക്ക് മങ്ങലേൽപ്പിച്ച സംഭവമായിരുന്നു കഴിഞ്ഞദിവസം ഛത്തീസ്ഗഢിൽ അരങ്ങേറിയത്. തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്‍യുവിയായ ‘സി40 റീചാർജ്’ ഓടുന്നതിനിടെ കത്തിനശിക്കുകയായിരുന്നു.

63 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണ് കത്തിനശിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

വാഹനം കത്തുന്നതിൻറെ വീഡിയോ ഉടമ തന്നെയാണ് പുറത്തുവിട്ടത്. തീ കണ്ടതോടെ വാഹനത്തിലുള്ളവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ എല്ലാവരും രക്ഷപ്പെട്ടു.

അതേസമയം, തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ അന്വേഷണം നടക്കുകയാണ്.

സംഭവം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ഡീസൽ-പെട്രോൾ വാഹനങ്ങളേക്കാൾ സുരക്ഷിതമാണെന്നാണ് ഇലക്ട്രിക് വാഹനങ്ങളെ വിശേഷിപ്പിക്കാറ്. എന്നാൽ, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സംഭവത്തിൽ പ്രതികരണവുമായി വോൾവോ ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ‘‘സി40 വാഹനം ഓടുന്നതിനിടെ തീപിടിച്ച സംഭവം ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. വാഹനം നിർത്തി ഉടനടി പുറത്തിറങ്ങാനുള്ള സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ച് ഡ്രൈവറെ അറിയിച്ചിരുന്നു. പരി​ക്കൊന്നും ഏൽക്കാതെ എല്ലാ യാത്രികരും സുരക്ഷിതരാണ്.

ആവശ്യമായ സുരക്ഷ നടപടികളെക്കുറിച്ച് ഉപഭോക്താവിനെ ഓൺലൈൻ വഴി ഞങ്ങളുടെ കസ്റ്റമർ കെയർ കോൾ സെൻ്റർ അറിയിച്ചിട്ടുണ്ട്. വോൾവോ കാറുകളുടെ സുരക്ഷയിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സംഭവം വളരെ ഗൗരവമായാണ് കാണുന്നത്. ഇതിന്റെ കാരണം കണ്ടെത്താൻ പ്രസ്തുത വാഹനം ഞങ്ങളുടെ സാങ്കേതിക വിദഗ്ധർ സൂക്ഷ്മമായി പരിശോധിക്കും. ഞങ്ങൾ ഉപഭോക്താവുമായി സമ്പർക്കം പുലർത്തുകയും അദ്ദേഹത്തിന് ആവശ്യമായി പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്’’ -കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.




TAGS :

Next Story