സ്റ്റിയറിങ് വീലില്ലാത്ത ഇലക്ട്രിക് കാർ, വില വെറും 18 ലക്ഷം; ഇന്ത്യയിലേക്ക് ടെസ്‌ലയുടെ മാസ് എൻട്രി
ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവത്തിന് തുടക്കം കുറിച്ച കമ്പനിയാണ് കാലിഫോർണിയ ആസ്ഥാനമായ ടെസ്‌ല മോട്ടോഴ്‌സ്
കാലിഫോർണിയ: ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണി ലക്ഷ്യമിട്ട് ഇലോൺ മസ്‌കിന്റെ ടെസ്‌ല മോട്ടോഴ്‌സ്. 25000 ഡോളറിന്റെ (ഏകദേശം 18 ലക്ഷം രൂപ) ബജറ്റ് കാറുമായി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യ വിപണികള്‍ കീഴടക്കാനാണ് ടെസ്‌ലയെത്തുന്നതെന്ന് യുഎസ് ഇലക്ട്രിക് ടാൻസ്‌പോട്ടേഷൻ വെബ്‌സൈറ്റായ ഇലക്ട്രെക് റിപ്പോർട്ട് ചെയ്യുന്നു. 2023ൽ കാർ സജ്ജമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സമ്പൂർണ ഓട്ടോമാറ്റിക് ആയ, സ്റ്റിയറിങ് വീൽ ഇല്ലാത്ത കാറായിരിക്കുമിതെന്നാണ് സൂചന. ഇതിനായി ചെലവു കുറഞ്ഞ ബാറ്ററി സെൽ കമ്പനി വികസിപ്പിക്കും. കഴിഞ്ഞ വർഷം ടെസ്‌ല ബാറ്ററി ദിനത്തിൽ മസ്‌ക് പ്രഖ്യാപിച്ച കാറാണിത്. വാഹനത്തിന്റെ പേര് കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടെസ്‌ല മോഡൽ 2 എന്നാകും ഇതറിയപ്പെടുക എന്ന് ഇലക്ട്രെക് റിപ്പോർട്ടിലുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും വാഹനം കയറ്റുമതി ചെയ്യുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും ഇന്ത്യയിലാണ് ടെസ്‌ലയുടെ കണ്ണെന്ന് വാഹന നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം മറ്റൊരു പ്രധാന വിപണിയായ ചൈനയെ ലക്ഷ്യമിട്ടും ടെസ്‌ല പുത്തൻ ഇവി പ്രഖ്യാപനം നടത്തിയിരുന്നു. ചൈനീസ് മാതൃകയിലാണ് ഈ വാഹനം തയ്യാറാകുന്നത്. ഇതിന്റെ പ്രഥമ മാതൃക പുറത്തുവിട്ടിട്ടുണ്ട്.
ടെസ്‌ല കൊണ്ടു വന്ന വിപ്ലവം
ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവത്തിന് തുടക്കം കുറിച്ച കമ്പനിയാണ് കാലിഫോർണിയ ആസ്ഥാനമായ ടെസ്‌ല മോട്ടോഴ്‌സ്. ടെസ്‌ല റോഡ്‌സ്റ്റർ എന്ന പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ സ്‌പോർട്‌സ് കാർ നിർമിച്ചതോടെയാണ് കമ്പനി ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ മോഡൽ എസ് സെഡാനും മോഡൽ എക്‌സ് ക്രോസ്സോവറും വിപണിയിലെത്തിച്ചു. 2015ൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ വൈദ്യുത കാറായിരുന്നു മോഡൽ എസ്.
പൊള്ളുന്ന വിലയാണ് ടെസ്ലയെ സാധാരണക്കാരിൽ നിന്ന് അകറ്റി നിർത്തുന്നത്. മോഡൽ എസ്സിന് ഒന്നരക്കോടിയും മോഡൽ എക്‌സിന് രണ്ടു കോടിയുമാണ് ഇന്ത്യയിലെ വില. അടുത്ത വർഷം ജനുവരി 31ന് പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന മോഡൽ വൈക്ക് അമ്പത് ലക്ഷം രൂപ വരും. ഇതിനിടെയാണ് വില കുറഞ്ഞ വാഹനവുമായി ടെസ്‌ല നിരത്തു കീഴടക്കാനെത്തുന്നത്.
Adjust Story Font
16