Quantcast

മാരുതിയും ഹുണ്ടായിയും കുതിച്ചുകയറി; നഷ്ടക്കണക്കിൽ നിലംപതിച്ച് ഫോർഡ്

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള സഹകരണ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫോർഡിന്റെ പിന്മാറ്റം

MediaOne Logo
മാരുതിയും ഹുണ്ടായിയും കുതിച്ചുകയറി; നഷ്ടക്കണക്കിൽ നിലംപതിച്ച് ഫോർഡ്
X

കാൽ നൂറ്റാണ്ടായി ഇന്ത്യൻ നിരത്തുകളിലെ പരിചിത വാഹനമാണ് ഫോർഡ്. സുരക്ഷിതത്വത്തിനും ഗുണമേന്മയ്ക്കും പേരുകേട്ട ഫോർഡ് 26 വർഷത്തെ ഓപറേഷന് ശേഷം ഒടുവിൽ ഇന്ത്യ വിടാൻ തീരുമാനിച്ചിരിക്കുകയാണ്. പത്തുവർഷത്തിനിടെ ഇരുനൂറു കോടി ഡോളറിന്റെ (1.47 ലക്ഷം കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടായതിന് പിന്നാലെയാണ് യുഎസ് വാഹനഭീമൻ ഇന്ത്യ വിടാനുള്ള വേദനാജനകമായ തീരുമാനം കൈക്കൊള്ളുന്നത്. ഗുജറാത്തിലെ സാനന്ദ്, ചെന്നൈയിലെ മറൈമലൈ എന്നിവിടങ്ങളിലെ നിർമാണ യൂണിറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഫോർഡിന്റെ തീരുമാനം നാലായിരം പേരുടെ തൊഴിൽ അനിശ്ചിതത്വത്തിലാക്കിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായുള്ള സഹകരണ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫോർഡിന്റെ പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.

പിടിച്ചു നിൽക്കാനാകാതെ പിന്മാറ്റം

ഇന്ത്യയുടെ ബജറ്റ് കാർ വിപണിയിൽ ഫോർഡിന് പിടിച്ചു നിൽക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) കണക്കുപ്രകാരം 2020 ആഗസ്ത് മുതൽ 2021 ആഗസ്ത് വരെയുള്ള കാലയളവിൽ 4.07 ശതമാനം വളർച്ചയാണ് ഫോർഡിന്റെ റീട്ടെയിൽ വിൽപ്പനയിലുണ്ടായത്. ടാറ്റ, ടൊയോട്ട, സ്‌കോഡ, നിസാൻ, ഹോണ്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ വൻ വളർച്ചയുണ്ടാക്കിയ കാലയളവിലാണ് ഫോർഡിന്റെ ദയനീയ പ്രകടനം. 3604 കാറുകൾ മാത്രമാണ് ഇക്കാലയളവിൽ കമ്പനി വിറ്റഴിച്ചത്.


വിൽപ്പനയിൽ മാരുതിയാണ് ഒന്നാം സ്ഥാനത്ത്. 1,08,944 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. വളർച്ച 20.33 ശതമാനം. രാജ്യത്തെ മൊത്തം കാർ വിൽപ്പനയുടെ 43.61 ശതമാനവും കൈയടക്കി വച്ചത് മാരുതി തന്നെ. ഹുണ്ടായി 43,988 കാറുകളും ടാറ്റ 25,577 കാറുകളും വിറ്റഴിച്ചു. 13,900 കാറുകളാണ് കിയ വിറ്റത്. മഹീന്ദ്ര 16,457 ഉം ടൊയോട്ട 10,722 ഉം. പ്രീമിയം സെഗ്മെന്റിൽ കൂടുതൽ വാഹനങ്ങൾ വിറ്റത് മെഴ്‌സിഡസ് ബെൻസാണ്, 1070 യൂണിറ്റ്. 2020ലെ 497ൽ നിന്നാണ് ബെൻസ് ഇത്രയും കാറുകൾ വിറ്റത്.

ഉപഭോക്താക്കളെ കൈവിടില്ല

ഇന്ത്യ വിടാൻ തീരുമാനിച്ചെങ്കിലും രാജ്യത്തെ പത്തു ലക്ഷം വരുന്ന ഉപഭോക്താക്കളെ കൈവിടില്ലെന്ന് ഫോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പാർട്‌സ്, സർവീസ്, വാറണ്ടി സപ്പോർട്ട് എന്നിവ കമ്പനി തുടരും. ഫിഗോ, ആസ്പയർ, ഫ്രീ സ്റ്റൈൽ, ഇകോ സ്‌പോട്ട്, എൻഡീവർ തുടങ്ങിയ വാഹനങ്ങളുടെ വിൽപ്പന സ്‌റ്റോക് അവസാനിക്കുന്നതു വരെ മാത്രമായിരിക്കും. മസ്താങ്, മാക്ക് ഇ, ബ്രോങ്കോ പോലുള്ള ഇറക്കുമതി വാഹനങ്ങൾ മാത്രമേ ഭാവിയിൽ ഇന്ത്യയിൽ ലഭിക്കൂ.


മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് കൈ കൊടുത്ത് ഇന്ത്യൻ വിപണിയിൽ തുടരാനുള്ള ശ്രമം ഫോർഡ് അവസാന നിമിഷം വരെ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ റോയൽറ്റി അടക്കമുള്ള നിരവധി വിഷയങ്ങളിൽ ചർച്ച പ്രതിസന്ധിയിലാകുകയായിരുന്നു.

വിദേശ കമ്പനികളുടെ നിക്ഷേപത്തിനായി കേന്ദ്രസർക്കാർ വാതിൽ തുറന്നിട്ട വേളയിലാണ് ഫോർഡ് രാജ്യം വിടുന്നത്. നാലു വർഷത്തിനിടെ ഇന്ത്യ വിടുന്ന മൂന്നാമത്തെ യുഎസ് കമ്പനിയാണ് ഫോർഡ്. ജനറൽ മോട്ടോഴ്‌സും ഹാർഡി ഡേവിഡ്‌സണുമാണ് നേരത്തെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നത്. 1995ലാണ് മഹീന്ദ്രയ്‌ക്കൊപ്പം ചേർന്ന് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് സ്വതന്ത്ര കമ്പനിയായി മാറി.


TAGS :

Next Story