ഇലക്ട്രിക് കാറിന് റേഞ്ച് കുറവാണോ? ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക
പുതിയ സാങ്കേതികവിദ്യകൾ വരുന്നതോടെ സമീപഭാവിയിൽ തന്നെ റേഞ്ചും ചാർജിങ് സമയത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കും.
ഇന്ധനവില സർവപരിധികളും കടന്ന് പോകുമ്പോൾ കൂടുതൽ ആളുകൾ പെട്രോൾ-ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പക്ഷേ ആ അവസരത്തിൽ അവരെ പിന്നോട്ടടിപ്പിക്കുന്ന ഘടകമാണ് ഇവി വാഹനങ്ങൾ ഒറ്റ ചാർജിലോടുന്ന ദൂരവും (റേഞ്ച്) ബാറ്ററി ചാർജ് ചെയ്യാനെടുക്കുന്ന സമയവും. ഇതിൽ ബാറ്ററി ചാർജ് ചെയ്യാനെടുക്കുന്ന സമയം കുറയണമെങ്കിൽ സാങ്കേതികവിദ്യ മാറണം. അത് തത്കാലം നമ്മുടെ കൈയിലല്ല. എന്നാൽ വാഹനത്തിന് മികച്ച റേഞ്ച് ലഭിക്കാൻ നമ്മുടെ ചില തീരുമാനങ്ങൾ സഹായിക്കും.
1. സ്മൂത്തായി വാഹനമോടിക്കുക
ഇവി എന്നല്ല ഏത് വാഹനവും ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ലീനിയർ ആക്‌സിലേറൻ ചെയ്യുക. പെട്ടെന്നുള്ള ആക്‌സിലിറേഷൻ പരമാവധി ഒഴിവാക്കുക. പിന്നെ കൃത്യമായ സ്പീഡ് തെരഞ്ഞെടുക്കുക നഗരങ്ങളിൽ 40 മുതൽ 60 വരെ കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുക. ഹൈവേകളിൽ സ്പീഡ് ലിമിറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വാഹനമോടിക്കുക.
ഇവി വാഹനങ്ങളുടെ റേഞ്ച് കൂട്ടുന്നതിൽ സഹായിക്കുന്ന മറ്റൊരു ഘടകമാണ് റീ ജനറേറ്റീവ് ബ്രേക്കിങ് സാങ്കേതികവിദ്യ. പുതിയ ഇവി വാഹനങ്ങളിലെല്ലാം ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി ചാർജ് ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. വളരെ കുറഞ്ഞ അളവിലുള്ള ചാർജാണെങ്കിലും ഇതും റേഞ്ച് കൂട്ടാൻ സഹായിക്കും. അതുകൊണ്ട് തന്നെ ബ്രേക്കിങിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. റോഡിലെ സാഹചര്യങ്ങൾ മനസിലാക്കി പെട്ടെന്നുള്ള ബ്രേക്കിങ് പരമാവധി കുറയ്ക്കുക.
ഒട്ടുമിക്ക എല്ലാ ഇവികൾക്കും ഡ്രൈവ് മോഡുകളുണ്ടാകും. മിക്ക സമയത്തും ഇക്കോ മോഡിൽ വണ്ടിയോടിക്കാൻ ശ്രദ്ധിക്കുക. മറ്റു മോഡുകളിൽ പെർഫോമൻസ് കൂടുമെങ്കിലും റേഞ്ച് കുറയും. കൂടാതെ ചുരുക്കം ചില വാഹനങ്ങളിൽ റീ ജനറേറ്റീവ് ബ്രേക്കിങിന്റെ ലെവൽ തീരുമാനിക്കാൻ സാധിക്കും. അതും കൃത്യമായി സെറ്റ് ചെയ്യുക. ഓർക്കുക റീ ജനറേറ്റീവ് ബ്രേക്കിങിന്റെ കൂടിയ മോഡുകൾ നിങ്ങളുടെ വാഹനത്തിന്റെ ബ്രേക്കിങ് കൂട്ടും സ്വാഭാവികമായി തിരിച്ച് വേഗം കൈവരിക്കാൻ കൂടുതൽ ചാർജ് ആവശ്യമായി വരും.
2. എസി കൃത്യമായി ഉപയോഗിക്കുക
വാഹനത്തിന്റെ എസിക്ക് പ്രവർത്തിക്കാനും ചാർജ് നൽകുന്നത് ബാറ്ററിയാണ്. അതുകൊണ്ട് എസിക്ക് അധികം ലോഡ് നൽകാതെയിരിക്കാൻ ശ്രദ്ധിക്കണം. 23-24 ഡിഗ്രി സെൽഷ്യൽസിൽ ക്രമീകരിക്കുന്നതാണ് നല്ലത്. വാഹനം എപ്പോഴും തണലിൽ പാർക്ക് ചെയ്യാനും ശ്രദ്ധിക്കുക.
3. കൃത്യമായ ടയർ പ്രഷർ
ഇവി വാഹനങ്ങളിൽ മാത്രമല്ല എല്ലാ വാഹനങ്ങളിലും ടയർ പ്രഷർ റേഞ്ചിനെ/മൈലേജിനെ സ്വാധീനിക്കുന്ന ഘടകമാണ്. ടയര് പ്രഷർ കൂടിയാൽ റോളിങ് റെസിസ്റ്റൻസ് കുറയുമെങ്കിലും അത് ബ്രേക്കിങ് പ്രകടനം കുറയ്ക്കും. ഇനി ടയർ പ്രഷർ കുറഞ്ഞാൽ റോളിങ് റെസിസ്റ്റൻസ് കൂടും. അത് റേഞ്ച് കുറയ്ക്കും. അതുകൊണ്ട് കാർ നിർമാതാക്കൾ പറയുന്ന ടയർ പ്രഷറിൽ നിന്ന് പരമാവധി ഒന്നോ രണ്ടോ പിഎസ്‌ഐ വ്യത്യാസം മാത്രമേ ടയർ പ്രഷറിലുണ്ടാകാൻ പാടുള്ളൂ.
4. വാഹനത്തിന്റെ ഭാരം കുറയ്ക്കുക
ഒരു വാഹനത്തിന്റെ റേഞ്ച് തീരുമാനിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ് അതിന്റെ വെയിറ്റ്. വാഹനത്തിന്റെ കെർബ് വെയിറ്റിൽ നമ്മുക്ക് മാറ്റം വരുത്താൻ സാധിക്കില്ലെങ്കിലും ചില അനാവശ്യ ലഗേജുകൾ ഉപയോഗിച്ചാൽ ഭാരം കുറയ്ക്കാൻ സാധിക്കും. കൂടാതെ ആക്‌സറികളായ ബുൾ ബാർ, റൂഫ് റാക്ക്‌സ്, ആഫ്റ്റർ മാർക്കറ്റ് റൂഫ് സ്‌പോയിലറുകൾ തുടങ്ങിയ കാര്യങ്ങളും ഒഴിവാക്കുക.
5. കൃത്യമായ ഇടവേളകളിൽ ചാർജ് ചെയ്യുക
ഫോണുകൾ പോലെ തന്നെ ചാർജിങ് കൃത്യമാകേണ്ടത് ഇവി വാഹനങ്ങൾക്കും ആവശ്യമാണ്. ഇത് ബാറ്ററിയുടെ ആയുസും റേഞ്ചും കൂട്ടും. ഒരിക്കലും ബാറ്ററി പൂർണമായും ഡ്രെയിൻ ചെയ്യാൻ അനുവദിക്കരുത്. 20 ശതമാനത്തിന് താഴെ ചാർജെത്തുമ്പോൾ തന്നെ ചാർജ് ചെയ്യാൻ ശ്രദ്ധിക്കുക. കൂടാതെ കമ്പനികൾ നൽകുന്ന സോഫ്റ്റ് വെയർ/ഹാർഡ് വെയർ അപ്‌ഡേറ്റുകൾ കൃത്യമായി ചെയ്യുക.
ഇവി വാഹനങ്ങളുടെ റേഞ്ച് കാലം ചെല്ലും തോറും കൂടിവരികയാണ്. പുതിയ സാങ്കേതികവിദ്യകൾ വരുന്നതോടെ സമീപഭാവിയിൽ തന്നെ റേഞ്ചും ചാർജിങ് സമയത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കും.
Summary: range saving tips: How to get the most out of electric car
Adjust Story Font
16