Quantcast

ടെസ്‍ലയുടെ വരവിന് വഴിതെളിയുന്നു; ഇ.വികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു

ഇളവ് ലഭിക്കാൻ കേന്ദ്ര സർക്കാർ നിബന്ധനകൾ വെച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    17 March 2024 11:28 AM GMT

Tesla calls test drivers; Salary up to Rs.3950 per hour
X

ന്യൂഡൽഹി: വിദേശ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇ.വികളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചിരിക്കുകയാണ് കേന്ദ്രം.

അതേസമയം, ഇളവ് ലഭിക്കാൻ നിബന്ധനകൾ വെച്ചിട്ടുണ്ട് സർക്കാർ. നിർമാതാക്കൾ കുറഞ്ഞത് 4150 കോടി രൂപയെങ്കിലും രാജ്യത്ത് നിക്ഷേപിക്കേണ്ടതുണ്ട്.

മൂന്ന് വർഷത്തിനകം രാജ്യത്ത് നിർമാണ യൂനിറ്റുകൾ സ്ഥാപിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ ഇ.വി ഉൽപ്പാദനം ആരംഭിക്കുകയും വേണം. ആദ്യ മൂന്ന് വർഷത്തിനുള്ളിൽ 25 ശതമാനവും അഞ്ച് വർഷത്തിനകം 50 ശതമാനം നിർമാണവും കമ്പനികൾ ആരംഭിക്കണം.

പുതിയ നയം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാ​ങ്കേതിക വിദ്യ ലഭിക്കാൻ സഹായിക്കുമെന്ന് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയം. ഇ.വി നിർമാണം ഉയരുന്നതോടെ കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉടലെടുക്കുകയും ഇ.വി ആവാസ വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും. കൂടാതെ ഉൽപ്പാദനച്ചെലവ് കുറയുകയും ചെയ്യുമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഉയർന്ന ഇറക്കുമതി തീരുവ ടെസ്‍ല പോലുള്ള അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിച്ചിരുന്നു. തീരുവ കുറക്കുന്നത് അടക്കമുള്ള ഇളവുകൾ സംബന്ധിച്ച് ടെസ്‍ല അധികൃതർ കേന്ദ്ര സർക്കാറുമായി ചർച്ച നടത്തിയിരുന്നു.

നിലവിൽ ഏകദേശം 33 ലക്ഷം രൂപ വിലയുള്ള വാഹനങ്ങൾ പൂർണമായും നിർമിച്ച് ഇറക്കുമതി ചെയ്യാൻ 100 ശതാമാനമാണ് കസ്റ്റം ഡ്യൂട്ടി നൽകേണ്ടത്. 33 ലക്ഷത്തിന് ത​ാഴെയുള്ള വാഹനങ്ങൾക്കിത് 60 ശതമാനമാണ്.

പുതിയ നയം ഇ.വി മേഖലയിലെ നവീകരണവും വളർച്ചയും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് സ്‌നാപ്പ് ഇ-കാബ്‌സിൻ്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മായങ്ക് ബിന്ദാൽ പറഞ്ഞു. പുതിയ നയം വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുക മാത്രമല്ല, നിക്ഷേപത്തിനും ആഭ്യന്തര ഉൽപ്പാദനത്തിനുമുള്ള പ്രോത്സാഹനങ്ങളിലൂടെ ഇ.വി നിർമ്മാണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇത്തരം ഇളവുകൾക്കെതിരെ നേരത്തേ ടാറ്റ മോട്ടോഴ്സ് പോലുള്ള കമ്പനികൾ എതിർപ്പ് അറിയിച്ചിരുന്നു. ഇന്ത്യൻ കമ്പനികളുടെ നിലനിൽപ്പിനെ ഇത് ബാധിക്കുമെന്നാണ് പ്രധാന ആരോപണം.

TAGS :

Next Story