ഇന്ധനക്ഷമത കൂടിയതും മലിനീകരണം കുറഞ്ഞതുമായ എക്‌സ്ട്രാ ഗ്രീൻ ഡീസൽ പുറത്തിറക്കി ഇന്ത്യൻ ഓയിൽ
എക്‌സ്ട്രാ ഗ്രീൻ ഡീസൽ ഉപയോഗിക്കുന്നത് വഴി അഞ്ചു മുതൽ ആറു ശതമാനം വരെ ഇന്ധനക്ഷമത കൂടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ധനവിലയും വായു മലിനീകരണ നിരക്കും രാജ്യത്ത് കുതിച്ചുകയറുമ്പോൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇന്ധനക്ഷമത കൂടിയ ഡീസൽ പുറത്തിറക്കി ഇന്ത്യൻ ഓയിൽ. എക്‌സ്ട്രാ ഗ്രീൻ ഡീസൽ എന്ന് പേരിട്ടിരിക്കുന്ന ഇന്ധനം രാജ്യത്തെ 63 നഗരങ്ങളിലെ 126 പമ്പുകളിൽ ലഭ്യമാകുമെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്.
പരിഷ്‌കരിച്ച ഡിഎംഎഫ്എ (ഡീസൽ മൾട്ടി ഫംഗ്ഷണൽ അഡിറ്റീവ്) ഉപയോഗിച്ചാണ് പുകയുടെ പുറന്തള്ളൽ കുറയ്ക്കുകയും ഇന്ധനക്ഷമത കൂട്ടുകയും ചെയ്യുന്നത്. 2070 ഓടെ സീറോ കാർബൺ ബഹിർഗമന രാജ്യം എന്ന ലക്ഷ്യത്തേക്കുള്ള ചവിട്ടുപടിയായാണ് ഐഒസി ഇതിനെ അവതരിപ്പിക്കുന്നത്.
എക്‌സ്ട്രാ ഗ്രീൻ ഡീസൽ ഉപയോഗിക്കുന്നത് വഴി അഞ്ചു മുതൽ ആറു ശതമാനം വരെ ഇന്ധനക്ഷമത കൂടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാർബൺ ഡയോക്‌സൈഡ് ബഹിർഗമനം ഒരു ലിറ്റർ ഡീസലിന് 130ജിഎം വരെ കുറയ്ക്കാനും ഈ ഇന്ധനം സഹായിക്കും. കൂടാതെ കാർബൺ മോണോക്‌സൈഡ് ബഹിർഗമനം 5.29 ശതമാനം വരെയും നൈട്രിക് ഓക്‌സൈഡിന്റെ പുറന്തള്ളൽ 4.99 ശതമാനം വരെയും എക്‌സ്ട്രാ ഗ്രീൻ ഡീസൽ കുറയ്ക്കും. എഞ്ചിന് ശബ്ദം കുറയ്ക്കാനും ഈ ഡീസൽ സഹായിക്കും.
Adjust Story Font
16