കുതിച്ച് കയറി ബുക്കിങ്, പക്ഷേ കയ്യിൽ കിട്ടാൻ 2 വർഷം കാത്തിരിക്കണം; 1.5 ലക്ഷം ബുക്കിങ് കടന്ന് മഹീന്ദ്ര XUV700
2021 ഓഗസ്റ്റിലാണ് മഹീന്ദ്ര, നൂതന സവിശേഷതകളുമായി ഇന്ത്യയില്‍ XUV700 അവതരിപ്പിക്കുന്നത്
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മഹീന്ദ്ര, നിരവധി നൂതന സവിശേഷതകളുമായി ഇന്ത്യയിൽ XUV700 അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചതു മുതൽ വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. നാളിതുവരെ 1.50 ലക്ഷത്തിലേറെ ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി പറയുന്നു. ഓഗസ്റ്റിൽ ലോഞ്ച് ചെയ്‌തെങ്കിലും ഒക്ടോബർ 7 ന് മാത്രമാണ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ 50,000 ബുക്കിങുകൾ വാഹനത്തിന് ലഭിച്ചു. ഓരോ മാസവും 8,000 മുതൽ 10,000 വരെ ബുക്കിങ്ങുകൾ ഉണ്ടാവുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
എന്നാൽ ബുക്കിങുകൾ കൂമ്പാരമായെങ്കിലും വാഹനത്തിന്റെ ഉത്പാദനവും ഡെലിവറിയും അത്ര വേഗത്തിലായില്ല. ആഗോള ചിപ്പ് പ്രതിസന്ധിയാണ് പ്രൊഡക്ഷൻ വൈകുന്നതിൽ പ്രധാന വെല്ലുവിളി. രജിസ്റ്റർ ചെയ്ത 1.5 ലക്ഷം ബുക്കിങ്ങുകളിൽ, 2022 ജൂൺ അവസാനം വരെ 41,846 യൂണിറ്റുകൾ നൽകി. പ്രതിമാസ ശരാശരി വിൽപ്പന ഏകദേശം 4,185 യൂണിറ്റാണ്. ഉൽപ്പാദനത്തിലെ വർദ്ധനവ്, വിൽപ്പന ക്രമാനുഗതമായി വർദ്ധിക്കുന്നുവെന്നും കമ്പനി പറയുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്പനി നാല് വേരിയന്റുകളുള്ള ഫ്ളാഗ്ഷിപ്പ് എസ്.യു.വികള്‍ അവതരിപ്പിച്ചത്. 11.9 ലക്ഷം രൂപ മുതൽ 14.99 ലക്ഷം വരെയാണ് വില. മഹീന്ദ്രയുടെ പുതിയ ബ്രാൻഡ് ലോഗോയിൽ പുറത്തിറങ്ങുന്ന കാർ കൂടിയാണ് XUV700. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ ലഭിക്കുന്ന ഈ 7 സീറ്ററിന് 12.96 ലക്ഷം മുതൽ 23.80 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഫയരും 2750 എം.എം. വീൽബേസ് എന്നിങ്ങനെയാണ് XUV700-ന്റെ അഴകളവ്. പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആർ.എൽ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോർട്ടി ഭാവവും നൽകി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീൽ, എൽ.ഇ.ഡി. ടെയ്ൽലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിന് പുതുമയേകുന്നത്.
ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോണമസ് എമർജൻസി ബ്രേക്ക്, ലൈൻ ഡിപാർച്ചർ വാണിങ്, ലൈൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന അഡ്വൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (അഡാസ്) ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും മഹീന്ദ്ര തയ്യാറല്ല. ഏഴു എയർബാഗുകൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, സ്മാർട് പൈലറ്റ് അസിസ്റ്റ് എന്നിവയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. പെട്രോൾ എൻജിൻ 197 ബി.എച്ച്.പി. പവറും 380 എൻ.എം.ടോർക്കുമാണ് നൽകുന്നത്. ഡീസൽ എൻജിൻ രണ്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്. 153, 182 ബി.എച്ച്.പി. പവറും 360, 420 എൻ.എം. ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്. സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് എക്സ്.യു.വി. 700-ൽ ഒരുക്കിയിട്ടുള്ളത്. സോണിയുടെ 12 സ്പീക്കറുകൾ, ത്രീഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഐസ്ഒഫിക്‌സ് സീറ്റ് മൗണ്ട്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഡൈനാമിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.
Adjust Story Font
16