ഇനി സുരക്ഷയില്ലെന്ന് പറയരുത്; 5 സ്റ്റാർ റേറ്റിങ്ങുമായി മാരുതി ഡിസയർ
ആദ്യമായിട്ടാണ് മാരുതിയുടെ വാഹനം 5 സ്റ്റാർ റേറ്റിങ് നേടുന്നത്
വാഹന വിൽപനയുടെ കണക്കുകളിൽ മുന്നിലാണെങ്കിലും സുരക്ഷയുടെ പേരിൽ എന്നും പഴികേൾക്കുന്നവരാണ് മാരുതി. പപ്പടമടക്കമുള്ള പരിഹാസ വിളികൾ നിരന്തരം ഉയരാറുണ്ട്. എന്നാൽ, ഏറെനാളായി ഇതിനെല്ലാം അറുതിവരുത്താനുള്ള തയാറെടുപ്പിലായിരുന്നു കമ്പനി. അതിൽ ലക്ഷ്യം കണ്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
നാലാം തലമുറ ഡിസയറിന്റെ സുരക്ഷാ റേറ്റിങ് പുറത്തുവന്നിരിക്കുകയാണ്. ഗ്ലോബൽ എൻകാപിൽ 5 സ്റ്റാർ റേറ്റിങ്ങാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് മാരുതിയുടെ ഒരു വാഹനം ഗ്ലോബൽ എൻകാപിൽ 5 സ്റ്റാർ റേറ്റിങ് നേടുന്നത്. ഒരു സൂചകമായി എടുക്കാൻ മൂന്നാം തലമുറ ഡിസയറും ഇതോടൊപ്പം പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇതിൽ 2 സ്റ്റാർ റേറ്റിങ് മാത്രമാണ് ലഭിച്ചത്. ബോഡിഷെല്ലും ഫൂട്ട്വെൽ ഭാഗവുമെല്ലാം അസ്ഥിരമായിട്ടാണ് രേഖപ്പെടുത്തിയത്.
നാലാം തലമുറ ഡിസയർ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 34ൽ 31.24 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49ൽ 39.20 പോയിന്റും നേടി. മുന്നിൽനിന്നുള്ള ആഘാത പരീക്ഷണത്തിൽ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് വാഹനം ഉറപ്പാക്കുന്നത്. കാൽമുട്ടുകൾക്കും മികച്ച സംരക്ഷണമാണുള്ളത്. ഫൂട്ട്വെൽ ഭാഗവും ബോഡിഷെല്ലും സ്ഥിരതയുള്ളതായും റേറ്റിങ്ങിൽ പറയുന്നു. വശത്തുനിന്നുള്ള ഇടിയിൽ തലയ്ക്കും നെഞ്ചിനും വയറിനും ഇടുപ്പിനുമെല്ലാം മികച്ച സംരക്ഷണമാണ് വാഗ്ദാനം ചെയ്യുന്നത്.
ആറ് എയർ ബാഗുകളാണ് വാഹനത്തിലുള്ളത്. കൂടാതെ ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയോട് കൂടിയ എബിഎസ് തുടങ്ങിയ ഫീച്ചറുകളുമായി സുരക്ഷയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഡിസയർ.
നവംബർ 11നാണ് നാലാം തലമുറ ഡിസയർ ഔദ്യോഗികമായി പുറത്തിറക്കുക. 1.2 ലിറ്റർ ഇസഡ് സീരീസ് എന്‍ജിനാണ് ഇതിലുണ്ടാവുക. മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 80 ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 ഗിയര്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളാണ് മാരുതി നല്‍കുന്നത്. മാനുവലിന് 24.79 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 25.71 കിലോമീറ്ററുമാണ് എആർഎഐ പ്രകാരമുള്ള മൈലേജ്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി മോഡലും ഭാവിയിൽ കമ്പനി പുറത്തിറക്കും.
ഇന്ത്യയിലെ നാല് മീറ്ററിന് താഴെയുള്ള കോംപാക്ട് സെഡാനുകളില്‍ എന്നും മുന്‍നിരയിലുള്ള മോഡലാണ് ഡിസയർ. 2008ലാണ് ആദ്യ ജനറേഷന്‍ വരുന്നത്. സ്വിഫ്റ്റ് ഡിസയര്‍ എന്നായിരുന്നു ആദ്യകാലത്തെ പേര്. 16 വര്‍ഷം കൊണ്ട് 27 ലക്ഷം യൂനിറ്റുകളാണ് വില്‍ക്കാന്‍ സാധിച്ചത്. നിലവില്‍ മൂന്നാം ജനറേഷനാണ് നിരത്തില്‍ ഓടുന്നത്. 2017ലാണ് ഇത് കമ്പനി പുറത്തിറക്കിയത്. നേരത്തേ ഡീസല്‍ എന്‍ജിനും ലഭ്യമായിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി.
നാലാം ജനറേഷനില്‍ എത്തുമ്പോള്‍ കൂടുതല്‍ ഫീച്ചറുകളാണ് മാരുതി കൊണ്ടുവരുന്നത്. സണ്‍റൂഫ് ആദ്യമായിട്ട് ഇടംപിടിക്കും. 360 ഡിഗ്രി കാമറ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം വാഹനത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഏഴ് ലക്ഷം മുതലാകും വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് വിവരം.
Adjust Story Font
16