ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഒരു മില്യൺ ക്ലബിൽ കയറി നിസാൻ
2010 ലാണ് മൈക്ര എന്ന ഹാച്ച്ബാക്ക് കയറ്റി അയച്ച് നിസാൻ ഇന്ത്യയിൽ നിന്നുള്ള എക്‌സ്‌പോർട്ട് ആരംഭിച്ചത്.
ഇന്ത്യയിലെ പ്രതിമാസ വാഹന വിൽപ്പന ചാർട്ടിൽ മുൻനിരയിലല്ലെങ്കിലും ജപ്പാനീസ് കാർ നിർമാതാക്കളായ നിസാന് മറ്റൊരു ഇന്റർനാഷണൽ മുഖം കൂടിയുണ്ട്. ഇന്ത്യയിലെ ചെന്നൈ പ്ലാന്റിൽ നിന്ന് 108 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട് നിസാൻ. 10 ലക്ഷം യൂണിറ്റുകൾ കടന്നിരിക്കുകയാണ് നിസാന്റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി.
2010 ലാണ് മൈക്ര എന്ന ഹാച്ച്ബാക്ക് കയറ്റി അയച്ച് നിസാൻ ഇന്ത്യയിൽ നിന്നുള്ള എക്‌സ്‌പോർട്ട് ആരംഭിച്ചത്. എക്‌സ്‌പോർട്ട് ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം വാഹനങ്ങൾ അവർ കയറ്റിയയച്ചിരുന്നു. 2017 ൽ ഏഴ് ലക്ഷം എന്ന നാഴികകല്ല് അവർ പിന്നിട്ടു. മൈക്രയായിരുന്നു അന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത മോഡൽ. രണ്ടാമതുള്ളത് സണ്ണിയാണ്. ഡാറ്റ്‌സൺ ഗോ, ഡാറ്റ്‌സൺ ഗോ പ്ലസ് എന്നിവയാണ് അതിനു പിന്നിലുള്ളത്. ഈ വർഷം ഏപ്രിലിൽ ഡാറ്റ്‌സൺ ബ്രാൻഡ് നിസാൻ അവസാനിപ്പിച്ചിരുന്നു.
2018 മൈക്രയുടെ ഉത്പാദനം യൂറോപ്പിലേക്ക് മാറ്റിയതോടെ ഇന്ത്യയിൽ നിന്നുള്ള നിസാന്റെ കയറ്റുമതിയിൽ വൻ ഇടിവാണുണ്ടായത്. മൈക്രയുടേയും സണ്ണിയുടേയും ടെറാനോയുടെയും ഇന്ത്യയിലെ വിൽപ്പന 2020 ൽ അവർ അവസാനിപ്പിച്ചിരുന്നു. 2022 ലേക്ക് വരുമ്പോൾ നിസാന്റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ പുരോഗതി വരുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 32,390 യൂണിറ്റുകൾ കയറ്റുമതി ചെയ്ത അവർ 2022 സാമ്പത്തിക വർഷത്തിൽ 39,005 യൂണിറ്റുകൾ മറ്റു രാജ്യങ്ങളിലേക്ക് അയച്ചു. 2023 സാമ്പത്തിക വർഷത്തിൽ ഇതുവരെ 11,000 യൂണിറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യാനും സാധിച്ചിട്ടുണ്ട്.
നിലവിൽ നിസാൻ എക്‌സ്‌പോർട്ട് ബേസ് യൂറോപ്പിൽ നിന്ന് മധ്യ-കിഴക്കൻ രാജ്യങ്ങളിലേക്ക് മാറ്റുകയാണ്. മാഗ്നൈറ്റ്, കിക്ക്‌സ്, ജിടി-ആർ എന്നിവയാണ് നിലവിൽ ഇന്ത്യയിലുള്ള നിസാൻ മോഡലുകൾ.
Adjust Story Font
16