Quantcast

ഒല 1,441 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചു

ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-04-24 07:32:05.0

Published:

24 April 2022 6:51 AM GMT

ഒല 1,441 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചു
X

ഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തിരിച്ചുവിളിച്ച് ഒല. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി കമ്പനി തന്നെയാണ് പ്രസ്താവനയിറക്കിയത്. മാർച്ച് 26ന് പൂനെയിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും കമ്പനി അറിയിച്ചു.

എന്നിരുന്നാലും, ഒരു മുൻകൂർ നടപടിയെന്ന നിലയിൽ ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ പരിശോധനകൾ നടത്തുമെന്നും അതിനാൽ 1,441 വാഹനങ്ങൾ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഈ സ്‌കൂട്ടറുകൾ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു.ബാറ്ററി സംവിധാനങ്ങൾ യൂറോപ്യൻ സ്റ്റാൻഡേർഡ് ഇ.സി.ഇ 136 ന് അനുസൃതമായി പ്രവർത്തിക്കുന്നതാണ്. ഇതിന് പുറമെ ഇന്ത്യയ്ക്കുള്ള ഏറ്റവും പുതിയ നിർദ്ദേശിത മാനദണ്ഡമായ എഐഎസ് 156-നായി പരീക്ഷിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് പറഞ്ഞു.

അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന വ്യാപകമായ സംഭവങ്ങൾ നിർമ്മാതാക്കളെ അവരുടെ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങി പിറ്റേ ദിവസം തന്നെ ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച് 40 കാരൻ മരിച്ചിരുന്നു. ഭാര്യയും മക്കളും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.

ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. പ്യുർ ഇവി ഏകദേശം 2,000 യൂണിറ്റുകളും തിരിച്ചുവിളിച്ചു. തീപിടിത്ത സംഭവങ്ങൾ പരിശോധിക്കാൻ സർക്കാര്‍ ഒരു പാനൽ രൂപീകരിക്കുകയും കമ്പനികൾ അശ്രദ്ധ കാണിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

TAGS :

Next Story