ഒല ഇലക്ട്രിക് എസ് 1 പ്രോ വാങ്ങാം സെപ്തംബർ ഒന്ന് മുതൽ
ഒറ്റച്ചാർജിൽ 500 കിലോമീറ്റർ വരെ ഓടിക്കാനാകുന്ന ഇലക്ട്രിക് കാർ 2024 ഓടെ പുറത്തിറക്കുമെന്ന് ഒല പ്രഖ്യാപിച്ചിട്ടുണ്ട്
- Updated:
2022-08-30 13:04:05.0
ഒല ഇലക്ട്രിക് എസ് 1 ഇ- സ്‌കൂട്ടർ സെപ്തംബർ ഒന്നു മുതൽ വാങ്ങാം. നിലവിൽ നിർത്തിവെച്ചിരിക്കുന്ന ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് കമ്പനി അധികൃതർ ഈയടുത്ത് അറിയിച്ചിരുന്നു. സെപ്തംബർ 15 ഓടെ എസ്. 1 പ്രോ ഇ- സ്‌കൂട്ടർ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒല വ്യക്തമാക്കി. 1,39,999 രൂപയാണ് നിലവിൽ മോഡലിന്റെ എക്‌സ് ഷോറൂം വില.
ഈ മാസമാദ്യത്തിൽ കമ്പനി പുറത്തിറക്കിയ എസ്. 1 കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ഫോൺ അപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാനാകും. ആഗസ്റ്റ് 31 വരെയാണ് മോഡൽ ലഭിക്കുക. 99,999 രൂപയിൽ ആരംഭിക്കുന്ന പുതിയ എസ്. 1 ഇ- സ്‌കൂട്ടറിന്റെ എൻട്രി ലെവൽ വേരിയൻറാണ്. സെപ്തംബർ രണ്ടാം വാരത്തോടെ ഈ മോഡലും വിതരണം ചെയ്യും. എസ്. 1 പ്രോയേക്കാൾ കുറഞ്ഞ ഫീച്ചറുകൾ മാത്രമാണ് ഈ മോഡലിനുണ്ടാകുക. ചെറു ബാറ്ററിയുമാണുണ്ടാകുക. 3 കെ.ഡബ്ല്യു.എച്ച് ബാറ്ററി അഞ്ചു മണിക്കൂർ കൊണ്ടാണ് ചാർജ് ചെയ്യാനാകുക. മുഴുവൻ ചാർജാക്കിയാൽ എക്കോ മോഡിൽ 128 കിലോമീറ്റർ ഓടിക്കാനാകും. നോർമൽ, സ്‌പോർട്‌സ് മോഡുകളുമുണ്ട്. യഥാക്രമം 101, 90 കിലോമീറ്ററാണ് ഇവയുടെ റേഞ്ച്. എസ്. 1
പ്രോയിലുള്ള ഹൈപ്പർ മോഡ് ഈ മോഡലിനുണ്ടാകില്ല. 2024 ഓടെ തങ്ങളുടെ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 500 കിലോമീറ്റർ വരെ കാർ ഓടിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 0-100 കിലോ പർ അവർ അക്‌സിലറേഷൻ നാലു സെക്കൻഡ് കൊണ്ട് സാധ്യമാകുമെന്നും കമ്പനി പറയുന്നുണ്ട്.
Ola Electric S1e-scooter can be purchased from September 1
Adjust Story Font
16