മോശം സർവീസിനെച്ചൊല്ലി കുനാൽ കംറയും സിഇഒയും തമ്മിൽ പോര്; ഒലയുടെ ഓഹരി കുത്തനെ ഇടിഞ്ഞു
വിപണി വിഹിതം സെപ്റ്റംബറിൽ 50 ശതമാനത്തിൽനിന്ന് 27 ആയി കുറഞ്ഞു
ഒല സ്കൂട്ടറിനെക്കുറിച്ചുള്ള പരാതികൾ വാഹനം വിപണയിലിറങ്ങിയത് മുതൽ ആരംഭിച്ചതാണ്. വാഹനം കത്തിപ്പിടിക്കുക, മുൻവശം മുറിഞ്ഞുവീഴുക, മതിയായ സർവീസ് ലഭിക്കാതിരിക്കുക, അമിത വേഗതയിൽ പിന്നിലേക്ക് നീങ്ങുക തുടങ്ങി അനവധി പരാതികളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ഈ പരാതികളെ ചൊല്ലി ഇപ്പോൾ സോഷ്യൽ മീഡിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ കംറയും ഒല ഇലക്ട്രിക്കിന്റെ സിഇഒയുമായ ഭാവിഷ് അഗർവാളും. സാമൂഹിക മാധ്യമത്തിലൂടെയുള്ള ഇവർ തമ്മിലെ ചേരിപ്പോരിൽ ഒല ഇലക്ട്രികിന്റെ ഓഹരിമൂല്യത്തിൽ 9.4 ശതമാനമാണ് കുറവ് സംഭവിച്ചിരിക്കുന്നത്.
ഒലയുടെ സർവീസ് സെന്ററിൽ നന്നാക്കാതെ കിടക്കുന്ന പൊടിപിടിച്ച സ്കൂട്ടറുകളുടെ ചിത്രം ‘എക്സി’ൽ പങ്കുവെച്ചുകൊണ്ടാണ് കുനാൽ കംറ ‘യുദ്ധ’ത്തിന് തുടക്കമിട്ടത്. ഇന്ത്യൻ ഉപഭോക്താക്കൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്ന ദൈനംദിന ജീവനക്കാർ ഇത്രയും മോശം സർവീസാണോ അർഹിക്കുന്നതെന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം. ‘ഇന്ത്യൻ ഉപഭോക്താളുടെ ശബ്ദം എവിടെ? ഇതാണോ അവർ അർഹിക്കുന്നത്? ആർക്കെങ്കിലും ഒല ഇലക്ട്രിക്കുമായി പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ അനുഭവം പങ്കുവെക്കൂ’ എന്നും കുനാൽ കംറ കുറിച്ചു. ഒലയുടെ സർവീസ് വളരെ ദയനീയമാണെന്ന് ഒരാൾ ഇതിന് മറുപടി നൽകി. ഒലയുടെ നേതാവിന് മറുപടിയില്ല എന്നതാണ് ഏറ്റവും മോശമായ കാര്യമെന്നായിരുന്നു ഇതിന് കംറ നൽകിയ മറുപടി.
ഇതോടെ ഒല സിഇഒ ഭാവിഷ് അഗർവാൾ പ്രതികരണവുമായി രംഗത്തുവന്നു. പണം വാങ്ങിയാണ് കംറ ട്വീറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ അദ്ദേഹത്തെ കമ്പനിയിലേക്ക് ക്ഷണിക്കുകയും സർവീസ് സെന്ററിന്റെ നിലവാരം മെച്ചെപ്പെടുത്താൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. പണം വാങ്ങിക്കൊണ്ടുള്ള ഈ ട്വീറ്റിനേക്കാളും പരാജയപ്പെട്ട താങ്കളുടെ കോമഡി കരിയറിനേക്കാളും കൂടുതൽ തുക നൽകാമെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാൽ, താൻ ആരുടെയും കൈയിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്ന് കംറയും പ്രതികരിച്ചു. ഇങ്ങനെ പണം വാങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് വീട്ടിൽ മിണ്ടാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിഷ് അഹങ്കാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവീസ് സെന്ററിലേക്ക് വരൂ, ഇവിടെ നമുക്ക് കൂടുതൽ ജോലിയുണ്ടെന്നും നിങ്ങളുടെ പരാജയപ്പെട്ട കോമഡി ഷോക്കാൾ പണം നൽകാമെന്നുമായിരുന്നു ഇതിനും ഭാവിഷിന്റെ മറുപടി. എന്നാൽ, മോശം വാഹനം ലഭിച്ച ഉപഭോക്താക്കൾക്ക് പണം തിരികെ നൽകണമെന്ന് കംറ ആവശ്യപ്പെട്ടു.
അതേസമയം, സർവീസ് വൈകുന്നവർക്ക് ഒല പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് ഭാവിഷ് മറുപടി നൽകി. സർവീസ് വൈകിയാൽ ഒല കാബിൽ സൗജന്യ യാത്രയടക്കമുള്ള പദ്ധതികൾ കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്.
സ്കൂട്ടറുകളുടെ പ്രശ്നങ്ങൾ വർധിച്ചതോടെ കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒല ഇലക്ട്രിക്കിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഉപഭോക്ത്യ അവകാശങ്ങളുടെ ലംഘനം, തെറ്റിദ്ധാരണ പരത്തുന്ന പരസ്യം, തെറ്റായ വ്യാപാര നടപടികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
വാഹനം സംബന്ധിച്ച പരാതികൾ വർധിച്ചതോടെ വിൽപനയിൽ വലിയരീതിയിലുള്ള ഇടിവും കമ്പനി നേരിടുന്നുണ്ട്. വിപണി വിഹിതം സെപ്റ്റംബറിൽ 50 ശതമാനത്തിൽനിന്ന് 27 ശതമാനമായി കൂപ്പുകുത്തി. ഇത് കൂടാതെയാണ് ഷെയർമാർക്കറ്റിലെ തിരിച്ചടി. കഴിഞ്ഞ ആഗസ്റ്റിലാണ് ഒല ഇലക്ട്രിക് മൊബിലിറ്റി ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നത്. 76 രൂപയായിരുന്നു ഒരു ഷെയറിന്റെ മൂല്യം. ഇത് പിന്നീട് ഉയർന്ന് 157.4 രൂപയിൽ എത്തി. അതാണ് കഴിഞ്ഞദിവസം 89.7 രൂപയിലേക്ക് താഴ്ന്നത്.
Adjust Story Font
16