വാഹനം അപകടത്തിൽപെട്ടാൽ മൊബൈൽ നമ്പറിൽ എസ്.എം.എസ് അലർട്ട് ലഭിക്കും; സുരക്ഷാ-മിത്ര സംവിധാനം നിലവിൽ വന്നു
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽനിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ.്എം.എസ് സന്ദേശമായി ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വാഹന സഞ്ചാരവേളയിൽ അസ്വഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര.
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്.എം.എസ് സന്ദേശമായി ലഭിക്കും. വാഹനം എന്തെങ്കിലും അപകടത്തിൽപെട്ടാലോ ഡ്രൈവർമാർ അമിതവേഗത്തിൽ വണ്ടിയോടിച്ചാലോ ഉടൻ ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയും ഇ-മെയിൽ ആയും അലർട്ടുകൾ ലഭിക്കും.
സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഉടമകൾക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലുമാണ് അലർട്ട് സന്ദേശങ്ങൾ എത്തുന്നത്. നമ്പറിലും ഇ-മെയിൽ ഐഡിയിലും മാറ്റംവന്നാൽ surakshamitr@cdac.inഎന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തൽ വരുത്തണം.
നിർഭയ പദ്ധതി പ്രകാരം കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകടരഹിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു.
Summary: Owners will receive SMS alerts on their mobile number if their vehicles meet with any accident; Suraksha-Mitra system introduced in the state
Adjust Story Font
16