ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് അവതരിപ്പിച്ച് സ്വിച്ച്
കാറുകൾക്ക് സമാനമായ ഇന്റീരിയറാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് പുറത്തിറക്കി അശോക് ലെയ്‌ലൻഡിന്റെ സബ്‌സിഡയറി കമ്പനിയായ സ്വിച്ച് മൊബിലിറ്റി. സ്വിച്ച് ഇഐവി 22 (Switch EiV 22) എന്നാണ് മോഡലിന്റെ പേര്. ഇരട്ട ഡോറുകളും ഇരട്ട് കോണിപ്പടികളും ഉള്ള ഈ മോഡൽ പൂർണമായും ശീതീകരിച്ചതാണ്. അലുമിനിയത്തിൽ നിർമിച്ച ബോഡിയുള്ള ഈ വാഹനം ഉയർന്ന പാസഞ്ചർ-വെയിറ്റ് റേഷ്യോ പാലിക്കുന്നുണ്ട്. ഇത് വാഹനത്തിന്റെ റണ്ണിങ് കോസ്റ്റ് കുറക്കുന്നതിൽ നന്നായി സഹായിക്കുന്നുണ്ട്.
65 പേർക്കാണ് ഈ ബസിൽ സഞ്ചരിക്കാനാകുക. കാറുകൾക്ക് സമാനമായ ഇന്റീരിയറാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 231 കെഡബ്ലൂഎച്ച് കപ്പാസിറ്റിയുള്ള, 2 സ്ട്രിങ്, ലിക്വിഡ് കൂൾഡ്, ഉയർന്ന ഡെൻസിറ്റിയുള്ള എൻഎംസി ബാറ്ററി പാക്കാണ് സ്വിച്ച് ഇഐവി 22 വിന്റെ ബാറ്ററി കരുത്ത്. ഡ്യൂവൽ ഗൺ ചാർജിങും ഈ ബാറ്ററി പിന്തുണക്കുന്നുണ്ട്. 250 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന ഫുൾ ചാർജ് റേഞ്ച്. ഓരോ ഇലക്ട്രിക് ബസും പ്രതിമാസം ശരാശരി 1.3 ലക്ഷം ലിറ്റർ ഡീസൽ ലാഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സ്വിച്ചിന്റെ തമിഴ്‌നാട്ടിലുള്ള എന്നോറിലുള്ള പ്ലാന്റിൽ വച്ചാണ് സ്വിച്ച് ഇഐവി 22 നിർമിക്കുക. മുംബൈയിലെ ട്രാൻസ്‌പോർട്ട് കമ്പനിയായ ബിഇഎസ്ടി (BEST) നിലവിൽ 200 യൂണിറ്റിന് ഓർഡർ നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
Adjust Story Font
16