Quantcast

മൈക്രോ എസ്.യു.വി വിഭാഗത്തിലേക്ക് ടാറ്റയുടെ പുതിയ അവതാരം വരുന്നു-പഞ്ച്

2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പുറത്തുവിട്ട എച്ച്.ബി.എക്‌സ് എന്ന കൺസപ്റ്റ് മോഡലാണ് പഞ്ച് എന്ന പേരിൽ പുറത്തിറക്കുന്നത്. ടാറ്റയുടെ കോപാക്ട് എസ്.യു.വിയായ നെക്‌സോണിന്റെ തൊട്ടുതാഴെയാണ് പഞ്ചിനെ കമ്പനി അവതരിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 Aug 2021 12:59 PM GMT

മൈക്രോ എസ്.യു.വി വിഭാഗത്തിലേക്ക് ടാറ്റയുടെ പുതിയ അവതാരം വരുന്നു-പഞ്ച്
X

ഇന്ത്യയിൽ അതിവേഗം വളരുന്ന വാഹനവിഭാഗമായ മൈക്രോ എസ്.യു.വി വിഭാഗത്തിലേക്ക് ടാറ്റയുടെ പുതിയ അവതാരമെത്തുന്നു. ടാറ്റ പഞ്ച് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ എക്സ്റ്റീരിയർ ചിത്രം കഴിഞ്ഞദിവസം കമ്പനി പുറത്തുവിട്ടു. 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പുറത്തുവിട്ട എച്ച്.ബി.എക്‌സ് എന്ന കൺസപ്റ്റ് മോഡലാണ് പഞ്ച് എന്ന പേരിൽ പുറത്തിറക്കുന്നത്. ടാറ്റയുടെ കോപാക്ട് എസ്.യു.വിയായ നെക്‌സോണിന്റെ തൊട്ടുതാഴെയാണ് പഞ്ചിനെ കമ്പനി അവതരിപ്പിക്കുന്നത്.

അൽട്രോസിലും ഉപയോഗിച്ചിരിക്കുന്ന ടാറ്റയുടെ വിഖ്യാതമായ ആൽഫ പ്ലാറ്റ്‌ഫോമിലാണ് പഞ്ചിന്റെയും നിർമാണം. വാഹനത്തിന്റെ എക്‌സ്റ്റീയരിന്റെ ചിത്രം മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. കൺസപ്റ്റ് മോഡലായ എച്ച്.ബി.എക്‌സിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് വാഹനം പുറത്തിറങ്ങുന്നത്. ടാറ്റയുടെ ഹാരിയർ, സഫാരി എന്നിവയുടെ ഡിസൈനാണ് പഞ്ചും പിന്തുടരുന്നത്. കമ്പനിയുടെ സ്വന്തം സ്പിലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റും പ്രശസ്തമായ അവരുടെ ഗ്രില്ലും അതേപടി പഞ്ചിലും ആവർത്തിക്കുന്നുണ്ട്.

വാഹനത്തിന് എസ്.യു.വി ലുക്ക് നൽകാൻ കമ്പനികൾ നൽകുന്ന ബോഡി ക്ലാഡിങും പഞ്ചിന്റെ ചുറ്റുപാടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ബമ്പറിൽ ടാറ്റയുടെ സ്വന്തം 'വൈ' ഡിസൈനിൽ ഫോഗ് ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട നിറത്തിൽ ലഭിക്കുന്നതിനാൽ പഞ്ചിന്റെ റൂഫിന് ഫ്‌ളോട്ടിങ് ഇഫക്ടും ലഭിക്കുന്നുണ്ട്. 16 ഇഞ്ച് ടയറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ പിറകു വശത്തിന്റെ ചിത്രം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്റീരിയറിൽ എന്തൊക്കെ പ്രതീക്ഷിക്കാം ?

പഞ്ചിന്റെ അകവശത്തിന്റെ ചിത്രങ്ങളോ വിവരങ്ങളോ കമ്പനി ഇതുവരെ പരസ്യമാക്കയിട്ടില്ലെങ്കിലും അൽട്രോസിനോട് സാമ്യമുള്ള ഇന്റീരിയർ ഡിസൈൻ ആകാനാണ് സാധ്യത. 7.0 ഇഞ്ച് സ്‌ക്രീനോട് കൂടിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, ടാറ്റയുടെ ജനപ്രിയമായ 3 സ്‌പോക്ക് ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹർമൻ നൽകുന്ന ശബ്ദാനുഭൂതി തുടങ്ങിയവ പഞ്ചിന്റെ ഇന്റീരിയറിൽ പ്രതീക്ഷിക്കാം.

എഞ്ചിൻ ശേഷി എത്രവരും?

ഇന്ത്യക്കാർക്ക് ഇതിനോടകം തന്നെ സുപരിചിതമായ ടാറ്റയുടെ 1.2 ലിറ്റർ ശേഷിയുള്ള 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പഞ്ചിൽ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വേരിയന്റുകൾക്ക് ടിയാഗോയിലും ടിഗോറിലും കാണുന്ന 83 ബിഎച്ചപി കരുത്തുള്ള നാച്ചുറലി ആസ്പിറേറ്റ് എഞ്ചിനാണ് പ്രതീക്ഷിക്കുന്നത്. കൂടിയ വേരിയന്റുകളിൽ ടാറ്റ അൾട്രോസ് ഐ-ടർബോയിൽ പരീക്ഷിച്ച 1.2 ലിറ്റർ ടർബോ ചാർജഡ് എഞ്ചിൻ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കാം. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും എ.എം.ടിയും വാഹനം പ്രതീക്ഷിക്കാം.

എത്ര വില വരും?

മാരുതി സുസുക്കി അരങ്ങു വാണിരുന്ന ഇന്ത്യൻ കാർ വിപണിയിൽ അനവധി ഫീച്ചറുകളും അത്ഭുതപ്പെടുത്തുന്ന വിലയുമായി വന്ന് കളം പിടിച്ചവരാണ് ടാറ്റ. അതുകൊണ്ടു തന്നെ പഞ്ചിലും അത്തരത്തിലൊരു അത്ഭുതം പ്രതീക്ഷിക്കാം. അഞ്ച് ലക്ഷം മുതൽ പഞ്ചിന്റെ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റിലെ പ്രധാന എതിരാളികളായ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മാരുതി സുസുക്കി ഇഗ്നിസ്, ഹ്യുണ്ടായി പുറത്തിറക്കാൻ പോകുന്ന കാസ്പർ എന്നിവയുമായി കടുത്ത മത്സരമാണ് പഞ്ച് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story