300 കിലോമീറ്റർ റേഞ്ച്; ഇതാ.. ടാറ്റയിൽ നിന്ന് മറ്റൊരു ഇലക്ട്രിക് വമ്പൻ വരുന്നു
ടാറ്റ മോട്ടോഴ്സില്‍ നിന്നുള്ള അഞ്ചാമത്തെ ഓൾ-ഇലക്‌ട്രിക് കാറാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്
രാജ്യത്തെ ഇലക്ട്രിക് കാർവിപണി ഒട്ടുമുക്കാലും കയ്യടക്കിവെച്ചിരിക്കുന്നത് ടാറ്റ തന്നെയാണ്. ജനപ്രിയ മോഡലുകളായ നെക്‌സോണും ടിഗോറും ടിയാഗോയും വിപണിപിടിച്ച വാഹനങ്ങളാണ്. ഇലക്ട്രോണിക് കാറിനെ കുറിച്ചുള്ള ചിന്തയിൽ ഉപഭോക്താവിന്റെ മനസ്സിലേക്ക് ആദ്യം വരുന്ന മോഡലുകളും ടാറ്റയുടേത് തന്നെ. ഇപ്പോഴിതാ ടാറ്റയിൽ നിന്ന് മറ്റൊരു സന്തോഷ വാർത്ത വരുന്നു. പഞ്ച് ഇലക്ട്രിക് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒക്ടോബറുടെ കാർ വിപണയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വാർത്തകൾ. നെക്‌സോൺ ഇവിയുടെ ഫേസ്‌ലിഫ്റ്റ് ഇവി പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സോണ്‍ ഇവി പ്രൈം, നെക്സോണ്‍ ഇവി മാക്സ് എന്നിവയാണ് ടാറ്റ നിലവിൽ വിൽക്കുന്ന ഇവി കാറുകള്‍. കമ്പനിയില്‍ നിന്നുള്ള അഞ്ചാമത്തെ ഓൾ-ഇലക്‌ട്രിക് കാറായിരിക്കും പഞ്ച് ഇവി. 2021-ൽ പെട്രോൾ പഞ്ച് അരങ്ങേറ്റം കുറിച്ചതു മുതൽ പഞ്ച് ഇവിക്ക് വേണ്ടിയുള്ള കാത്തിരിപ്പുണ്ട്. കാറിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ടാറ്റയുടെ ഇലക്ട്രിക് മോഡൽ നിരയിൽ നെക്സോണിനും ടിയാഗോക്കും ഇടയിലായിരിക്കും പഞ്ച് ഇവിയുടെ സ്ഥാനം.
ടിയാഗോ, ടിഗോർ, നെക്‌സോൺ ഇവികളിലുള്ള സിപ്ട്രോൺ പവർട്രെയിൻ, പഞ്ച് ഇവിയിലും അവതരിപ്പിക്കും. ബമ്പറിൽ ചാർജിംഗ് സോക്കറ്റുമായി വരുന്ന ആദ്യത്തെ ടാറ്റ ഇവിയായിരിക്കും പഞ്ച് ഇവി എന്നാണ് റിപ്പോർട്ട്. മറ്റ് ഇവികളെപ്പോലെ പഞ്ച് ഇവിയും വലിപ്പത്തിലുള്ള ബാറ്ററിയും ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളും നൽകിയേക്കും. കൂടാതെ ടിയാഗോയ്ക്ക് സമാനമായ എയറോഡൈനാമിക് രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ഉള്‍പ്പെടും. റേഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഒറ്റ ചാർജിൽ 300 കിലോമീറ്റർ നൽകിയേക്കുമെന്നും വാർത്തകളുണ്ട്.
പഞ്ച് ഇവിയുടെ മത്സരം സിട്രൺ ഇസിത്രിയുമായായിരിക്കും. 12.49 ലക്ഷം മുതൽ 13.75 ലക്ഷം വരെയായായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറും വില. വാഹനത്തെകുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ടാറ്റ പുറത്തുവിടും.
Adjust Story Font
16