ഡാര്‍ക്കിന് പിന്നാലെ സഫാരി ഗോള്‍ഡ് എഡിഷനുമായി ടാറ്റ
ഇന്ന് ആരംഭിക്കുന്ന ഐപിഎൽ 2021 സീസണിന്റെ രണ്ടാംപാദ മത്സരവേദിയിൽ വച്ചാണ് ടാറ്റ സഫാരി ഗോൾഡ് എഡിഷൻ പുറത്തിറക്കുക.
ഇന്ത്യൻ വാഹനലോകത്തെ അത്ഭുതങ്ങളുടെ കൂട്ടത്തിൽ എഴുതിച്ചേർത്ത പേരാണ് ടാറ്റ മോട്ടോർസ്. ടാറ്റ സുമോ, ടാറ്റ ഇൻഡിക്ക, ടാറ്റ ബസുകൾ, ലോറികൾ അങ്ങനെ ഇന്ത്യ വളരുന്നതിനുസരിച്ച് അതിന് ഗതിവേഗം കൂട്ടാനെന്നവണ്ണം നിലനിൽക്കുന്ന ഒരു ബ്രാൻഡ്. ഇടയ്ക്ക് നേരത്തെ പറഞ്ഞ ഇൻഡിക്ക അൽപ്പം പേരുദോഷം കേൾപ്പിച്ചെങ്കിലും ഡിസൈൻ മികവില്ലായ്മയുടെ പേരിൽ കളമൊഴിയേണ്ടി വരുമെന്ന ഘട്ടം വന്നപ്പോൾ ടിയാഗോയും പിന്നാലെ അൽട്രോസും നെക്‌സോണും ഹാരിയറും ഏറ്റവും ഒടുവിൽ സഫാരിയുടെ തിരിച്ചുവരവും- ടാറ്റ ഒരിക്കൽക്കൂടി ഇന്ത്യൻ വാഹനവിപണിയുടെ മേൽവിലാസമാവുകയാണ്.
വെറുതേ മോഡലുകൾ ഇറക്കി പോവുകയല്ല ടാറ്റ ചെയ്തത്. മിക്ക മോഡലുകൾക്കും വ്യത്യസ്തമായ എഡിഷൻ മോഡലുകളും കമ്പനി പുറത്തിറക്കാറുണ്ട്. നിലവിൽ ടിയാഗോയ്ക്ക് ഒഴികെ എല്ലാ മോഡലുകൾക്കും ഡാർക്ക് എഡിഷൻ മോഡലുകളുണ്ട്. ടിയാഗോയ്ക്ക് മാത്രമായി എൻആർജി എന്ന സ്‌പെഷ്യൽ മോഡലുമുണ്ട്.
അതിനിടയിൽ അൽട്രോസിന് വേണ്ടി മാത്രം ഗോൾഡ് എഡിഷനും കമ്പനി പുറത്തിറക്കിയിരുന്നു. ആ ഗോൾഡ് എഡിഷൻ ഇപ്പോൾ സഫാരിയിലേക്കും പറിച്ചുനട്ടിരിക്കുകയാണ് കമ്പനി. നിലവിൽ ടാറ്റ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ മോഡലാണ് സഫാരി.
ഗോൾഡ് എഡിഷനിൽ എന്തൊക്കെയുണ്ട് ?
പ്രധാനമായി കോസ്മറ്റിക്ക് മാറ്റങ്ങളാണ് ഗോൾഡ് എഡിഷനിൽ വന്നിരിക്കുന്നത്. വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഗോൾഡ് എഡിഷൻ ലഭ്യമാക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈറ്റ് ഗോൾഡിന് വെള്ള നിറത്തിലുള്ള ബോഡിക്ക് ഗോൾഡ് നിറത്തിലുള്ള ബേസ് ലൈനും കറുപ്പ് നിറത്തിലുള്ള റൂഫുമാണ്. ബ്ലാക്ക് ഗോൾഡിന്റെ പ്രധാന നിറം കറുപ്പുമാണ്. രണ്ട് വേരിയന്റിനും ഗ്രിൽ ഹെഡ്‌ലൈറ്റിന്റെ ചുറ്റുപാട്, ഡോർ ഹാൻഡിലുകൾ, റൂഫ് റെയിൽസ്, ബാഡ്ജിങ് എന്നിവയ്ക്ക് സ്വർണ നിറമായിരിക്കും. സഫാരി അഡ്വവെഞ്ച്വറിൽ ഉപയോഗിച്ചിരിക്കുന്ന 18 ഇഞ്ച് അലോയ് തന്നെയാണ് ഗോൾഡ് എഡിഷനിലുമുള്ളത്.
വാഹനത്തിന്റെ ഇന്റീരിയറിലും വിവിധ സ്ഥലങ്ങളിൽ സ്വർണ നിറം നൽകിയിട്ടുണ്ട്. എസി വെന്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡോർ ഹാൻഡിൽ, ബാഡ്ജുകൾ എന്നിവയിൽ സ്വർണ നിറം നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.
നിലവിൽ ലഭ്യമായ ടോപ്പ് വേരിയന്റായ എക്‌സ്.സെഡ്.എ പ്ലസ് മോഡലിനെക്കാൾ കുറച്ച് ഫീച്ചറുകളും ഗോൾഡ് എഡിഷനിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ഡയമണ്ട് നിറത്തിന്റെ ആവരണത്തോട് കൂടിയ ലെതർ സീറ്റുകൾ, മുന്നിലെയും പിന്നിലെയും നിരയിലെ സീറ്റുകളിൽ വെന്റിലേഷൻ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചില ഫീച്ചറുകൾ സഫാരി അഡ്വവെഞ്ച്വർ എഡിഷനിലും ഉൾപ്പെടുത്തിയിരുന്നു. എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇന്ന് ആരംഭിക്കുന്ന ഐപിഎൽ 2021 സീസണിന്റെ രണ്ടാംപാദ മത്സരവേദിയിൽ വച്ചാണ് ടാറ്റ സഫാരി ഗോൾഡ് എഡിഷൻ പുറത്തിറക്കുക. 21.89 ലക്ഷം രൂപയാണ് എക്‌സ്.സെഡ് പ്ലസ് ഗോൾഡിന്റെ എക്‌സ് ഷോറൂം വില. ഓട്ടോമാറ്റിക്ക് മോഡലായ എക്‌സ്.സെഡ്.എ പ്ലസിന് 23.18 ലക്ഷം രൂപയുമാണ് എക്‌സ് ഷോറും വില.
Adjust Story Font
16