Quantcast

കാത്തിരിപ്പ് വെറുതെയായില്ല; വിലയിലും ഫീച്ചറുകളിലും അതിശയിപ്പിച്ച് ഥാർ റോക്സ്

ഓരോ മാസവും 6500 യൂനിറ്റുകൾ നിർമിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Published:

    16 Aug 2024 3:47 PM GMT

mahindra thar roxx
X

മഹീന്ദ്ര ഥാർ എന്നും വാഹനപ്രേമികളുടെ ആവേശമാണ്. പ്രത്യേകിച്ച് ഓഫ് റോഡ് തൽപ്പരരുടെ. ഏത് കുന്നും മലയും മരുഭൂമിയുമെല്ലാം താണ്ടാൻ കെൽപ്പുള്ളവൻ. 2010ലാണ് ഥാറിന്റെ ആദ്യ ജനറേഷൻ വാഹനം പുറത്തിറങ്ങിയത്. പത്ത് വർഷത്തിന് ശേഷം ഗംഭീര മേക്ക്ഓവറുമായി രണ്ടാം ജനറേഷൻ വാഹനവും നിരത്തിലെത്തി. കൂടുതൽ പ്രീമിയം സൗകര്യങ്ങളുമായിട്ടായിരുന്നു വാഹനത്തിന്റെ വരവ്. ഈ 3 ഡോർ വാഹനം വലിയ ഹിറ്റായി തന്നെ മാറി. ഓരോ മാസവും 4500ഓളം യൂനിറ്റുകളാണ് മ​ഹീന്ദ്ര വിൽക്കുന്നത്.

പിൻസീറ്റിലേക്ക് കയറാനുള്ള ബുദ്ധിമുട്ടായിരുന്നു ഈ മോഡലിൽ പലരും പറഞ്ഞിരുന്ന പോരായ്മ. ആ പോരായ്മ കൂടി പരിഹരിക്കാനാണ് ഇപ്പോൾ 5 ഡോർ ഥാർ സ്വന്തന്ത്ര്യദിനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഥാർ റോക്സ് എന്നാണ് ഏറ്റവും പുതിയ മോഡലിന് കമ്പനി നൽകിയ പേര്. ഇന്ത്യൻ വാഹന വിപണിയും വാഹനപ്രേമികളുടെ ഹൃദയവും ​ഒരുപോലെ ഥാർ റോക്സ് കീഴടക്കുമെന്നതിൽ സംശയമില്ല.

ഏറെക്കാലമായി എല്ലാവരും കാത്തിരുന്ന വാഹനമാണ് 5 ഡോർ ഥാർ. രണ്ട് വർഷമായിട്ട് മഹീന്ദ്ര ഇതിൻറെ പണിപ്പുരയിലായിരുന്നു. മൂടിപ്പൊതിഞ്ഞ പരീക്ഷണ വാഹനങ്ങൾ റോഡിലൂടെ പോകുമ്പോഴെല്ലാം അതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഇതിന്റെ അവതരണത്തിനായി ഓരോ ഥാർ പ്രേമിയും കാത്തിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസത്തെ അവതരണം. കൂടുതൽ പ്രായോഗികത കൊണ്ടുവരികയും പ്രീമിയം സവിശേഷതകൾ ഉൾപ്പെടുത്തുകയും ചെയ്ത് മഹീന്ദ്ര എല്ലാവരെയും അമ്പരപ്പിച്ചു. വാഹനത്തിന്റെ തനത് ഓഫ്റോഡ് ഡി.എൻ.എ അതുപോലെ നിലനിർത്തുകയും ചെയ്തു.

പഴയ എൻജിൻ, പുതിയ കരുത്ത്

ആഡംബരവും ഓഫ്റോഡുമെല്ലാം ഒരു​പോലെ ഉൾപ്പെടുത്തിയ വാഹനത്തി​ന്റെ എക്സ് ഷോറൂം വില 12.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എം.എക്സ് 1 പെട്രോൾ വേരിയന്റിനാണ് ഈ വില. എൻട്രി ലെവൽ ഡീസൽ മോഡലിന് 13.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പെ​ട്രാൾ ഓട്ടോമാറ്റിക്കിന്റെ പ്രാരംഭവില 14.99 ലക്ഷവും ഉയർന്ന വേരിയന്റിന്റെ വില 19.99 ലക്ഷവുമാണ്. ഡീസൽ ഓട്ടോമാറ്റിക്കിന്റെ പ്രാരംഭ വേരിയന്റായ എം.എക്സ് 3യുടെ വില 17.49 ലക്ഷമാണ്. ഉയർന്ന വേരിയന്റായ എ.എക്സ് 7 എൽ വേരിയന്റിന് 20.49 ലക്ഷം രൂപ നൽകണം. ഫോർവീൽ ഡ്രൈവ് മോഡലുകളു​ടെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഥാർ 3 ഡോർ, സ്കോർപിയോ എൻ, എക്സ്.യു.വി 7OO എന്നിവയിലടങ്ങിയ അതേ 2.0 ലിറ്റർ ടർബോ പെ​ട്രോൾ എംസ്റ്റാലിയൻ, 2.2 എംഹോക് ഡീസൽ എന്നീ എൻജിനുകൾ തന്നെയാണ് ഥാർ റോക്സിന്റെയും ഹൃദയം. അതേസമയം, മറ്റു മോഡലുകളിൽനിന്ന് വ്യത്യസ്തമായി പവറിലും ടോർക്കിലുമെല്ലാം റോക്സ് വ്യത്യസ്തനാണ്.

6 സ്പീഡ് മാനുവൽ ഗിയർ ബോക്സുമായി ഘടിപ്പിച്ച പെട്രോൾ എൻജിൻ 162 ഹോഴ്സ് പവറും 330 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിന്റെ പവർ 177 എച്ച്.പിയും ടോർക്ക് 380 എൻ.എമ്മുമാണ്.

ഡീസൽ 4x2 വേരിയന്റ് എൻജിൻ 152 എച്ച്.പിയും 330 എൻ.എം ടോർക്കും നൽകും. അതേസമയം, ഫോർവീൽ ഡ്രൈവ് വേരിയന്റിന്റെ പവർ അൽപ്പം കൂടും. 175 എച്ച്.പിയും 370 എൻ.എം ടോർക്കുമാണ് നൽകുന്നത്. ഡീസൽ എൻജി​നോടൊപ്പം മാത്രമാണ് ഫോർവീൽ ഡ്രൈവ് മഹീന്ദ്ര നൽകിയിട്ടുള്ളത്.

സ്കോർപിയയോട് കിടപിടിക്കുന്ന വീൽബേസ്

3 ഡോർ മോഡലിനേക്കാൾ വീൽബേസ് 400 എം.എം വർധിച്ചിട്ടുണ്ട്. 2850 എം.എം വീൽബേസ് ‘സ്കോർപിയോ എന്നു’മായാണ് കൂടുതൽ അടുത്തുകിടക്കുന്നത്. ഇതോടൊപ്പം സ്കോർപിയോ എന്നിലെ നൂതനമായ സസ്പെൻഷനും റോക്സിലുണ്ട്. 3 ഡോർ ഥാറിലെ ഹൈഡ്രോളിക് യൂനിറ്റിന് വ്യത്യസ്തമായി ഇലക്ട്രിക് പവർ സ്റ്റീയിറങ്ങും റോക്സിന്റെ ഡ്രൈവിങ് കൂടുതൽ അനായാസമാക്കും.

വാഹനത്തിന്റെ പുറംമോടിയിലും മാറ്റങ്ങൾ മഹീന്ദ്ര കൊണ്ടുവന്നിരിക്കുന്നു. മുന്നിൽ രണ്ട് നിരയായി ആറ് സ്ലോട്ടുള്ള ഗ്രില്ലാണ് പ്രകടമായ മാറ്റം. വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ് 3 ഡോർ ഥാറിലേതുപോലെ തുടരുന്നുണ്ടെങ്കിലും എൽ.ഇ.ഡി പ്രൊജക്ടർ ലാംപും ‘സി’ ആക്രൃതിയിലുള്ള ഡി.ആർ.എല്ലും പുതുമ നൽകുന്നു.

വാഹനത്തിന്റെ അകവും പ്രൗഢഗംരീരമാണ്. ഭാരം കുറഞ്ഞ സോഫ്റ്റ് ടച്ച് ഉൽപ്പന്നങ്ങളാണ് കാബിനിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ സ്റ്റീയറിങ് വീലും പരിഷ്കരിച്ച സെൻട്രൽ കൺസോളുമെല്ലാം അകത്തളത്തെ കൂടുതൽ മനോഹരമാക്കുന്നു.

അഡാസ് 2ന്റെ സംരക്ഷണം

ഫീച്ചറുകളുടെ കാര്യത്തിലും റോക്സ് ഒട്ടും പിന്നിലല്ല. 10.25 ഇഞ്ച് ടച്ച് സ്ക്രീൻ, എൽ.ഇ.ഡി പ്രൊജക്ടർ ലാംപ്, 360 ഡിഗ്രി കാമറ, പുഷ് ബട്ടൺ സ്റ്റാർട്ട്, മുന്നിലും പിന്നിലുമുള്ള ആം റെസ്റ്റുകൾ, പിന്നിലെ എ.സി വെന്റുകൾ, ആറ് എയർ ബാഗുകൾ, 19 ഇഞ്ച് ഡയമണ്ട് കട്ട് ​അലോയ് വീലുകൾ എന്നിവയെല്ലാം റോക്സി​നെ വ്യത്യസ്തമാക്കുന്നു. പനോരമിക് സൺറൂഫും വാഹനത്തെ ആകർഷിപ്പിക്കും. അഡാസ് ലെവൽ 2 നൽകി സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നിലാണ്.

പിന്നിൽ രണ്ട് ​ഡോർ കൂടി വന്നതോടെ കുടുംബത്തിന് അനുയോജ്യമായി മാറിയിട്ടുണ്ട് ഥാർ. രണ്ടാം നിരയിൽ ബെഞ്ച് സീറ്റാണ് നൽകിയിട്ടുള്ളത്. ബൂട്ട് സ്​പേസിൽ കൂടുതൽ വലിപ്പം മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബർ രണ്ട് മുതലാണ് വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിക്കുക. ആ മാസം തന്നെ വിൽപ്പനയും തുടങ്ങും. ഓരോ മാസവും 6500 യൂനിറ്റുകൾ നിർമിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. അവയെല്ലാം ചൂടപ്പം പോലെ വിൽക്കാനാകുമെന്ന് തന്നെയാണ് ഥാറിന്റെ മുൻഗാമികൾ നൽകുന്ന അനുഭവം.

TAGS :

Next Story