ആക്ടീവ ഇലക്ട്രിക് ആകുന്നു; വമ്പന്‍ പദ്ധതികളുമായി ഹോണ്ട
2031 ആകുമ്പോഴേക്കും പത്തോളം മോഡലുകളെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്
ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമ്മാണ കമ്പനിയാണ് ഹോണ്ട. രാജ്യത്തൊടുനീളം ലക്ഷക്കണക്കിന് ഇരുചക്രവാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഏഥറും ഓലയുമൊക്കെ അരങ്ങുവാഴുന്ന ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലും ഒരു കൈ നോക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹോണ്ടയുടെ എക്കാലത്തേയും ഹിറ്റ് മോഡലായ ആക്ടീവയാണ് ഇലക്ട്രിക് പതിപ്പായി ഇറങ്ങുക. 2031 ആകുമ്പോഴേക്കും പത്തോളം മോഡലുകളെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോണ്ട ഇതിന്റെ പണിപ്പുരയിലായിരുന്നു. ഫിക്‌സ്ഡ് ബാറ്ററികളും റിമൂവബിൾ ബാറ്ററികളും ഉള്ള മോഡലുകൾ കമ്പനി അവതരിപ്പിക്കും.
K4BA, GJNA എന്നിങ്ങനെ രണ്ടുകോഡുകളുള്ള പ്രോജക്ടുകളാണ് കമ്പനി തുടക്കം കുറിച്ചിരക്കുന്നത്. 2024 മാർച്ചിൽ തന്നെ ആക്ടീവയുടെ ആദ്യ മോഡൽ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മറ്റൊരു ഇലക്ട്രിക് മോഡലും അതേവർഷം തന്നെ പുറത്തിറങ്ങും. ആദ്യ വർഷം തന്നെ ഒന്നര ലക്ഷത്തോളം ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കും.
2024 സാമ്പത്തിക വർഷം ആകുമ്പോഴേക്കും ഉദ്പാതനം 50 ലക്ഷമാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബംഗളൂരുവിലായിരിക്കും കമ്പനിയുടെ പ്രധാന ഉത്പാദന കേന്ദ്രം. ഇന്ത്യക്കുപുറമെ മറ്റു വിദേശ രാജ്യങ്ങളിലും വിൽപ്പന ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് കമ്പനി ചുവടുവെക്കുന്നത്.
Adjust Story Font
16