‘ഇനി ഇ.വി വേണ്ട’; 51 ശതമാനം പേരും പെട്രോൾ-ഡീസൽ വാഹനങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നതായി പഠനം
88 ശതമാനം പേർക്കും ചാർജിങ് സംബന്ധിച്ച ഉത്കണ്ഠയുണ്ട്
വാഹനലോകം അതിവേഗം ഇലക്ട്രിക് യുഗത്തിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക കമ്പനികളും ഇലക്ട്രിക്ക് വാഹനങ്ങളുമായി ചുവടുറപ്പിച്ചിരിക്കുന്നു. ഓരോ മാസവും വൈദ്യുത വാഹനങ്ങളുടെ വിൽപ്പന കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാവിയിൽ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറാൻ പെട്രോൾ-ഡീസൽ വാഹനങ്ങളുടെ നിർമാണം നിർത്തുമെന്ന് വരെ പ്രഖ്യാപിച്ച കമ്പനികളും ഏറെയാണ്. നിമിഷനേരം കൊണ്ട് മുഴുവൻ ചാർജാകുന്ന ബാറ്ററി, 1000 കിലോമീറ്ററിന് അടുത്ത് റേഞ്ച് തുടങ്ങി വമ്പൻ സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ച് കമ്പനികൾ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ 91,000 ഇലക്ട്രിക് കാറുകളാണ് വിൽപ്പന നടത്തിയതെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർ അത്ര സന്തോഷവാൻമാരല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇ.വി ഉപയോഗിക്കുന്ന 51 ശതമാനം പേരും പെട്രോൾ-ഡീസൽ വാഹനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. 25,000 ഇലക്ട്രിക് വാഹനങ്ങളടക്കം 1.5 കോടി കാർ ഉടമകൾ അംഗങ്ങളായ പാർക്ക് + എന്ന പ്ലാറ്റ്ഫോമാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ 500 ഇലക്ട്രിക് കാർ ഉടമകളാണ് പഠനത്തിന്റെ ഭാഗമായത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകളുടെ മാനസികാവസ്ഥ മനസ്സിലാക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. ചാർജിങ് സംബന്ധിച്ച ഉത്കണ്ഠ, പരിപാലന ചെലവ്, വാഹനം വിൽക്കുമ്പോഴുള്ള മൂല്യം, ഉടമയുടെ സംതൃപ്തി, ജനപ്രിയ വാഹനങ്ങൾ തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്.
പരിഹാരമില്ലാതെ ചാർജിങ് ഉത്കണ്ഠ
88 ശതമാനം പേർക്കും ചാർജിങ് സംബന്ധിച്ച ഉത്കണ്ഠയുണ്ടെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇന്ത്യയിലുടനീളം 20,000ന് മുകളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകളുണ്ട്. എന്നാൽ, ഇവയുടെ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ വാഹന ഉടമകൾ നിരാശരാണ്. മിക്കവരും നഗരത്തിൽ 50 കിലോമീറ്ററിന് താഴെ മാത്രമാണ് സഞ്ചരിക്കുന്നത്. എന്നിട്ടും സുരക്ഷിതവും പ്രവർത്തനക്ഷമവുമായ ചാർജിങ് സ്റ്റേഷൻ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായി തുടരുകയാണെന്നും ഇതിൽ ആശങ്കയുണ്ടെന്നും ഉടമകൾ പറയുന്നു.
73 ശതമാനം ഉടമകൾക്കും പരിപാലന ചെലവ് സംബന്ധിച്ച് ആശങ്കയുണ്ട്. തങ്ങളുടെ വാഹനം മനസ്സിലാകാൻ സാധിക്കാത്ത ഒരു ‘ബ്ലാക്ക് ബോക്സ്’ ആയിട്ടാണ് പലരും കാണുന്നത്. ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും പ്രാദേശിക മെക്കാനിക്കുകൾക്ക് അറിയില്ലെന്നതും പ്രശ്നം സങ്കീർണമാക്കുന്നു. വാഹനങ്ങൾ നന്നാക്കാൻ കൂടുതൽ വർക് ഷോപ്പുകൾ ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികളുടെ വ്യക്തമായ ചിത്രം ലഭിക്കാത്തതും ഉടമകളെ നിരാശരാക്കുന്നുണ്ട്.
റീസെയിൽ വാല്യൂവെന്ന നഷ്ടക്കണക്ക്
വാഹനത്തിന്റെ പുനർവിൽപ്പനയിലെ വിലയിടിവും ഉപഭോക്താക്കൾക്കിടയിലെ പ്രധാന ആശങ്കയാണ്. പഠനത്തിൽ പങ്കെടുത്ത 33 ശതമാനം പേരും ആകസ്മികമായി തങ്ങളുടെ വാഹനത്തിന്റെ റീസെയിൽ വാല്യൂ പരിശോധിച്ചിരുന്നു. അവർ പ്രതീക്ഷിച്ചതിലും വളരെ താഴ്ന്ന വിലയാണ് ലഭിച്ചത്. ഇലക്ട്രിക് വാഹനങ്ങളും അനുബന്ധ സംവിധാനങ്ങളും കൂടുതൽ വ്യാപകമാകുന്നതിന് അനുസരിച്ച് ഇവയുടെ റീസെയിൽ വാല്യൂ വർധിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് അവയുടെ പ്രായം, മൈലേജ് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കി വേഗത്തിൽ വില നിർണയിക്കാനാകും. എന്നാൽ, ഇ.വികളുടെ ബാറ്ററിയുടെ മൂല്യം നിർണയിക്കാൻ നിലവിൽ പ്രത്യേകിച്ച് പരിശോധനകളൊന്നുമില്ല. ഒരു ഇ.വിയുടെ മൊത്തം മൂല്യത്തിന്റെ 30 ശതമാനവും അതിന്റെ ബാറ്ററിയാണ്.
പെട്രോൾ-ഡീസൽ വാഹന ഉടമകളെ അപേക്ഷിച്ച് ഇ.വി ഉടമകൾ അത്ര സംതൃപ്തരല്ലെന്നും പഠനത്തിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത ഇ.വി കാർ ഉടമകളിൽ 51 ശതമാനം പേരും വീണ്ടുമൊരും വൈദ്യുത വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നില്ല. ദൈനംദിന ഉപയോഗത്തിലെ ആശങ്കകൾ കാരണം ഇവർ പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു.
ജനപ്രീതിയിൽ ടാറ്റ നെക്സോൺ
ഇഷ്ടപ്പെട്ട ഇലക്ട്രിക് വാഹന ബ്രാൻഡിന്റെ കാര്യത്തിൽ 61 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് ടാറ്റ നെക്സോൺ ആണ്. 19 ശതമാനമുള്ള പഞ്ച് ഇ.വിയാണ് രണ്ടാമത്. ടാറ്റയുടെ ഡിസൈൻ, ഈടുനിൽപ്പ്, സുരക്ഷ എന്നിവയെ ഇവർ പുകഴ്ത്തുന്നുണ്ട്. ചൈനീസ് കമ്പനിയായ ബി.വൈ.ഡിയുടെ മോഡലുകളും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. അതേസമയം, ഇവയുടെ വില, ടെസ്റ്റ് ഡ്രൈവ് സൗകര്യത്തിന്റെ കുറവ് എന്നിവയെല്ലാം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിബദ്ധങ്ങൾ തീർക്കുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി.
Adjust Story Font
16