ഇന്ത്യന്‍ വിപണിയില്‍ ദയനീയമായി പരാജയപ്പെട്ടുപോയ കാറുകള്‍
മഹീന്ദ്ര മുതല്‍ മാരുതിക്ക് വരെ അടിപതറിയ ഇന്ത്യന്‍ വാഹനവിപണിയിലെ ദുരന്തനായകര്‍
മാസങ്ങളുടെ പ്രയത്‌നവും വിദഗ്ധരുടെ ഡിസൈൻ മികവും പരീക്ഷണ ഓട്ടങ്ങളും തിരുത്തലുകൾക്കും ശേഷം ഇന്ത്യയിൽ നിരത്തിലിറക്കിയ കാർ പരാജയപ്പെട്ടുപ്പോയെന്ന് പറഞ്ഞ് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ ഈ മാർക്കറ്റിന് അങ്ങനെയൊരു പ്രശ്‌നമുണ്ട്.
ഒരുപാട് പ്രതീക്ഷകളുമായി വന്ന് ഉപഭോക്താക്കളെ നേടാൻ സാധിക്കാതെ ദയനീയമായി പരാജയപ്പെട്ടുപ്പോയ ഒരുപിടി വാഹനങ്ങളുണ്ട്. ഓരോ വാഹനത്തിന്റെയും വിധിയെഴുതിയത് വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ട്. വില, ഡിസൈൻ, എഞ്ചിൻ പരാജയങ്ങൾ അങ്ങനെ നിരവധി കാരണങ്ങൾ അതിന് പുറകിലുണ്ട്.
ഇന്ത്യൻ മാർക്കറ്റിൽ ചലനങ്ങൾ സൃഷ്ടിക്കാതെ കടന്നുപോയ പ്രധാനപ്പെട്ട ചില വാഹനങ്ങളെ പരിചയപ്പെടാം
1. റോവർ മൊണ്ടേഗോ (1994-1995 )
ഇത് വായിക്കുന്ന പലരും ഈ പേര് കേട്ടിരിക്കാൻ സാധ്യതയില്ല. ഇന്ത്യൻ ഓട്ടോ മൊബൈൽ ബ്രാൻഡായ സിപാനി എന്നൊരു പേരും ആരും കേട്ടിരിക്കാൻ സാധ്യതയില്ല. സിപാനി റോവർ ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയിൽ അവതരിപ്പിച്ച മോഡലാണ് റോവർ മൊണ്ടേഗോ. സി.കെ.ഡി യൂണിറ്റായിട്ടാണ് ഈ സെഡാൻ മോഡൽ വിപണിയിലെത്തിയത്. കർണാടകയിലെ ബാഗ്ലൂർ ആസ്ഥാനമായ കമ്പനി 1994ൽ ഈ കാർ വിപണിയിലിറക്കിയിങ്കിലും ഒരു വർഷത്തിനപ്പുറം അതിന്റെ വിൽപ്പന കമ്പനി നിർത്തി. ഓസ്റ്റിൻ മൊണ്ടേഗോയുടെ അതേ 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് റോവറിലും ഉപയോഗിച്ചത്. 81 എച്ച്.പി പവറും 158 എൻഎം ടോർക്കും ഈ എഞ്ചിന് നൽകാൻ സാധിച്ചിരുന്നു.
പവർ വിൻഡോ, പവർ സ്റ്റിയറിങ്, എ.സി. തുടങ്ങി അക്കാലത്ത് അൽപ്പം ആഡംബരമായി കരുതുന്ന പല ഫീച്ചറുകളും ആ വാഹനത്തിലുണ്ടായിരുന്നു. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരുന്നു വാഹനത്തിന് കമ്പനി നൽകിയത്. മികച്ച എഞ്ചിനും മികച്ച ഫീച്ചറുകളും നൽകിയെങ്കിലും വിപണിയിൽ ചലനമുണ്ടാക്കാൻ വാഹനത്തിനായില്ല. അതിന്റെ പ്രധാന കാരണം അതിന്റെ വില തന്നെയായിരുന്നു. 10 ലക്ഷം രൂപയായിരുന്നു അന്ന് വാഹനത്തിന്റെ വില. അന്ന് അത് വലിയൊരു തുകയായിരുന്നു. അത്രയും വില കൊടുത്ത് ആ വാഹനം വാങ്ങാനുള്ള മാർക്കറ്റായി അക്കാലത്ത് ഇന്ത്യ വളർന്നിരുന്നില്ല. തത്ഫലമായി ഒരു വർഷം കൊണ്ട് 287 യൂണിറ്റുകൾ മാത്രമാണ് അവർക്ക് വിൽക്കാൻ സാധിച്ചത്.
റോവർ നിർത്തിയെങ്കിലും 2002 ൽ അടച്ചുപൂട്ടും വരെ കമ്പനി മറ്റു മോഡലുകളുമായി ഇന്ത്യയിൽ തുടർന്നു.
2. സുസുക്കി കിസാഷി (2011-2014)
ഇന്ത്യൻ കാർ വിപണയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ബ്രാൻഡാണ് മാരുതി സുസുക്കി. മാരുതി ഏത് മോഡലിറക്കിയാലും കണ്ണൂംപൂട്ടി വാങ്ങുന്നവരാണ് ഇന്ത്യക്കാർ. പക്ഷേ അവർക്ക് പരാജയപ്പെട്ടുപോയ ഒരു വാഹനത്തിന്റെ കഥ കൂടി പറയാനുണ്ട്. ആദ്യമായി ലക്ഷ്വറി സെഡാൻ മേഖലയിൽ തൊട്ടപ്പോഴാണ് അവർക്ക് കൈ പൊള്ളിയത്. സുസാക്കി കിസാഷിയായിരുന്നു അവരുടെ ആ ദുരന്ത നായകൻ. ഒരു സിബിയു യൂണിറ്റായാണ് കമ്പനി വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചത്. അത് തന്നെയെയാണ് അവർക്ക് വിനയായത്. സിബിയു മോഡലായത് കൊണ്ട് തന്നെ വിലയിൽ കാര്യമായ വർധവുണ്ടായി. 17 ലക്ഷത്തിന് മുകളിലായിരുന്നു ഈ സെഡാൻ മോഡലിന്റെ വില. മാരുതി എന്ന പേരും 175.6 എച്ച്പി പവറും 230 എൻഎം ടോർക്കും നൽകുന്ന എഞ്ചിനുണ്ടായിട്ടും കിസാഷിക്ക് അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 2011 ൽ വിപണിയിലെത്തിയ വാഹനം 2014 ഓടെ കളമൊഴിഞ്ഞു.
ബഡ്ജറ്റ് കാറുകൾ നിർമിക്കുന്ന മാരുതിയിൽ നിന്നുള്ള പ്രീമിയം ഫീച്ചറുകളിൽ ഇന്ത്യക്കാർക്ക് അത്ര വിശ്വാസം പോരായിരുന്നു. അതിന്റെ എതിരാളികളായ വോക്‌സ്‌വാഗൺ പോലുള്ള ബ്രാൻഡുകൾക്ക് പേരിൽ തന്നെ ലഭിക്കുന്ന പ്രീമിയം ഫീൽ മാരുതിക്ക് നേടാനായില്ല. ഒരുപക്ഷേ നെക്‌സ എന്ന് പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങി പ്രീമിയം സെഗ്മെന്റിലും മാരുതി ചുവടുറപ്പിച്ച ഈ സമയത്താണ് കിസാഷി പുറത്തിറക്കിയത് എങ്കിൽ വിധി മറ്റൊന്നായേനെ.
3. മാരുതി ബലേനോ അൽടൂറ (1999-2007)
മാരുതി സുസുക്കിക്ക് തെറ്റിപ്പോയ മറ്റൊരു തീരുമാനമാണ് ബലേനോ അൽടൂറ. എസ്റ്റേറ്റ് കാറുകൾക്ക് നല്ല വിപണിയുണ്ടായിരുന്ന ഇന്ത്യയിലേക്ക് അവർ അവരുടെ ആദ്യത്തെ സ്റ്റേഷൻ വാഗൺ കാർ അവതരിപ്പിച്ചു. അതായിരുന്നു ബലേനോ അൽടൂറ. ഈ വാഹനം പരാജയപ്പെട്ടുപോകാൻ പ്രധാനകാരണം ഇതിന്റെ ഡിസൈനായിരുന്നു. ഒരു സ്റ്റേഷന് വാഗൺ കാറിന് പ്രതീക്ഷിക്കുന്ന രൂപമായിരുന്നില്ല അതിന്. അതുകൊണ്ട് തന്നെ 1999 മുതൽ 2007 വരെ എട്ട് വർഷം മാരുതി ശ്രമിച്ചു നോക്കിയിട്ടും ബലേനോ അൽടൂറക്ക് ക്ലച്ച് പിടിക്കാനായില്ല.
96 ബിഎച്ച്പി പവറും 130 എൻഎം ടോർക്കുമുള്ള 1.6 ലിറ്ററിന്റെ പെപ്പി ആയൊരു പെട്രോൾ എഞ്ചിനും നല്ല ഇന്റീരിയർ സ്‌പേസുമുണ്ടായിരുന്നിട്ടും അൽടൂറ മാരുതിയുടെ ചരിത്രത്തിൽ മറ്റൊരു കറുത്ത ഏടായി മാറി. പിന്നീട് ബലേനോ എന്ന പേരുള്ള മോഡലുമായി വന്ന് നിലവിൽ ഇന്ത്യയിൽ കൂടുതൽ വിൽക്കുന്ന കാറായി അ്ത് മാറിയത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം.
4. മാരുതി ഗ്രാൻഡ് വിറ്റാര (2009-2015)
മാരുതി ഇന്നുവരെ ഇന്ത്യയിൽ അവതരിപ്പിച്ച ഏക എസ്.യു.വിയാണ് ഗ്രാൻഡ് വിറ്റാര. പക്ഷേ ദയനീയമായി പരാജയപ്പെടാനായിരുന്നു വാഹനത്തിന്റെ വിധി. ആഗോള മാർക്കറ്റിൽ പ്രശസ്തമായിരുന്ന മോഡലായിരുന്നു ഗ്രാൻഡ് വിറ്റാര. അത് തന്നെയായിരുന്നു മാരുതിക്ക് ആ മോഡൽ ഇന്ത്യയിലിറക്കാനുള്ള ആത്മവിശ്വാസവും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സിബിയു മോഡലായാണ് വാഹനം ഇന്ത്യയിലെത്തിയത്. അത് തന്നെയാണ് വാഹനത്തിന്റെ മരണക്കുറിപ്പെഴുതാൻ പ്രധാന കാരണമായതും.
സിബിയു മോഡലായത് കൊണ്ട് 23 ലക്ഷം മുതൽ 25 ലക്ഷം വരെയായിരുന്നു വാഹനത്തിന്റെ വില. ആ വിലയ്ക്ക് അതിലും നല്ല എസ്.യു.വികൾ ഇന്ത്യയിൽ ലഭിക്കുമെന്നതിനാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് ആവശ്യക്കാരില്ലാതെയായി. മാത്രമല്ല കുറഞ്ഞ മൈലേജും വാഹനത്തിന് വിനയായി. 2009 ൽ വന്ന് 2015 ൽ മാരുതി വാഹനത്തിന്റെ വിൽപ്പന നിർത്തി. ഗ്രാൻഡ് വിറ്റാരയുടെ ഓർമകളുണ്ടായത് കൊണ്ട് തന്നെ അതിനുശേഷം ഇതുവരെ ഇന്ത്യയിൽ ഒരു എസ്.യു.വി ഇറക്കാൻ മാരുതി തയാറായിട്ടില്ല. പക്ഷേ ഗ്രാൻഡ് വിറ്റാര തന്നെ വീണ്ടും ഇന്ത്യയിൽ പുനർ അവതരിപ്പിക്കാൻ മാരുതി ഒരുങ്ങുന്ന എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്.
5. മാരുതി സെൻ ക്ലാസിക്ക് (1999-2006)
മാരുതി് സെൻ എന്ന വാഹനം കാണാത്ത ഇന്ത്യക്കാർ ചുരുക്കമായിരിക്കും. ആ കുഞ്ഞൻ കാറിന്റെ ഭംഗി മിക്കവർക്കും ഇഷ്ടമാണുതാനും. ആ സെൻ കാറിന് ഒരു സഹോദരനെ പുറത്തിറക്കാൻ 1999 ൽ മാരുതി ധൈര്യം കാണിച്ചിരുന്നു.
റെട്രോ ലുക്കിലിറക്കിയ വാഹനം പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ല. മാരുതി സെന്നിലുപയോഗിച്ച 993 സിസി എഞ്ചിൻ തന്നെയാണ് സെൻ ക്ലാസിക്കിലും ഉപയോഗിച്ചത്. മുന്നിൽ വ്യത്യസ്തമായ ഗ്രില്ലും റൗണ്ട് ഷേപ്പിലുള്ള ഹെഡ്‌ലൈറ്റും പക്ഷേ ഇന്ത്യക്കാർ ഇഷ്ടപ്പെട്ടില്ല. 1999 ഇറങ്ങിയ വാഹനം 2006 ൽ കമ്പനി കളം വിട്ടു.
6.മഹീന്ദ്ര ക്വാണ്ടോ (2012-2016)
ഇന്ത്യ കോപാക്ട് എസ്.യു.വികളുടെ തരംഗത്തിലാണ് ഇപ്പോൾ. എന്നാൽ അതിനും മുമ്പ് തന്നെ ഒരു കോപാക്ട് ക്രോസ്ഓവർ അവതരിപ്പിച്ച കമ്പനിയാണ് മഹീന്ദ്ര. മഹീന്ദ്ര ക്വാണ്ടോ എന്നായിരുന്നു വാഹനത്തിന് കമ്പനി നൽകിയ പേര്. പക്ഷേ വാഹനം മാർക്കറ്റിൽ പരാജയപ്പെട്ടു.
ഡിസൈനിലെ പാളിച്ചയാണ വാഹനത്തിന് വിനയായത്. പ്രത്യേകിച്ചും പിറകിലെ ഡിസൈൻ. അത്രയും കരുത്തുള്ള ഒരു വാഹനത്തിന് ചേരാത്ത ഡിസൈനായിരുന്നു അതിന് നൽകിയത്. പിന്നെ വാഹനത്തിന്റെ കൂടിയ ഭാരവും വിനയായി. വിൽപ്പനയിൽ കാര്യമായി ഇടിവ് വന്നതോടെ 2012 ൽ വിപണയിലെത്തിയ വാഹനത്തിന്റെ നിർമാണം 2016 ൽ കമ്പനി നിർത്തി.
7. മഹീന്ദ്ര വെരിറ്റോ വൈബ് (2013-2019)
മഹീന്ദ്ര വെരിറ്റോ എ്ന്ന മോഡൽ ടാക്‌സി വാഹനങ്ങളായി നമ്മൾ കണ്ടിട്ടുണ്ട്. എറ്റിയോസിന്റെ വിജയത്തിന് പിന്നാലെ എറ്റിയോസ് ലിവ ഇറക്കിയ ടൊയൊട്ടയെ പോലെ മഹീന്ദ്ര ഇറക്കിയ മോഡലാണ് വെരിറ്റോ വൈബ്. പക്ഷേ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകാൻ തക്കമുള്ള ഒന്നും ആ വാഹനത്തില്ലായിരുന്നു.
2013ലാണ് ഈ വാഹനം റെനോൾട്ടിൽ നിന്നെടുത്ത 1.5 ലിറ്റർ ഡിസിഐ ഡീസൽ എഞ്ചിനുമായി വിപണിയിലെത്തിയത്. 63 എച്ച്പി പവറും 160 എൻഎം ടോർക്കും നൽകാൻ ആ എഞ്ചിന് സാധിച്ചിരുന്നു. പക്ഷേ വാഹനത്തിന് പെട്രോൾ മോഡലില്ലായിരുന്നു. വാഹനത്തിന് വിപണയിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും 2019 ൽ ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾ വരും വരെ കമ്പനി വാഹനം വിൽക്കാൻ ശ്രമിച്ചിരുന്നു. 2019 ൽ ബിഎസ് 6 ൽ വാഹനം മാറ്റാൻ മഹീന്ദ്ര തയാറായില്ല. അതോടെ വെറിറ്റോ വൈബിന്റെ കഥ കഴിഞ്ഞു.
8. ഫോർഡ് ഫ്യൂഷൻ (2006-2010)
അടുത്തിടെ ഇന്ത്യ വിട്ട ഫോർഡിന്റെ പരാജയപ്പെട്ടൊരു എസ്.യു.വി ലുക്കുള്ള വാഹനമായിരുന്നു ഫ്യൂഷൻ. പക്ഷേ വാഹനത്തിന് പ്രത്യേകിച്ച് അ്ത്ഭുതങ്ങളൊന്നും സൃഷടിക്കാനായില്ല. 68 ബിഎച്ച്പി പവറും 160 എൻഎം ടോർക്കുമുള്ള 1.4 ലിറ്റർ എഞ്ചിനുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്.
200 എംഎ ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ടായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും ഔട്ട്‌ഡേറ്റഡായ വാഹനത്തിന്റെ ഡിസൈൻ ഇന്ത്യക്കാർക്ക് ഇഷ്ടപെട്ടാത്തതിനാൽ 2006 മുതൽ 2010 വരെ മാത്രമേ ഫ്യൂഷൻ ഇന്ത്യയിൽ ജീവിച്ചിരുന്നുള്ളൂ.
9. നിസാൻ ഇവാലിയ
എംപിവികൾക്ക് വലിയ മാർക്കറ്റുള്ള ഇന്ത്യയിൽ വലിയ പ്രതീക്ഷയോടെ നിസാൻ അവതരിപ്പിച്ച മോഡലാണ് ഇവാലിയ. ഇന്നോവയ്ക്കും എർട്ടിഗയ്ക്കും എതിരാളിയായാണ് 2014 ൽ ഇവാലിയ വന്നത്. 8 ലക്ഷം മുതൽ 12 ലക്ഷം വരെയായിരുന്നു വാഹനത്തിന്റെ വില. സ്ലൈഡിങ് ഡോർ, റൂഫ് മൗണ്ടഡ് എസി, റിയർ വൈപ്പർ, ഡീഫോഗർ എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും വാഹനം ഇന്ത്യയിൽ പരാജയപ്പെട്ടു.
ഇന്ത്യക്കാർ ഇവാലിയയെ കൃത്യമായി മനസിലാക്കിയില്ല എന്നതാണ് അതിനുള്ള ഒരു കാരണം. ഡീസൽ എഞ്ചിൻ മാത്രമേ ലഭ്യമായിരുന്നുള്ളൂ എ്ന്നും ഓട്ടോമാറ്റിക്ക് ഗിയർബോക്‌സും ഇല്ലായിരുന്നു എന്നതും കാരണമായി പറയാമെങ്കിലും ഇവാലിയ ഇന്ത്യയിൽ കുറേക്കൂടി നല്ല വിജയത്തിന് അവകാശമുണ്ടായിരുന്നു എന്നുവേണം കരുതാൻ.
10. ടാറ്റ ആര്യ (2010-2017)
ഇന്നോവയ്ക്ക് എതിരാളിയായി ടാറ്റ അവതരിപ്പിച്ച മോഡലാണ് ആര്യ. പക്ഷേ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ആര്യക്ക ഇന്ത്യയിൽ ക്ലച്ച് പിടിക്കാനായില്ല. സെഗ്മെന്റ് ഫീച്ചറുകളുണ്ടായിട്ടും ഡിസൈനിലെ പോരായ്മയും മൈലൈജും സർവീസിലെ പ്രശ്‌നങ്ങളുമാണ് ആര്യക്ക് തലവേദനയായത്.
പക്ഷേ ആര്യയിൽ നിന്ന് പാഠങ്ങൾ പഠിച്ച ടാറ്റ ഡിസൈൻ മികവ് കൊണ്ട് അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ കാണുന്നത്.
Adjust Story Font
16