വിരാട് കോലിയുടെ ലംബോർഗിനി കൊച്ചിയിൽ: വില 'വെറും' 1.35 കോടി
കൊച്ചിയിലെ യൂസ്ഡ് കാർ ഷോ റൂമിൽ വിൽപ്പനക്കായി കാർ എത്തിയിട്ടുണ്ട് . വിൽക്കാനായി വാങ്ങിയവർക്കും കാണാനെത്തുന്നവർക്കും ഒരുപോലെ കൗതുകമാണ് കോലിയുടെ ലംബോർഗിനി .
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി പറന്നു നടന്ന ഓറഞ്ച് നിറമുള്ള ലംബോര്‍ഗിനി കാർ ആണ് ഇപ്പോൾ കൊച്ചിയുടെ ശ്രദ്ധാകേന്ദ്രം. കൊച്ചിയിലെ യൂസ്ഡ് കാർ ഷോ റൂമിൽ വിൽപ്പനക്കായി കാർ എത്തിയിട്ടുണ്ട്. വിൽക്കാനായി വാങ്ങിയവർക്കും കാണാനെത്തുന്നവർക്കും ഒരുപോലെ കൗതുകമാണ് കോലിയുടെ ലംബോർഗിനി.
വിരാട് കോലിയുടെ ഒരു സെഞ്ച്വറി സമയത്തിന്റെ ആയിരത്തിൽ ഒരംശം മതി ലംബോര്‍ഗിനിയുടെ സ്പീഡോമീറ്റർ 100 കടക്കാൻ. കൃത്യമായി പറഞ്ഞാൽ 3.8 സെക്കൻഡ് മാത്രം. ഈ ശരവേഗത്തെ കോലി കൂടെ കൂട്ടിയത് 2013 ലായിരുന്നു. എകദിന ക്രിക്കറ്റിൽ അതിവേഗം പതിനായിരം റൺസ് തികച്ച താരമാണ് വിരാട് കോലിയെങ്കിലും വർഷം എട്ടു കഴിഞ്ഞെങ്കിലും ഇതുവരെ പതിനായിരം കിലോമീറ്റർ തികയാത്ത ലംബോര്‍ഗിനിയാണ് കുണ്ടന്നൂരിലെ റോയൽ ഡ്രൈവിൽ വിൽപ്പനക്ക് എത്തിയിട്ടുള്ളത്.
കോലിക്ക് ശേഷം വാങ്ങിയ ഉടമയിൽ നിന്നാണ് കാർ റോയൽ ഡ്രൈവ് സ്വന്തമാക്കിയത്. ഗ്ലാഡോ സ്പൈഡർ മോഡൽ ലംബോർഗിനി പത്തു സിലിണ്ടറിൽ പ്രവര്‍ത്തിക്കുന്ന എഞ്ചിനാണ്. മണിക്കൂറിൽ 320 കിലോമീറ്റർ പിന്നിടും. ഷോറൂമിലെ റാംപിൽ വട്ടം കറങ്ങുന്ന കോലിയുടെ പഴയ ഓറഞ്ച് ലംബോർഗിനി ഇപ്പോൾ കൊച്ചിയിലെ വാഹന പ്രേമികളുടെ നോട്ടപ്പുള്ളിയാണ്.
സെലിബ്രിറ്റി കാറുകളോടുള്ള പ്രിയം അടുത്ത കാലത്ത് കേരളത്തിൽ വർധിച്ചുവരുന്നതായി വില്പന രംഗത്തുള്ളവർ പറഞ്ഞു . വിരാട് കോലിയുടെ ലംബോർഗിനിക്ക് ഇന്ന് 1.35 കോടിയാണ് വില നിശ്ചയിച്ചിട്ടുള്ളത്. 2013 ൽ 3.20 കോടി രൂപയായിരുന്നു വില.
Adjust Story Font
16