ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് പുറത്തിറക്കി വോൾവോ
നിരവധി പേർക്ക് സഞ്ചരിക്കാനാവുന്നത് കൊണ്ട് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത് കൂടുതൽ ലാഭകരമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആഡംബര വാഹന നിർമാതാക്കളായ വോൾവോ അവരുടെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ബസുകൾ ഇന്ത്യയിൽ പുറത്തിറക്കി. വോൾവോ 9600 പ്ലാറ്റ്‌ഫോമിൽപ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ് വോൾവോയുടെ അവകാശവാദം.
15 മീറ്റർ നീളമുള്ള ഈ ബസിൽ 55 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. 40 ബെർത്തുകൾ ഉണ്ടാകും. 13 മീറ്റർ നീളമുള്ള മറ്റൊരു വേരിയന്റിൽ 47 പേർക്ക് സഞ്ചരിക്കാനാകും. ഇതിൽ 36 സ്ലീപ്പർ ബെർത്തുകളാണ് ഉണ്ടാകുക.
15 മീറ്റർ വേരിയന്റിൽ കോച്ചിനുള്ളിൽ സ്റ്റോറേജ് ഷെൽഫുകൾ ഉണ്ടാകും. ഫ്‌ലോർ ഫ്‌ളാറ്റായിരിക്കും. ഓരോ ബെർത്തിനും യുഎസ്ബി ചാർജിങ് പോർട്ടും പ്രത്യേകമായ എസി വെന്റുകളും റീഡിങ് ലൈറ്റുകളുമുണ്ടാകും.
വോൾവോയും D8K എഞ്ചിനാണ് ഈ ബസിന്റെ ഹൃദയം. 2200 ആർപിഎമ്മിൽ പരമാവധി പവറായ 350 എച്ച്പിയും 1200-1600 ആർപിഎമ്മിനിടയിൽ ഉയർന്ന ടോർക്കായ 1350 എൻഎം ഉത്പാദിപ്പിക്കാനും ഈ എഞ്ചിന് സാധിക്കും. വോൾവോയുടെ ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സ് ടെക്‌നോളജിയായ ഐ-ഷിഫ്റ്റാണ് ഗിയർ ബോക്‌സ് ടെക്‌നോളജി.
സുരക്ഷയിലേക്ക് വന്നാൽ ഇലക്ട്രോണിക്ക് ബ്രേക്കിങ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് എയ്ഡ്, ഇഎസ്പി, എബിഎസ് എന്നിവയെല്ലാം വോൾവോ 9600 ന്റെ ഭാഗമാണ്. ഓരോ രണ്ട് മീറ്ററിലും പാനിക്ക് ബട്ടണും സ്വയം പ്രകാശിക്കുന്ന എമർജൻസി ലൈറ്റുകളും വാഹനത്തിലുണ്ട്.
വോൾവോയുടെ ബംഗളൂരുവിലെ പ്ലാന്റിൽ നിർമിക്കുന്ന ഈ ബസിന് മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പേർക്ക് സഞ്ചരിക്കാനാവുന്നത് കൊണ്ട് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത് കൂടുതൽ ലാഭകരമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
1.3 കോടി മുതൽ 2 കോടി വരെ വില വരുന്ന വോൾവോ 9600 രണ്ടു മാസത്തിനുള്ളിൽ ഡെലിവറി ആരംഭിക്കും.
Adjust Story Font
16