ഹോണ്ടയും നിസാനും ഒന്നാകുമോ? ചർച്ചകൾ പുരോഗമിക്കുന്നു
മിത്സുബിഷി മോട്ടോഴ്സിനെയും ഹോൾഡിങ് കമ്പനിയുടെ കീഴിലാക്കാൻ പദ്ധതിയുണ്ട്
പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും ഒരുമിച്ച് ഹോൾഡിങ് കമ്പനി ആരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ജപ്പാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വാഹന നിർമാതാക്കളാണ് യഥാക്രമം ഹോണ്ടയും നിസാനും. ടൊയോട്ടയാണ് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്ത് തന്നെ ഏറ്റവുമധികം വാഹനങ്ങൾ വിൽക്കുന്നതും ടൊയോട്ടയാണ്.
ടൊയോട്ടയെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും ലയിക്കാൻ പോകുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കമ്പനികൾ ഉടൻ ധാരണാപത്രത്തിൽ ഒപ്പിടുമെന്നാണ് വിവരം. ഇത് കൂടാതെ മറ്റൊരു ജാപ്പനീസ് കമ്പനിയായ മിത്സുബിഷി മോട്ടോഴ്സിനെയും ഹോൾഡിങ് കമ്പനിയുടെ കീഴിലാക്കാൻ പദ്ധതിയുണ്ട്. മിത്സുബിഷിയുടെ ഏറ്റവും വലിയ ഓഹരി ഉടമായണ് നിസാൻ. ലോകത്തെ മറ്റു വലിയ എതിരാളികളോട് മത്സരിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ജനറൽ മോട്ടോഴ്സുമായുള്ള ഹോണ്ടയുടെ പങ്കാളിത്തം വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ നിസാനിലെ നിക്ഷേപം ഫ്രഞ്ച് വാഹന കമ്പനിയായ റെനോയും കുറച്ചിരുന്നു. ഇതിന് ശേഷം വലിയ പ്രതിസന്ധിയിലൂടെയാണ് നിസാൻ കടന്നുപോകുന്നത്. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് ഇരുകമ്പനികളും ഒന്നാകാൻ തീരുമാനിക്കുന്നത്. തീരുമാനം നടപ്പായിക്കഴിഞ്ഞാൽ സോഫ്റ്റ്വെയർ വികസനം, വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി നിർമാണം തുടങ്ങിയ കാര്യത്തിൽ ഇരു കമ്പനികൾക്കും പരസ്പരം സഹകരിക്കാനാകും.
അതേസമയം, റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് ഹോണ്ടയും നിസാനും പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. ഭാവിയിൽ ഹോണ്ടയും നിസാനും തമ്മിലുള്ള സഹകരണത്തിെൻറ സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ടെന്ന് ഹോണ്ട വക്താവ് പറഞ്ഞു. രണ്ട് കമ്പനികളും പ്രഖ്യാപിച്ച ഒന്നല്ല റിപ്പോർട്ടുകളിലുള്ളതെന്ന് നിസാൻ അധികൃതർ പറഞ്ഞു. ഈ വർഷം മാർച്ചിൽ പ്രഖ്യാപിച്ചത് പോലെ ഹോണ്ടയും നിസാനും ഭാവിയിൽ സഹകരിക്കുന്നതിെൻറയും കരുത്ത് വർധിപ്പിക്കുന്നതിെൻറയും സാധ്യതകൾ പരിശോധിച്ചു വരികയാണ്. എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളുടെ പങ്കാളികളെ കൃത്യമായ സമയത്ത് അറിയിക്കുമെന്നും നിസാൻ വ്യക്തമാക്കി.
നിസാെൻറ ഓഹരിയിൽ വളർച്ച
റിപ്പോർട്ട് പുറത്തുവന്നതോടെ നിസാെൻറ ഓഹരികൾ 20 ശതമാനവും മിത്സുബിഷിയുടേത് 14 ശതമാനവും ഉയർന്നു. എന്നാൽ, ഹോണ്ടയുടെ ഓഹരികൾക്ക് 1.6 ശതമാനം ഇടിവ് സംഭവിച്ചു.
കഴിഞ്ഞ മാർച്ചിൽ ഇലക്ട്രിക് വാഹന നിർമാണവുമായി ബന്ധപ്പെട്ട പങ്കാളിത്തത്തിന് ഇരു കമ്പനികളും തീരുമാനമെടുത്തിരുന്നു. ചൈനീസ് കമ്പനികളെ പ്രതിരോധിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വാഹന രംഗത്തെ വിദഗ്ധർ പറയുന്നത്. 2023ൽ ജപ്പാനെ മറികടന്ന് ചൈന ലോകത്തെ തന്നെ ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരുന്നു.
ഹോണ്ട 2030 ആകുേമ്പാഴേക്ക് ഇലക്ട്രിക് വാഹനങ്ങളിലെ നിക്ഷേപം ഇരട്ടിയാക്കി 65 ബില്യൺ ഡോളറാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2040 ആകുേമ്പാഴേക്ക് 100 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുറത്തിറക്കുന്ന 30 മോഡലുകളിൽ 16 എണ്ണവും ഇലക്ട്രിക്കായിരിക്കുമെന്ന് നിസാനും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ ജാപ്പനീസ് കമ്പനികളായ ടൊയോട്ടയും സുസുക്കിയും ആഗോള അടിസ്ഥാനത്തിൽ സഹകരിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ഇന്ത്യയിലടക്കം നിരവധി മോഡലുകൾ ഇരുകമ്പനികളും പരസ്പരം പങ്കുവെക്കുന്നുണ്ട്.
ഹോണ്ടയും നിസാനും ഒരുമിക്കുകയാണെങ്കിൽ ഇന്ത്യൻ മാർക്കറ്റിനും ഗുണകരമാകാൻ സാധ്യതയുണ്ട്. മാഗ്നൈറ്റ്, എക്സ്-ട്രെയൽ എന്നീ രണ്ട് മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ നിസാനുള്ളത്. ഇതിൽ മാഗ്നൈറ്റ് മാത്രമാണ് കാര്യമായി വിൽക്കുന്നത്. കഴിഞ്ഞമാസം ഒരു എക്സ്-ട്രെയൽ പോലും കമ്പനിക്ക് വിൽക്കാൻ സാധിച്ചിട്ടില്ല.
സെഡാനുകളായ അമേസ്, സിറ്റി, കോംപാക്ട് എസ്യുവിയായ എലിവേറ്റ് എന്നിവയാണ് ഇന്ത്യയിലെ ഹോണ്ട മോഡലുകൾ. ഇരു കമ്പനികളും ഒന്നാകുന്നതോടെ കൂടുതൽ മോഡലുകൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ മിത്സുബിഷിയുടെ വാഹനങ്ങൾക്കും വലിയ ആരാധകരാണുള്ളത്
Adjust Story Font
16