Quantcast

മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി എം.വി.ഡി; പ്രതിഷേധവുമായി വാഹന പ്രേമികൾ

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ എം.വി.ഡിയുടെ പോസ്റ്റിനു കീഴിൽ പലതരം സംശയങ്ങളും ചോദ്യങ്ങളുമാണ് വാഹനപ്രേമികൾ ഉന്നയിക്കുന്നത്.

MediaOne Logo

  • Published:

    9 Sep 2020 6:23 AM GMT

മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി എം.വി.ഡി; പ്രതിഷേധവുമായി വാഹന പ്രേമികൾ
X

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയ കാര്യം ഫേസ്ബുക്കിലിട്ട മോട്ടോർ വാഹന വകുപ്പിന് പൊങ്കാലയുമായി വാഹനപ്രേമികൾ. KL 17 R 80 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള വാഹനത്തിനെതിരെ മൂവാറ്റുപുഴ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ നടപടിയെടുത്ത കാര്യമാണ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

രൂപമാറ്റം വരുത്തിയ ഇസുസു വി ക്രോസ് വാഹനത്തിന്റെ ചിത്രം സഹിതമുള്ള പോസ്റ്റിൽ, മോട്ടോർ വാഹന നിയമം സെക്ഷൻ 53 (1) പ്രകാരമാണ് നടപടിയെന്നും ആറു മാസം അല്ലെങ്കിൽ അനധികൃത മാറ്റങ്ങൾ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നതു വരെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ആറു മാസത്തിനകം പഴയപടിയാക്കിയില്ലെങ്കിൽ സെക്ഷൻ 54 പ്രകാരം രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കുമെന്നും എം.വി.ഡി മുന്നറിയിപ്പ് നൽകുന്നുണ്ട്.

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ എം.വി.ഡിയുടെ പോസ്റ്റിനു കീഴിൽ പലതരം സംശയങ്ങളും ചോദ്യങ്ങളുമാണ് വാഹനപ്രേമികൾ ഉന്നയിക്കുന്നത്. വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന കാലഹരണപ്പെട്ട നിയമമാണെന്നും, അപകടമുണ്ടാക്കാത്ത വിധമുള്ള മോഡിഫിക്കേഷൻ അനുവദിക്കണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. വിൻഡോ ഗ്ലാസിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് മുതൽ വേഗത അടക്കമുള്ള കാര്യങ്ങളിൽ പൊതുജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും രണ്ട് നിയമമാണ് അധികൃതർ നടപ്പിലാക്കുന്നതെന്നും, സർക്കാർ വാഹനങ്ങൾ വരെ നിയമം ലംഘിക്കുന്നത് പതിവാണെന്നുമുള്ള വിമർശനങ്ങളും പലരും ഉന്നയിക്കുന്നു.

"ഒരു വണ്ടി മോഡിഫിക്കേഷൻ ചെയ്യാനുള്ള ബുദ്ധിയും ക്രിയേറ്റിവിറ്റിയും അംഗീകരിക്കണം . ആ വണ്ടിക്ക് ഇണങ്ങുന്ന രീതിയിൽ മാർക്കറ്റിൽ ലഭ്യമല്ലാത്ത പാർട്ട്സുകൾ ഉണ്ടാക്കി രൂപകൽപ്പന ചെയ്ത എഞ്ചിനീയറിംഗ് ബുദ്ധിക്ക് ഓട്ടോമൊബൈൽ എഞ്ചിനീയറിംങ്ങ് യോഗ്യതയുള്ള നിങ്ങൾ വേണ്ട പരിശോധനകൾ നടത്തി മോഡിഫൈഡ് കാറ്റഗറിയിൽ പെടുത്തി അംഗീകാരവും പ്രശംസയും നൽകണം. ജനങ്ങൾ ആഗ്രഹിക്കുന്നത് വികസന മനോഭാവമുള്ള ,കാലത്തിനും വളരുന്ന സാങ്കേതികവിദ്യക്കും ഒപ്പം സഞ്ചരിക്കുന്ന ഒരു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിനെ ആണ്.
നിങ്ങൾ ഫൈൻ വാങ്ങി കൂട്ടാൻ വേണ്ടി വാങ്ങുന്ന മെഷീനുകൾ മാത്രം ആധുനികവൽക്കരിച്ചാൽ പോര, ഈ വകുപ്പിലെ ജാംബവാൻ യുഗത്തിലെ മന:സ്ഥിതി കൂടി മാറ്റാൻ തയ്യാറാകണം. ഈ നടപടിയിൽ ജനത്തിൻ്റെ ഭാഗത്ത് നിന്ന് പിന്തുണയും കയ്യടിയും പ്രതീക്ഷിക്കരുത്."
- റൈഡറും സംരംഭകനുമായ ഷാജു ലാല്‍ പറയുന്നു.

പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾക്ക് അപകടം വരുത്തുന്ന വിധമുള്ള അവസ്ഥയിലാണെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യാമെന്നാണ് മോട്ടോർ വാഹന നിയമം 1988 ലെ 53 (എ) വകുപ്പിൽ പറയുന്നത്. നിർമാതാക്കൾ പുറത്തിറക്കിയതിൽ നിന്ന് ഒരു ഭേദഗതിയും വാഹനത്തിന് വരുത്താൻ പാടില്ലെന്ന് 2019 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, മോഡിഫിക്കേഷൻ ചെയ്യുന്ന ആഢംബര വാഹനങ്ങളെ യാത്രാ വാഹനങ്ങളുമായി താരതമ്യം ചെയ്യരുതെന്നും, അടിസ്ഥാന രൂപത്തിന് മാറ്റം വരുത്താതെ വാഹനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിഷ്‌കരണങ്ങളാണ് നടപ്പിൽ വരുത്തുന്നതെന്നും വാഹനപ്രേമികൾ പറയുന്നു. ആഢംബര വാഹനങ്ങൾ പിടിച്ചെടുക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഇടുക്കി ആസ്ഥാനമായുള്ള അഡ്വഞ്ചർ സ്‌പോർട്‌സ് ക്ലബ്ബിലെ അംഗങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.

TAGS :

Next Story