Quantcast

89ഇൽ ഉല്പാദനം നിർത്തി, 30 കൊല്ലം കഴിഞ്ഞിട്ടും പൊന്നും വില; ഇത് ഇന്ത്യൻ റോഡുകളിലെ ഇരട്ടചങ്കൻ ആർ.ഡി 350

പെർഫോമൻസ് ബൈക്കുകൾക്കിടയിലെ ഇതിഹാസമായി അവതരിച്ച ഈ ടൂ സ്ട്രോക്കിന് പകരക്കാരനാകാൻ ഇന്ത്യൻ നിരത്തുകളിൽ ആർക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം

MediaOne Logo

  • Published:

    16 Nov 2020 10:04 AM GMT

89ഇൽ ഉല്പാദനം നിർത്തി, 30 കൊല്ലം കഴിഞ്ഞിട്ടും പൊന്നും വില; ഇത് ഇന്ത്യൻ റോഡുകളിലെ ഇരട്ടചങ്കൻ ആർ.ഡി 350
X

ടൂ സ്ട്രോക്കുകളിലെ ഇതിഹാസം, പെർഫോമൻസ് ബൈക്കുകളുടെ തമ്പുരാൻ...അങ്ങനെ വിശേഷണങ്ങളേറെയാണ് യമഹ 1983ഇൽ ഇന്ത്യൻ നിരത്തുകൾക്ക് പരിചയപ്പെടുത്തിയ ഈ ഇരട്ടചങ്കന്.

ആർ.ഡി 350, അതായിരുന്നു പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ വേഗത്തിലെത്താൻ ഏഴു സെക്കന്റ് മാത്രം വേണ്ടിയിരുന്ന ഈ കരുത്തന്റെ പേര്.160 കിലോമീറ്ററിലധികം ടോപ് സ്പീഡ് ഉണ്ടായിരുന്ന ഈ വാഹനം യുവാക്കളെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ടാകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതുവരെ ഇന്ത്യയിൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച പെർഫോമൻസ് ബൈക്കായിരുന്നു ആർ‍.ഡി 350. രാജ് ദൂത് മോട്ടോർസൈക്കിളുകൾ ഇറക്കിയിരുന്ന എസ്‌കോട്സ് ഗ്രൂപ്പ് 1983ൽ ജപ്പാനിൽ നിന്നുള്ള യമഹയുമായി കൈകോർത്തതിന് പിന്നാലെയാണ് ആർ.ഡി 350 ഇന്ത്യൻ വിപണിയിലിറങ്ങുന്നത്.

സുസുക്കി, ഹാര്‍ലി, കാവാസാക്കി തുടങ്ങിയ വമ്പന്മാർ റോഡ് കീഴടക്കിയിരുന്ന സമയത്താണ് 1973ല്‍ ചെറിയൊരു ബൈക്കുമായി യമഹ വരുന്നത്. ആദ്യം പലരും നെറ്റിചുളിച്ചെങ്കിലും ആ 350 സി സി ടു സ്ട്രോക് ടോയ് ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.ആർ. ഡി 350യുടെ വരവ് ടു സ്ട്രോക്ക് ബൈക്കുകളുടെ ചരിത്രം തിരുത്തിക്കുറിച്ചുവെന്ന് തന്നെ പറയാം.

ടൂ സ്ട്രോക്ക് പാരലൽ ട്വിൻ എൻജിൻ, മിക്വിനിയുടെ ഇരട്ട കാർബറേറ്റർ ഉപയോഗിച്ചുള്ള എൻജിൻ, ട്വിൻ സിലിണ്ടർ, റീഡ് വാൽവോടുകൂടിയ ടോർക്ക് ഇൻഡക്‌ഷൻ സിസ്റ്റം, തീ തുപ്പുന്ന ഇരട്ട സൈലൻസർ, വിരിഞ്ഞ ഹാൻഡിൽ ബാർ, 12 വോൾട്ടിന്റെ ശക്തിയേറിയ ഇലക്ട്രിക്കൽ യൂണിറ്റുകൾ, ലൈറ്റുകൾ, ദൃഢത ഏറിയ ടയറുകൾ, സസ്പെൻഷനുകൾ.

ആറ് സ്പീ‍ഡ് ട്രാൻസ്മിഷൻ ഗിയർ. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4 സെക്കൻഡ്, 100ലെത്താൻ 7 സെക്കൻഡ്..! തുടങ്ങി എല്ലാം ചേർന്ന അക്ഷരാർത്ഥത്തിൽ ഒരു കില്ലർ മെഷീൻ എന്ന് വിളിക്കാവുന്ന തരത്തിലാണ് ആർ.ഡി 350 അവതരിക്കപ്പെട്ടത്.

1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയിലാണ് യമഹ ഈ 350 സി.സി ബൈക്ക് പുറത്തിറക്കിയത്. മലിനീകരണ നിയന്ത്രണങ്ങൾ മൂലം 1975 ൽ ബൈക്കിന്റെ ഉത്പാദനം യമഹയ്ക്ക് നിർത്തേണ്ടി വന്നു. പിന്നീട് 1983ൽ എസ്‌കോട്സ് ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ ആർ.ഡി 350 ബി എന്ന പേരിൽ ഇതേ വണ്ടി വീണ്ടും ഇറക്കുകയായിരുന്നു. ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ആർഡി 350 യുടെ നേരെ പകർപ്പ് തന്നെയിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങിയ ആർഡി 350 ബി.

ടു സ്ട്രോക്ക് ട്വിൻ സിലിണ്ടർ മോട്ടർസൈക്കിളായ ആർ.ഡി 350യുടെ പൂർണരൂപം 'റേസ് ഡിറേവ്ഡ് 350' എന്നാണ്. ജപ്പാനിൽ ഒറ്റ മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇന്ത്യയിൽ ഹൈ ടോർക്ക്, ലോ ടോർക്ക് മോഡലുകളുമുണ്ടായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ ആളുകൾ കൂടുതൽ ഇന്ധന ക്ഷമതയുള്ള വാഹനങ്ങളിലേക്ക് തിരിയുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആർ.ഡി 350 എന്ന വാഹനം അവതരിക്കപ്പെടുന്നത്. ഹീറോ ഹോണ്ടയുടെ സി.ഡി 100 പോലെ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ ആയിരക്കണക്കിനും, പതിനായിരക്കണക്കിനും വിറ്റഴിഞ്ഞു കൊണ്ടിരുന്ന മാർക്കറ്റിലേക്ക് എത്തപ്പെട്ട ആർ.ഡി 350ക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. 347 സിസി എൻജിനും 30.5 ബി.എച്ച്.പി കരുതുമുള്ള വണ്ടിക്ക് എത്ര മൈലേജ് കിട്ടുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

പിന്നീട് കൂടുതൽ മൈലേജ് കിട്ടുന്നതിനായി 1985 നു ശേഷം 'ലോ ടോർക്ക്' എന്ന പേരിൽ ഒരു മോഡൽ കൂടി ആർ.ഡി 350 ഇറക്കി നോക്കി. എക്സോ സ്പോട്ടുകളുടെ വലിപ്പം കുറച്ചുകൊണ്ട് 27 ബി.എച്ച്.പി ആക്കി പവർ കുറച്ചുകൊണ്ട് ആയിരുന്നു ലോ ടോർക്ക് മോഡൽ പുറത്തിറങ്ങിയത്. എന്നാൽ ലോ ടോർക്ക് മോഡലിനും പറഞ്ഞതു പോലെ കൂടുതൽ ഇന്ധന ക്ഷമതയൊന്നും കൈവരിക്കാൻ സാധിച്ചില്ല.

ഈ 347 സി.സി വാഹനത്തിന്റെ പവർ കൈകാര്യം ചെയ്യാൻ തന്നെ അന്നത്തെ കാലത്തെ ഇന്ത്യൻ റോഡുകളിൽ പലർക്കുമായില്ലെന്നതാണ് മറ്റൊരു സത്യം. ഉയർന്ന ബി.എച്ച്.പി കരുത്തിൽ കുതിക്കുന്ന 347 സി.സി വാഹനത്തെ മെരുക്കാൻ നല്ലൊരു പങ്ക് യുവാക്കൾക്കും ആയില്ല.അതുകൊണ്ട് തന്നെ ആർ.ഡി 350 അപകട സാധ്യത കൂടുതലുള്ള ബൈക്ക് എന്ന ചീത്തപ്പേരും കേൾപ്പിച്ചു. ആർ.ഡി യുടെ പൂർണരൂപം 'റേസിങ് ഡെത്ത്' ആണെന്ന് വരെയുള്ള അപവാദങ്ങൾ ഈ വണ്ടിയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ത്യൻ നിരത്തുകളിൽ ഇത്രയും കരുത്തനായ ബൈക്കിനെ നിയന്ത്രിക്കാൻ ഡ്രൈവ് ചെയുന്നവർക്ക് കഴിയാതെ പോയതായിരുന്നു ഈ ചീത്തപേരിനെല്ലാം കാരണം.

അങ്ങനെ ഇന്ധനക്ഷമത ഇല്ലായ്മയും റോഡുകളിലെ അപകട നിരക്കും മൂലം ആർ.ഡി യെ ഇന്ത്യൻ വിപണി പതിയെ കയ്യൊഴിഞ്ഞു. 1989ഇൽ ആയിരുന്നു അവസാന ആർ.ഡി 350യുടെ നിർമാണം. പിന്നീട് യമഹ ആർ.എക്സ് 100 എന്ന ലെജന്റിന്റെ പിറകെയായിരുന്നു. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമായ കരുത്തുറ്റ കുഞ്ഞൻ വിപണി കീഴടക്കുകയും ചെയ്തു. പോക്കറ്റ് റോക്കറ്റ് എന്നാണ് അന്ന് കാലത്ത് ആർ.എക്സ് 100 അറിയപ്പെട്ടിരുന്നത്. അങ്ങനെ യമഹ തന്നെ ആർ.ഡി 350യെ മറന്നു തുടങ്ങി.

തിരിച്ചുവരവ്

ഇതിനെല്ലാം ശേഷം രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ആർ.ഡി 350 എന്ന ബൈക്കിന് ഒരു കൾട്ട് സ്റ്റാറ്റസ് ലഭിക്കുകയും, വണ്ടി പ്രാന്തന്മാർ ഈ ബൈക്കിനെ ക്കുറിച്ച് അറിയാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത്. ബൈക്കിന്റെ ശെരിയായ മൂല്യം മനസിലാക്കിയവർ അതിനെ സംരക്ഷിക്കുകയും റീസ്റ്റോർ ചെയ്തെടുക്കുകയും ചെയ്തത്തോടെ ആർ.ഡിയുടെ തലവര മാറി.

വിപണിയിലിറങ്ങുമ്പോൾ മൂപ്പതിനായിരം മാത്രം വിലയുണ്ടായിരുന്ന ആർ.ഡി 350ക്ക് ലക്ഷങ്ങൾ വിലയായി. മോഹവില കൊടുത്ത് വാങ്ങാൻ ആളുകളുണ്ടായി. ഹൈ ടോർക്ക് വേർഷ്യന് ഇന്ന് മാർക്കറ്റിൽ മൂന്ന് ലക്ഷത്തിനും മുകളിലാണ് വില. ഒറിജിനൽ കേരള രജിസ്ട്രേഷനിലുള്ള ആർ.ഡി 350കൾക്ക് നാല് ലക്ഷത്തിനും മുകളിലാണ് വിപണിവില. അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാമല്ലോ ആർ.ഡി 350 എന്ന ട്വിൻ സിലിണ്ടർ ടൂ സ്ട്രോക്ക് വാഹനത്തിന്റെ താരമൂല്യത്തെയും ആരാധകവൃന്ദത്തെയും.

പഴയ ഇന്ത്യൻ റോഡുകളുടെ അവസ്ഥയും, ഇത്രയും പവർഫുൾ ആയ വണ്ടിയെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കുറവുമായിരുന്നു അന്ന് ആർ. ഡി 350 പരാജയപ്പെടാൻ കാരണം. എന്നാൽ ഈ ടൂ സ്ട്രോക്ക് മെഷീനിന്റെ ശെരിയായ കരുത്ത് ആളുകൾ മനസിലാക്കിയതോടെ ഉല്പാദനം നിലച്ച് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജകീയമായ തലയെടുപ്പോടെ നിവർന്നു നിൽക്കുകയാണ് ആർ.ഡി 350. പെർഫോമൻസ് ബൈക്കുകൾക്കിടയിലെ ഇതിഹാസമായി അവതരിച്ച ഈ ടൂ സ്ട്രോക്കിന് പകരക്കാരനാകാൻ ഇന്ത്യൻ നിരത്തുകളിൽ ആർക്കും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.

TAGS :

Next Story